വടക്കൻ ഡൽഹിയിലെ ബുരാരിയിൽ ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയിൽ കണ്ടെത്തിയെ സംഭവത്തിൽ പൊലീസ് കൊലപാതകത്തിന് കേസെടുത്തു. മൂന്ന് പെൺകുട്ടികളുൾപ്പടെ ഏഴ് സ്ത്രീകളും നാല് പുരുഷൻമാരുമാണ് മരിച്ചത്. പത്തുപേർ തൂങ്ങിയും ഒരു വയോധിക തറയിൽ മരിച്ച നിലയിലുമാണുണ്ടായിരുന്നത്. ഒരാൾ മറ്റുള്ളവരെ കൊന്നശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് ആദ്യം പൊലീസ് സംശയിച്ചിരുന്നത്. എന്നാൽ വീട്ടിൽ നടത്തിയ തെരച്ചിലിൽ സാത്താൻ സേവയുമായി ബന്ധപ്പെട്ട ചില രേഖകൾ കിട്ടിയതാണ് നിർണായകമായത്.
രാജസ്ഥാനിലെ ചിറ്റോർഗഢിൽനിന്ന് ഇരുപതുവർഷം മുമ്പാണ് ബുരാരിലെ സാന്ദ് നഗറിലെ ഇരുനില വീട്ടിലേക്ക് കുടുംബം എത്തിയത്. പലചരക്ക് കടയും പ്ലൈവുഡ് വ്യാപാരവും നടത്തുന്ന ഇവർ എന്നും രാവിലെ ആറ് മണിക്കാണ് പതിവായി കട തുറക്കുന്നത്. ഞായറാഴ്ച രാവിലെ കട തുറക്കാത്തതിനാൽ അന്വേഷിച്ചെത്തിയ സമീപവാസിയാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് നടത്തിയ പരിശോധനയിൽ 11 പേരും മരിച്ചതായി കണ്ടെത്തി.
മിക്കവരുടെയും കണ്ണും കൈകളും കെട്ടിയിട്ടുണ്ട്. ഒരു സ്ത്രീയെ കഴുത്തറുത്ത് കൊല്ലപ്പെടുത്തിയ നിലയിലുമാണ്. കുടുംബം വളർത്തിയിരുന്ന നായ മാത്രമാണ് ജീവനോടെ ഉണ്ടായിരുന്നത്. എന്നാൽ കുടുംബം മരിച്ചിട്ടും നായ കുരക്കാത്തതാണ് പൊലീസിനെ സംശയത്തിനിടയാക്കിയത്. മാത്രവുമല്ല മരിച്ചവരുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടില്ലെന്നതും വീട് തുറന്നിട്ടതും സംശയങ്ങൾക്കിടയാക്കി.
തുടർന്ന് നടത്തിയ പരിശോധനയിലാണ് കുടുംബത്തിന് സാത്താൻ സേവയുമായി ബന്ധം തെളിയിക്കുന്ന കൈയ്യെഴുത്ത് രേഖകൾ ലഭിച്ചതെന്ന് പൊലീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. മരിച്ചവരുടെ കണ്ണും കൈകളും വായും ബന്ധിച്ചതും ഈ രേഖകളുമായും ബന്ധമുണ്ട്. ഇക്കാര്യവും നാട്ടുകാരുടെ മൊഴിയും കണക്കിലെടുത്താകും ഇനിയുള്ള അന്വേഷണമെന്നും പൊലീസ് കൂട്ടിച്ചേർത്തു.