Sat. Nov 21st, 2026

ഹെലികോപ്റ്റർ യാത്രയ്ക്ക് ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ആകാശയാത്ര വിവാദമാക്കേണ്ട കാര്യമില്ലെന്നും ഇതൊക്കെ സാധാരണ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായിരിക്കുമ്പോൾ ഇത്തരം യാത്രകൾ ആവശ്യമായിരിക്കുമെന്നും ഇനിയും ഇത്തരം യാത്രകൾ വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ആകാശയാത്രയെ വിമർശിക്കുന്ന യു.ഡി.എഫ് നേതാക്കൾ മുമ്പ് നിങ്ങളുടെ മുഖ്യമന്ത്രി ഇടുക്കിയിലേക്ക് നടത്തിയ ഹെലികോപ്‌റ്റർ യാത്ര കൂടി പരിശോധിക്കണമെന്നും അന്നത്തെ യാത്രയും ദുരന്ത നിവാരണ ഫണ്ടിൽ നിന്നും പണമെടുത്തായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ വിമർശിക്കുന്ന ബി.ജെ.പി നേതാക്കൾ കേന്ദ്രത്തിലെ കാര്യം ഒന്നു നോക്കിയാൽ മതിയെന്നും പിണറായി വ്യക്തമാക്കി.

അതേസമയം ഹെലികോപ്റ്റർ യാത്രയ്ക്ക് പണം ദുരന്തനിവാരണ ഫണ്ടിൽ നിന്നും അനുവദിച്ചത് വിവാദമായതിനെ തുടർന്ന് ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് റദ്ദാക്കിയിരുന്നു. പണം വക മാറ്റിയത് അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തൃശൂർ പാർട്ടി സമ്മേളനത്തിൽ നിന്നും തിരുവനന്തപുരത്തേക്കും അവിടെ നിന്നും സമ്മേളനത്തിലേക്കുമുള്ള യാത്രയ്ക്കുമാണ് ദുരന്തനിവാരണ ഫണ്ടിൽ നിന്നും തുക നൽകാൻ ഉത്തരവിട്ടത്.

ഡിസംബർ 26ന് നടത്തിയ യാത്രയ്ക്കായി 13 ലക്ഷം രൂപയാണ് ഹെലികോപ്റ്റർ കമ്പനി ആവശ്യപ്പെട്ടത്. എന്നാൽ വിലപേശി പിന്നീട് അത് എട്ട് ലക്ഷമാക്കുകയായിരുന്നു. ഈ മാസം ആറിന് റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എം. കുര്യൻ ആണ് പണം നൽകുന്നത് സംബന്ധിച്ച ഉത്തരവിറക്കിയത്.