സൈനിക വേഷത്തിൽ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയും കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സൈന്യത്തെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചയാൾ പത്തനംതിട്ട സ്വദേശിയായ ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥനാണെന്ന് പ്രാഥമിക വിവരം.
അന്വേഷണത്തിൽ പത്തനംതിട്ട കടമ്മനിട്ട സ്വദേശിയായ കെ.എസ്. ഉണ്ണി എന്നയാളാണ് വിഡിയോ പോസ്റ്റ് ചെയ്തതെന്ന് വ്യക്തമായെന്ന് സൈബർ പൊലീസ് അറിയിച്ചു. ഇയാളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ ആൾമാറാട്ടം, പൊതുജനശല്യം എന്നിവയ്ക്ക് ഐ.പി.സി 505, 118 ഡി തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഇത്തരം സംഭവങ്ങൾക്കെതിരേ കർശന നടപടിയുണ്ടാകുമെന്നു ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നയാൾ സൈനികനല്ലെന്ന് കരസേനാ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഒഫ് പബ്ലിക് ഇൻഫർമേഷൻ അറിയിച്ചിരുന്നു. ഇപ്പോഴത്തെ ദുരിതത്തെ മറികടക്കാനാണ് ഇന്ത്യൻ സൈന്യം ഓരോ നിമിഷവും ശ്രമിക്കുന്നത്. ഇതിനിടയിൽ കരസേനയുടെ പേരിൽ തെറ്റിദ്ധാരണ നടത്തിയത് ശ്രദ്ധയിൽ പെട്ടു. ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.
സൈനിക വേഷത്തിൽ ഇയാൾ നടത്തിയ പ്രസ്താവനകൾ സംസ്ഥാനത്ത് ഏറെ വിവാദമുണ്ടായിക്കിയുരുന്നു. സംസ്ഥാന ഭരണം നഷ്ടമാകുമെന്ന് ഭയന്ന് പിണറായി വിജയനും കൂട്ടരും സൈന്യത്തെ വിളിക്കാത്തതാണെന്നും സൈന്യത്തിന്റെ പ്രവർത്തനങ്ങളെപ്പറ്റി സർക്കാരിന് ഒന്നുമറിയില്ലെന്നുമായിരുന്നു ഇയാളുടെ പ്രസ്താവന. രക്ഷാപ്രവർത്തനം പൂർണമായും സൈനികരെ ഏൽപ്പിക്കാനാവില്ലെന്ന് പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വ്യക്തിപരമായി അധിക്ഷേപിച്ച ഇയാൾ സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉയർത്തിയത്. യാഥാർത്ഥ്യം മനസിലാക്കാതെ നിരവധി പേർ ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തിരുന്നു.