Sat. Nov 21st, 2026

ആഭിചാര കൂട്ടക്കൊല കേസിലെ പ്രതികൾ സ്ത്രീകളുടെ മൃതദേഹങ്ങളോട് അനാദരവ് കാട്ടിയതായി പൊലീസ്. കൃത്യം നടത്തിയശേഷമാണ് അനാദരവ് കാട്ടിയതെന്നാണ് ഇവരെ ചോദ്യം ചെയ്തതിൽ പൊലീസിന് കിട്ടിയ വിവരം. ഇതേക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷിക്കുന്നുണ്ട്. ഇന്നലെ കേസിലെ മുഖ്യപ്രതി അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കൊല ചെയ്യപ്പെട്ട കൃഷ്ണന്‍റെ ഭാര്യയും മകളും ലൈംഗിക പീഡനത്തിനിരയായിരുന്നതായി പൊലീസ്. പറഞ്ഞു. അമ്മയെയും മകളെയും മാനഭംഗപ്പെടുത്തിയതായി അറസ്റ്റിലായ പ്രതി ലിബീഷാണ് പൊലീസിന് മൊഴി നല്‍കിയത്. ഇതോടെ പ്രതികളുടെപേരില്‍ കൊലപാതകത്തിനു പുറമേ മാനഭംഗത്തിനും കേസെടുത്തു. പ്രതികളുടെ ആക്രമണ ത്തിനിരയായി മൃതപ്രായരായി കിടക്കുമ്പോഴായിരുന്നു പ്രതികള്‍ ഇത്തരത്തില്‍ പെരുമാറിയതെന്ന് പൊലീസ് പറയുന്നു.

നേര്യമംഗലത്ത് നിന്നാണ് കേസിലെ ഒന്നാം പ്രതിയായ അനീഷിനെ പോലീസ് പിടികൂടിയത്. കൃത്യത്തില്‍ അനീഷിന്റെ സഹായിയായി പ്രവര്‍ത്തിച്ച ലിബീഷ് നേരത്തേ തന്നെ പൊലീസ് പിടിയിലായിരുന്നു. കൊല്ലപ്പെട്ട കൃഷ്ണന്റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന അനീഷ് ഏതാനും നാളായി നാട്ടിലെത്തി പെയിന്റിങ് തൊഴിലാളിയായി പോവുകയായിരുന്നു.

കൊലപാതകം നടന്ന ദിവസം ടൈല്‍ ജോലിക്കെന്നു പറഞ്ഞാണു വീട്ടില്‍നിന്നും പോയത്. പിറ്റേന്നും ഇയാള്‍ വീട്ടില്‍ വരാതിരുന്നതിനാലാണ് പോലീസിനു തെളിവുകളിലേക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞത്. മൊെബെല്‍ ഫോണ്‍ ഉപേക്ഷിച്ചാണ് അനീഷ് കടന്നത്. പോലീന്റെ കയ്യില്‍ കിട്ടിയ അനീഷ് ഉപയോഗിച്ചിരുന്ന മൊെബെല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും കഴിഞ്ഞ ഫെബ്രുവരി 26നാണ് അവസാനമായി കൃഷ്ണനും അനീഷും പരസ്പരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി.

കഴിഞ്ഞയാഴ്ച കൊല നടത്തിയശേഷവും ഇയാള്‍ ഒരുദിവസം അടിമാലി മേഖലയില്‍ പെയിന്റിങ് ജോലിക്കെത്തിയിരുന്നു. ബൈക്കില്‍ പതിവായി രാവിലെ വീട്ടില്‍നിന്നും പോകുന്ന അനീഷ് രാത്രിയാണു തിരികെ വീട്ടിലെത്തിയിരുന്നത്. സംഭവങ്ങള്‍ പുറംലോകം അറിഞ്ഞതിന്റെ പിറ്റേന്നാണു കൊരങ്ങാട്ടിയിലെ ഇയാളുടെ വീട്ടില്‍ പൂജ നടത്തിയത്. പിടിയിലായ ലിബീഷും പൂജയില്‍ പങ്കെടുത്തിരുന്നു. കൊലപാതകക്കേസില്‍ പിടിയിലാകാതിരിക്കാനാ യിരുന്നു പ്രത്യേക പൂജ സംഘടിപ്പിച്ചത്.

രണ്ടുദിവസമായി കൊരങ്ങാട്ടി, മാങ്കുളം, പ്ലാമലക്കുടി മേഖലകളില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നെങ്കിലും അനീഷിനെ കണ്ടെത്താനായിരുന്നില്ല. കാട്ടാനകളുടെ ആക്രമണ സാധ്യതയുള്ള മേഖലയായതിനാലും വനാന്തരങ്ങളില്‍ പുറംലോകവുമായി ബന്ധപ്പെടാന്‍ മൊെബെല്‍ റേഞ്ച് കിട്ടാത്തതും സംഘത്തിനു തിരിച്ചടിയായെങ്കിലും പ്ലാമലക്കുടിക്കു സമീപം ആനക്കാടിനടുത്തായി അനീഷിന്റെ കുടുംബത്തിനുണ്ടായിരുന്ന കൃഷിഭൂമിയടക്കം പോലീസ് നിരീക്ഷിച്ചിരുന്നു.

കഴിഞ്ഞദിവസം അറസ്റ്റിലായ തൊടുപുഴ കീരികോടി സാലിഭവനിൽ ലിബീഷ് ബാബുവിനെ (28) അഞ്ചു ദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തു. ഇന്ന് ലിബീഷുമായി തെളിവെടുക്കും. കമ്പകക്കാനം സ്വദേശി കൃഷ്ണൻ (52), ഭാര്യ സുശീല (50), മകൾ ആർഷ (21), മകൻ അർജുൻ (18) എന്നിവരെ തലയ്ക്കടിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലാണ് ഇവർ അറസ്റ്റിലായത്. അനീഷിനെ ഇന്നലെ നേര്യമംഗലത്തെ ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് തൊടുപുഴ ഡിവൈ.എസ്.പി കെ.പി.ജോസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ലിബീഷാണ് ഇരുവരുടെയും മൃതദേഹങ്ങളിൽ നിന്ന് സ്വർണാഭരണങ്ങൾ ഊരിയെടുത്തത്. കേസിൽ തങ്ങൾ ഒരിക്കലും പിടിക്കപ്പെടില്ലെന്നാണ് ഇവർ കരുതിയത്. കോഴിയെ വെട്ടി ആഭിചാര ക്രിയകൾ നടത്തിയതിനാൽ ഇവരുടെ ചെയ്തികൾ തെളിഞ്ഞുവരില്ലെന്നും മറ്റാരെയെങ്കിലും പ്രതികളാക്കി കേസ് തേച്ചുമാഞ്ഞുപോവുമെന്നാണ് കരുതിയതെന്നും അനീഷ് പൊലീസിനോട് പറഞ്ഞു.

കുറച്ചുനാളായി തന്റെ മാന്ത്രിക വിദ്യ ഫലവത്താവുന്നില്ലായെന്നും അനീഷ് പൊലീസിനോട് പറഞ്ഞു. അതേസമയം, കൊല്ലത്ത് സീരിയൽ നടി ഉൾപ്പെട്ട കള്ളനോട്ട് സംഘത്തെ കൊല്ലപ്പെട്ട കൃഷ്ണന് പരിചയമുണ്ടായിരുന്നുവെന്ന് അറിയുന്നു. സീരിയൽ നടിയുടെ കൊല്ലത്തുള്ള വീട്ടിൽ കൃഷ്ണൻ പലതവണ മന്ത്രവാദങ്ങൾക്കും മറ്റും പോയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ, കൊലപാതകവുമായി കള്ളനോട്ട് സംഘത്തിന് ബന്ധമില്ലെന്ന് ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാൽ പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.