ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയ ചർച്ചകൾക്ക് ചൂടുപിടിപ്പിച്ച് വീണ്ടും വിജയ്–എടപ്പാടി പോര്. തമിഴക വെട്രി കഴകം നേതാവ് വിജയിനെ അടുത്ത പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടുന്ന പാർട്ടി നേതാക്കളുടെ പരാമർശങ്ങൾക്കിടെയാണ് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയുടെ പരിഹാസം. വിജയ് അമേരിക്കൻ പ്രസിഡന്റ് വരെ ആകാൻ സാധ്യതയുണ്ടെന്നായിരുന്നു എടപ്പാടിയുടെ പരിഹാസം. വിജയിനെ ‘ചെലവേറിയ മുഖ്യമന്ത്രി’ എന്നും അദ്ദേഹം വിശേഷിപ്പിച്ചു.

വിജയിയുടെ നേതൃത്വത്തിലുള്ള ഭരണത്തെ മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഭരണവുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു എടപ്പാടിയുടെ വിമർശനം. ജയലളിതയുടെ കാലത്ത് ചെലവ് ചുരുക്കാൻ വീഡിയോ കോൺഫറൻസിങ് വഴിയാണ് വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണച്ചെലവ്, രാഷ്ട്രീയ പരിചയം, നേതൃത്വശേഷി തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിജയിനെതിരെ എടപ്പാടി രംഗത്തെത്തിയത്.
വിജയിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർത്താനുള്ള ചർച്ചകൾ നേരത്തെ തന്നെ ടിവികെയിൽ ശക്തമാണ്. രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവി തമിഴ്നാട്ടിൽ നിന്നുള്ള ഒരു നേതാവ് വഹിക്കണമെന്നാണ് ടിവികെ പൊതുപ്രവർത്തന വിഭാഗം മന്ത്രി ആധവ് അർജുന നേരത്തെ പറഞ്ഞത്. കെ. എ. സെങ്കോട്ടയ്യൻ, ഡി. ശരത്കുമാർ തുടങ്ങിയ ടിവികെ നേതാക്കളും വിജയിയെ മുൻ തമിഴ്നാട് മുഖ്യമന്ത്രിമാരായ എം.ജി.ആറിനും ജയലളിതയ്ക്കും സമാനമായി അവതരിപ്പിച്ച് ഭാവിയിൽ രാജ്യത്തെ നയിക്കാനാകുന്ന നേതാവെന്ന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
ഇതോടെ തമിഴ്നാട്ടിലെ രാഷ്ട്രീയ പോരാട്ടം സംസ്ഥാന അതിരുകൾ കടന്നുള്ള ചർച്ചകളിലേക്കാണ് നീങ്ങുന്നത്. വിജയിയുടെ രാഷ്ട്രീയ വളർച്ചയെ ടിവികെ ദേശീയതലത്തിലെ സാധ്യതയായി അവതരിപ്പിക്കുമ്പോൾ, എടപ്പാടി അതിനെ പരിഹാസത്തോടെ നേരിടുകയാണ്. 2029 മുന്നിൽ കണ്ടുള്ള തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയിയുടെ പങ്ക് എത്രത്തോളം നിർണായകമാകുമെന്ന ചോദ്യത്തിനൊപ്പം, അദ്ദേഹത്തെക്കുറിച്ചുള്ള ഇത്തരം രാഷ്ട്രീയ ഏറ്റുമുട്ടലുകളും വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകാനാണ് സാധ്യത.


