ന്യൂഡൽഹി: വോട്ടർ പട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിപക്ഷ സഖ്യമായ ഇന്ത്യാ ബ്ലോക്ക് (INDIA Bloc) ഡൽഹിയിൽ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ജന്തർ മന്തറിലേക്ക് മാർച്ച് നടത്തിയ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വധ്ര എന്നിവരടക്കമുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്തുണ്ടായിരുന്ന മറ്റ് പ്രതിഷേധക്കാരെയും പോലീസ് വെറുതെ വിട്ടില്ല. പോലീസ് അവരെ ബസുകളിലേക്ക് വലിച്ചിഴക്കുകയും ഓടിക്കുകയും ചെയ്തു. പ്രിയങ്ക ഗാന്ധി റോഡിൽ കിടന്നാണ് പ്രതിഷേധിച്ചത്.

രാഹുല്‍ ഗാന്ധിയെ കൊണ്ടുപോകാനെത്തിയ ഒരു വാഹനത്തിന്റെ ടയര്‍ കോണ്‍ഗ്രസ് പവര്‍ത്തകര്‍ പഞ്ചറാക്കിയതിനെ തുടന്ന് മറ്റൊരു ബസിലേക്ക് രാഹുല്‍ ഗാന്ധിയെ മാറ്റിയാണ് പോലീസ് സ്റ്റേഷനിലെത്തിച്ചത്
വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഉയർന്ന ‘വോട്ട് ചോർച്ച’ വിഷയത്തിൽ ഇലക്ഷൻ കമ്മീഷൻ (Election Commission) ആസ്ഥാനത്തേക്ക് മാർച്ച് നടത്താൻ ശ്രമിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസവും രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആകാശ്‌വാണി ഭവന് മുന്നിൽ മണിക്കൂറുകളോളം ഇവർ ഉപരോധ സമരം നടത്തിയിരുന്നു. ഇതിന് തുടർച്ചയായാണ് രണ്ടാം ദിവസവും പ്രതിഷേധം ശക്തമാക്കിയത്.
സാഗർ രത്ന റെസ്റ്റോറന്റിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ചേർന്ന ഉച്ചഭക്ഷണ യോഗത്തിന് ശേഷമാണ് ജനപ്രതിനിധികളും നേതാക്കളും ജന്തർ മന്തറിലേക്ക് പുറപ്പെട്ടത്. എന്നാൽ മുൻകൂർ അനുമതി വാങ്ങാത്തതിനാൽ പ്രതിഷേധത്തിന് അനുമതിയില്ലെന്ന് കാണിച്ച് പോലീസ് ഇവരുടെ ബസുകൾ തടയുകയായിരുന്നു. ജന്തർ മന്തറിൽ പരിപാടികൾ സംഘടിപ്പിക്കുന്നതിന് 10 ദിവസം മുമ്പ് ന്യൂഡൽഹി ഡി സി പി (DCP) ക്ക് അപേക്ഷ സമർപ്പിക്കേണ്ടതുണ്ടെന്നാണ് ഡൽഹി പോലീസിന്റെ വാദം.
വോട്ട് ചോരി വിഷയം ജനങ്ങളിലേക്ക് എത്തിക്കുമെന്നും രാജ്യത്ത് ജനാധിപത്യം നശിപ്പിക്കപ്പെടുകയാണെന്നും ഉച്ചഭക്ഷണത്തിന് ശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. തടസ്സങ്ങളെ അതിജീവിച്ച് പ്രതിഷേധം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
<p>പ്രതിഷേധത്തിൽ പങ്കെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനും ഇലക്ഷൻ കമ്മീഷനുമെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. രാജ്യത്തെ ജനാധിപത്യം പൂർണ്ണമായും തകർക്കപ്പെട്ടു എന്ന് ആരോപിച്ച അദ്ദേഹം, തങ്ങൾക്ക് ഗ്യാനേഷ് കുമാർ നിയമപരമായ ഇലക്ഷൻ കമ്മീഷണറല്ല എന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം തങ്ങൾക്കെതിരെ എടുത്ത എഫ് ഐ ആറുകളെ (FIR) കുറിച്ച് പരാമർശിച്ച രാഹുൽ ഗാന്ധി, നിലവിൽ തനിക്കെതിരെ 45 എഫ് ഐ ആറുകൾ ഉണ്ടെന്നും അത് 100 എണ്ണ തികയ്ക്കുകയാണ് തന്റെ ലക്ഷ്യമെന്നും വ്യക്തമാക്കി.
പ്രതിഷേധത്തിന് മുന്നോടിയായി ആകാശവാണി ഭവനിൽ അനുമതിയില്ലാതെ പ്രവേശിച്ച് ആറ് മണിക്കൂറോളം ധർണ നടത്തിയതിന് രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പാർലമെന്റ് സ്ട്രീറ്റിൽ നടന്ന മണിക്കൂറുകൾ നീണ്ട ധർണയ്ക്ക് ശേഷം രാഹുൽ ഗാന്ധിയെയും മറ്റ് നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്ത് രാത്രി പത്ത് മണിയോടെയാണ് മോചിപ്പിച്ചത്.
സാഹചര്യം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നിലും ആകാശവാണി ഭവന് മുന്നിലും വൻ സുരക്ഷാ സന്നാഹമാണ് ഡൽഹി പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ജന്തർ മന്തറിലേക്കുള്ള എല്ലാ വഴികളും പോലീസ് ബാരിക്കേഡുകൾ വെച്ച് അടച്ചു. എന്നാൽ എഫ് ഐ ആറുകളെ തങ്ങൾ ഭയപ്പെടുന്നില്ലെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും, തങ്ങൾ ക്രിമിനലുകളെപ്പോലെ വലിച്ചിഴയ്ക്കപ്പെട്ടുവെങ്കിലും പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ജ്യോതിമണിയും വ്യക്തമാക്കി.
Content Highlights
Opposition INDIA bloc MPs were stopped by Delhi Police while marching towards Jantar Mantar after a strategy lunch in Delhi. Leaders raised strong protests demanding Chief Election Commissioner Gyanesh Kumar’s resignation over the vote chori issue.


