പറവൂർ കുത്തിയത്തോട് സെന്റ് സേവ്യേഴ്സ് പള്ളിമേട ഇടിഞ്ഞുണ്ടായ അപകടത്തിൽ നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ഇതോടുകൂടി അപകടത്തിൽ മരിച്ച ആറുപേരുടെയും മൃതദേഹങ്ങൾ കണ്ടുകിട്ടി.
കൊച്ചൗസേപ്പ്, ജോമോൻ, പൗലോസ് എന്നിവരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച കണ്ടെടുത്തത്. ഒരാളെ തിരിച്ചറിയാനായിട്ടില്ല. പനയ്ക്കൽ ജെയിംസ്, ശൗരിയാർ എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച പുറത്തെടുത്തത്. സൈനികരും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്.
പ്രളയത്തിൽ അഭയം തേടി പള്ളിമേടയിൽ തങ്ങിയവരുടെ മേലാണ് നനഞ്ഞുകുതിർന്ന കെട്ടിടം തകർന്നു വീണത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കകയാണ്.