Fri. Nov 20th, 2026

ജീവനക്കാര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി എസ്ബിഐ. തലമുടി ചീകണം, താടി വടിക്കണം, ജോലി സമയത്ത് ഏമ്പക്കം വിടരുത് എന്നിങ്ങനെയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ളത്.

യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ ഏമ്പക്കം വിടുന്നത് മറ്റുള്ളവര്‍ക്ക് അരോചകമാകുന്നുവെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു. ഒപ്പം നാടന്‍ ഭാഷയില്‍ സംസാരിക്കുന്നതിനും വിലക്കുണ്ട്.

എന്ത് ധരിക്കണം എങ്ങനെ നടക്കണം തുടങ്ങിയുള്ള വിശദമായ മാര്‍ഗ രേഖയാണ് ബാങ്ക് പുറത്ത് വിട്ടിരിക്കുന്നത്. ജീവനക്കാര്‍ക്ക് ചില ആനുകൂല്യങ്ങള്‍ അനുവദിക്കുകയും ഉപഭോക്താക്കളുടെ മേലുള്ള ഭാരം കുറയ്ക്കാന്‍ ശ്രമം തുടങ്ങുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് ഏമ്പക്കം വിടരുത് എന്നത് ഉള്‍പ്പെടെയുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ ബാങ്കിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.

ഉപഭോക്താക്കളുമായി ഇടപെടുന്ന സമയത്ത് ടൈ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണംഅതുപോലെ പാന്റ്‌സിന്റെ നിറത്തിന് യോജിച്ച സോക്‌സ് വേണം ധരിക്കാനെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

വ്യക്തിശുചിത്വം പാലിക്കണം, ഓഫീസില്‍ വായ്‌നാറ്റവും ശരീര ദുര്‍ഗന്ധവും ഇല്ലാതെ വേണം ഇരിക്കാന്‍, ഓഫീസില്‍ സ്ലിപ്പര്‍ വേണ്ട ഷൂ മതി, അതും വൃത്തിയായി വെക്കണം. ബെല്‍റ്റും ഷൂസും ഒരേ നിറത്തിലുള്ളതാണ് ധരിക്കുന്നതാണ് നല്ലതെന്നും നിര്‍ദേശത്തില്‍ പറയുന്നു.