Thu. Jul 30th, 2026

ന്യൂഡൽഹി: ഡൽഹിയിലെ എകെജി ഭവനിൽ ഡൽഹി പോലീസ് അതിക്രമിച്ചു കയറിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് രാജ്യസഭയിൽ ആവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എം.പി. എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ പോലീസ് യൂണിഫോം പോലുമില്ലാതെയാണ് എത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐഷി ഘോഷിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതില്‍ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2021ലെ കേസുമായി ബന്ധപ്പെട്ടാണ് ഐഷിയെ അറസ്റ്റ് ചെയ്യാന്‍ മഫ്തിയിലുള്ള വനിതാ പോലീസുദ്യോഗസ്ഥ ഉള്‍പ്പെടെ എ കെ ജി ഭവനില്‍ എത്തിയത്. ഐഷിക്കെതിരായ ഈ പ്രതികാര നടപടിയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്നും എം പി ആവശ്യപ്പെട്ടു.

എന്നാല്‍, ഗുരുതരമായ ഇത്തരമൊരു വിഷയം ഉന്നയിക്കുന്ന സമയത്ത് എം പിയെ കാമറയില്‍ കാണിക്കാത്തതിലും പ്രതിപക്ഷം ബഹളം വച്ചു. ബ്രിട്ടാസ് സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ സ്പീക്കറുടെ ചെയറിലേക്കാണ് കാമറ പോസ് ചെയ്തത്. വിഷയത്തിൽ അമിത് ഷാ സഭയിൽ നേരിട്ടെത്തി പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. എകെജി ഭവനിലെ പോലീസ് നടപടി തികച്ചും അപലപനീയമാണെന്നും ദേശീയ പാർട്ടിയുടെ ഓഫീസിൽ കയറാൻ ആരാണ് നിർദേശം നൽകിയതെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ചോദിച്ചു.

അതേസമയം, എകെജി ഭവനിലെ പോലീസ് നടപടിയെ ന്യായീകരിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ രംഗത്തെത്തി. ഇത് സാധാരണ നടക്കാറുള്ള നിയമപരമായ നടപടി മാത്രമാണെന്ന് വാദിച്ച അദ്ദേഹം, വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർ ഇങ്ങനെയുള്ള കാര്യങ്ങൾ നേരിടേണ്ടി വരുമെന്നും പറഞ്ഞു. സംഭവം രാജ്യസഭയിൽ വൻ വാക്പോരിനാണ് വഴിവെച്ചത്.



 

Leave a Reply