ദിലീപിനെ അമ്മയിൽ തിരിച്ചെടുത്ത സംഭവത്തിൽ പ്രതിഷേധിച്ച് ഊർമിള ഉണ്ണി പങ്കെടുത്ത പരിപാടി ബഹിഷ്കരിച്ച് കോളേജ് വിദ്യാർത്ഥികളും. കാലിക്കറ്റ് ഇന്റർസോൺ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലെ കലാകാരൻമാരായ എട്ട് പേരാണ് ചടങ്ങ് ബഹിഷ്കരിച്ചത്.
അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഊർമിളയുടെ ഇടപെടൽ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാർഥികളുടെ ബഹിഷ്കരണം. നേരത്തെ എഴുത്തുകാരിയും അദ്ധ്യാപികയുമായ ദീപാ നിശാന്തും ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. താൻ ചെയ്തതിനേക്കാൾ പതിന്മടങ്ങ് മൂല്യവും പ്രഹര ശേഷിയുമുണ്ട് വിദ്യാർത്ഥികളുടെ തിരസ്കാരത്തിനെന്നായിരുന്നു ദീപയുടെ പ്രതികരണം.
ദീപ നിശാന്തിൻറെ ഫെയ്സ്ബുക്ക് കുറിപ്പിൽ നിന്നും
കാലിക്കറ്റ് സർവ്വകലാശാല ഇന്റർസോൺ കലോത്സവത്തിൽ നാടകത്തിൽ ഒന്നാം സ്ഥാനം നേടിയ സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലെ കുട്ടികളാണിവർ.. സ്ത്രീപക്ഷരാഷ്ട്രീയം ഉയർത്തിപ്പിടിച്ചു കൊണ്ട് ഇവരവതരിപ്പിച്ച ‘തൊട്ടപ്പൻ’ എന്ന നാടകമാണ് ഇവരെ പുരസ്കാരത്തിന് അർഹരാക്കിയത്. ഈ കുട്ടികളെ ഇന്ന് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പുരസ്കാരവേദിയിൽ അനുമോദിക്കാനിരിക്കുകയായിരുന്നു. ആ കുട്ടികളും ആ വേദി ബഹിഷ്കരിക്കുന്നതായി അറിഞ്ഞു.
ഞങ്ങൾ നിരസിക്കുന്നത് പുരസ്കാരത്തെയല്ല… സ്ത്രീവിരുദ്ധ നിലപാടുകളോടുള്ള, അതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നവരോടുള്ള എല്ലാ വ്യക്തികളോടുമുള്ള ഞങ്ങളുടെ വിയോജിപ്പ് ഞങ്ങൾക്ക് സാധിക്കും വിധം ഞങ്ങൾ അറിയിക്കുന്നു എന്നേയുള്ളൂ. അത് ഊർമ്മിള ഉണ്ണി എന്ന ഒറ്റ വ്യക്തിയോടുള്ള പ്രതിഷേധമല്ല.ജനപ്രതിനിധികൾ അടക്കം കൈക്കൊണ്ട മൗനങ്ങളോടുള്ള, വിണ്ണിലെ താരങ്ങളുടെ സ്ത്രീവിരുദ്ധ കൈയടികളോടുള്ള പ്രതിഷേധമാണിത്. നിസ്സഹായത കൊണ്ടും മറ്റ് ഗതികേടുകൾ കൊണ്ടുമാണ് പലരും മൗനം പാലിച്ചതെന്നറിഞ്ഞു.
അത് മനസ്സിലാക്കുന്നു.. അടിമ സമ്പ്രദായം നിരോധിച്ച കാലത്ത് കുറേ അടിമകൾക്കും ഇതേ നിസ്സഹായത ഉണ്ടായതായി കേട്ടിട്ടുണ്ട്.ഞങ്ങളിനി എന്തു ചെയ്യും? ഞങ്ങൾക്കിനി ആര് ഭക്ഷണം തരും? എന്ന ആവലാതികൾ പങ്കുവെക്കുന്നവരോട് എന്താണ് പറയുക? സ്വാതന്ത്ര്യമെന്തെന്ന് പ്രഖ്യാപിക്കുന്നതിനേക്കാൾ പ്രധാനമാണ് അതെന്താണെന്ന തിരിച്ചറിവ്.. ആ തിരിച്ചറിവ് നമുക്കുണ്ടായാലേ ആപെണ്ണുങ്ങളുടെ സമരം ആളിപ്പടരൂ. ആ സമരത്തെ വിജയിപ്പിക്കേണ്ടത് ഒരു സാമൂഹികബാധ്യത തന്നെയാണ്.. സ്ത്രീപീഡനം തീർത്തും സ്വാഭാവികമായ ഒരു മർദ്ദകോപാധിയും അധികാരപ്രയോഗത്തിനുള്ള ഉപകരണവുമായി മാറാതിരിക്കാൻ നമ്മൾ ജാഗ്രത പാലിച്ചേ മതിയാകൂ.
ആ കുട്ടികൾക്ക് എന്റെ ഹൃദയാഭിവാദ്യങ്ങൾ.. കേമന്മാരോമനിക്കുമ്പോഴും ചെവി വട്ടം പിടിച്ചു കൊണ്ടുള്ള ആ സാമൂഹികജാഗ്രതയ്ക്ക് നൂറു മുത്തങ്ങൾ…