Mon. Nov 23rd, 2026

എഴുത്തുകാരന്‍ എസ് ഹരീഷിനു നേരെ സംഘപരിവാര്‍ നടത്തുന്ന ആക്രമണം ഉടനടി അവസാനിപ്പിക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. പുതിയ തലമുറയിലെ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരന്‍ എസ് ഹരീഷ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്ന മീശ എന്ന നോവല്‍ പിന്‍വലിക്കേണ്ടി വന്നത് കേരളത്തിന് അപമാനമാണ്. ഹരീഷിന്റെ നോവലില്‍ ഒരു കഥാപാത്രം പറയുന്ന സംഭാഷണം അപമാനകരമാണ് എന്ന് ആരോപിച്ചാണ് എഴുത്തുകാരനു നേരെ ആക്രമണം ഉണ്ടായത്. ഈ നോവലിലെ പരാമര്‍ശങ്ങള്‍ സമൂഹവികാരങ്ങളെ വ്രണപ്പെടുത്തുന്നതിനാല്‍ പിന്‍വലിച്ച് മാപ്പു പറയണമെന്നാണ് മാതൃഭൂമി പത്രാധിപര്‍ക്കയച്ച കത്തില്‍ യോഗക്ഷേമ സഭയുടെ പേരില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ എഴുത്തുകാരനെതിരായ നീക്കത്തില്‍ യോഗക്ഷേമസഭയെ ഒരു ഉപകരണമായി ഹിന്ദുത്വവര്‍ഗീയവാദികള്‍ ഉപയോഗിക്കുകയാണെന്നത് വ്യക്തമാണ്.തൃപ്പൂണിത്തുറയില്‍ മാതൃഭൂമിയുടെ പുസ്തകമേളയെ ആക്രമിച്ചത് ഹിന്ദു ഐക്യ വേദി എന്ന ആര്‍ എസ് എസ് സംഘടനയാണ്. യോഗക്ഷേമസഭ എന്ന വലിയ വിപ്ലവ പാരമ്പര്യമുള്ള, വിടി ഭട്ടതിരിപ്പാടിന്റെയും ഇഎംഎസിന്റെയും സംഘടനെയെ മുന്‍നിറുത്തി കേരളത്തിലെ സ്വതന്ത്ര ചിന്തയെ ഭീഷണിപ്പെടുത്താനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നത്. ഇതിന് നിന്നുകൊടുക്കരുതെന്ന് യോഗക്ഷേമസഭയുടെ നേതൃത്വത്തോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. കേരളത്തിലെ സാമൂഹ്യപരിഷ്‌കരണത്തിനും സ്വതന്ത്ര ചിന്തക്കും തീകൊളുത്തിയ സംഘടനയാണ് സഭ.