കെ. ജി. ഫ്രാൻസിസ് ആൻറണി
പൊതുജനാരോഗ്യത്തിനും പ്രാഥമിക മനുഷ്യാവകാശങ്ങൾക്കും വേണ്ടി പോരാടുന്ന ഭൂമിക്കാരൻ ജെ.പി. വേളമാനൂരിന്റെ വേറിട്ട ഒറ്റയാൾ പദയാത്രയ്ക്ക് എല്ലാവിധ പിന്തുണയും അറിയിക്കുന്നു. നാടിന്റെ നാനാഭാഗങ്ങളിൽ സൗജന്യവും വൃത്തിയുള്ളതുമായ പൊതുശൗചാലയങ്ങൾ നിർമ്മിക്കണമെന്നും, നിലവിലുള്ളവയിലെ പണപ്പിരിവ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കാസർകോട്ടുനിന്ന് ആരംഭിച്ച ഭൂമിക്കാരൻ ജെ.പിയുടെ ‘ഒറ്റയാൾ ശുചിത്വ ബോധന പദയാത്ര’ ഏവരുടെയും ശ്രദ്ധയും പിന്തുണയും അർഹിക്കുന്ന ഒന്നാണ്.
ഒരു മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളിലൊന്നായ മലമൂത്രവിസർജ്ജനത്തിന് പോലും വഴിയോരങ്ങളിൽ സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന ജനതയ്ക്ക് വേണ്ടിയാണ് കാലടി സർവ്വകലാശാലയിലെ റിട്ടയേർഡ് ജീവനക്കാരനായ ഭൂമിക്കാരൻ ജെ.പി. വേളമാനൂർ കാൽനടയായി തെരുവിലിറങ്ങിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ പണം നൽകിയാൽ മാത്രം ഉപയോഗിക്കാവുന്ന ശൗചാലയങ്ങൾ നിർമ്മിച്ച് ജനങ്ങളെ ചൂഷണം ചെയ്യുന്ന രീതിക്കെതിരെയാണ് അദ്ദേഹത്തിന്റെ ശബ്ദം.
എന്തുകൊണ്ട് ഈ സമരം പിന്തുണയ്ക്കപ്പെടണം?
മനുഷ്യാവകാശവും ജനആരോഗ്യവും: ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ പോലെ തന്നെ പ്രാഥമിക ആവശ്യമാണ് മലമൂത്രവിസർജ്ജനത്തിനുള്ള സൗകര്യവും. ഇതിനായി തുക ഈടാക്കുന്നത് ശരിയായ നടപടിയല്ല.
സ്ത്രീകൾക്കും യാത്രക്കാർക്കും തണൽ: വഴിയാത്രക്കാർ, പ്രത്യേകിച്ച് സ്ത്രീകൾ, വയോധികർ, രോഗികൾ എന്നിവർ അനുഭവിക്കുന്ന യാത്രാദുരിതങ്ങൾക്ക് പരിഹാരം കാണാൻ ഇത്തരം സൗജന്യ ശൗചാലയങ്ങൾ അത്യന്താപേക്ഷിതമാണ്.
മാതൃകാപരമായ പദയാത്ര:
തലയിൽ പനയോലത്തൊപ്പിയും ധരിച്ച്, കഴുത്തിൽ ബോർഡും തൂക്കി നാടിന്റെ ബോധവൽക്കരണത്തിനായി മുൻപും അഞ്ചോളം സമരയാത്രകൾ നടത്തിയിട്ടുള്ള ഇദ്ദേഹത്തിന്റെ പോരാട്ടവീര്യം പ്രശംസനീയമാണ്.
കഴിഞ്ഞ ജൂലൈ 1-ന് കാസർകോട് ഗാന്ധിഗ്രാമിൽ നിന്ന് ആരംഭിച്ച ഈ ശുചിത്വ ബോധന പദയാത്ര ജൂലൈ 31 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ സമരജ്വാല തെളിച്ച്, സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ പ്രഖ്യാപനത്തോടെയാണ് സമാപിക്കുന്നത്.
നാടിന്റെ ആരോഗ്യകരമായ നാളെയ്ക്കായി സ്വന്തം ആരോഗ്യം പോലും നോക്കാതെ തെരുവിലിറങ്ങിയ ജെ.പി. വേളമാനൂരിന്റെ ഈ സമരത്തോട് ഭരണാധികാരികളും പൊതുസമൂഹവും ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടതുണ്ട്. ഇദ്ദേഹം ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങൾ സർക്കാർ ഉടനടി അംഗീകരിക്കുകയും നടപ്പിലാക്കുകയും വേണം. ഈ വേറിട്ട പദയാത്രയ്ക്കും അതിൻ്റെ സമാപനത്തിനും എല്ലാവിധ പിന്തുണയും ആശംസകളും നേരുന്നു!

കേരളത്തിന് പുറത്ത് സഞ്ചരിച്ചാൽ, രാവിലെ ഒരു കുപ്പി വെള്ളവുമായി തീവണ്ടിപ്പാതയ്ക്ക് ഇരുവശവുമായി കുത്തിരിക്കുന്ന പാവം ജനങ്ങളെ ഇന്ത്യയൊട്ടാകെ കാണാവുന്നതാണ്. ശൗചാലയ സൗകര്യങ്ങൾ ഇല്ലാത്തതിനാലാണ് അവർ പൊതുസ്ഥലങ്ങളിൽ പ്രാഥമികാവശ്യത്തിനായി എത്തുന്നത്. വീടുകൾ തോറും മികച്ച ശൗചാലയ സൗകര്യമുള്ളത് കേരളത്തിലാണ്.
എന്നാൽ പൊതുസ്ഥലങ്ങളിലെ സ്ഥിതി, കാശുള്ളവരെ മാത്രം ലക്ഷ്യം വച്ചുള്ളതാണ്. ഈ തെറ്റായ പ്രവണത മാറ്റണമെന്ന ആവശ്യവുമായിട്ടാണ് ഇദ്ദേഹം ഒറ്റയാൾ പോരാട്ടം നടത്തുന്നത്. 31ന് മുഖ്യമന്ത്രിയെയും മറ്റും കണ്ട്, ഇതിനകം പലവട്ടം സമർപ്പിച്ചിട്ടുള്ള നിവേദനം വീണ്ടും സമർപ്പിക്കും.
പണമില്ലാത്ത മനുഷ്യന് മൂത്രമൊഴിക്കണ്ടേ? നമ്മുടെ നാട്ടിലെ പെട്രോൾ പമ്പുകളിലെല്ലാം ശൗചാലയങ്ങളുണ്ട്. പണം കൊടുക്കാതെ തന്നെ ആർക്കും അത് ഉപയോഗിക്കാം. നിയമമുള്ളതുകൊണ്ടു മാത്രമാണ് പമ്പ് ഉടമസ്ഥന്മാർ അത് അനുവദിക്കുന്നത്. മുൻപ് അവർ കോടതിയെ സമീപിച്ച്, വാഷ്റൂം ഉപയോഗിക്കുന്നത്, പമ്പിൽ നിന്നും ഇന്ധനമെടുക്കുന്നവർക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. അത് അനുവദിക്കപ്പെട്ടതോടെ എല്ലാ പമ്പുകളിലും ടോയ്ലറ്റുകൾ പൂട്ടിട്ടു പൂട്ടി.ഹൈക്കോടതിയുടെ മറ്റൊരുത്തരവിലൂടെയാണ് വീണ്ടും ആ സൗകര്യം ലഭിച്ചത്.
അത്യാവശ്യമുണ്ടെങ്കിൽ മാത്രമേ ജനങ്ങൾ പൊതുശൗചാലയങ്ങൾ ഉപയോഗിക്കാറുള്ളൂ. പ്രമേഹരോഗം കൂടുമ്പോഴും യാത്രകളിലും സമയത്ത് മൂത്രശങ്ക തീർക്കേണ്ടത് അത്യാവശ്യമാണ്. പക്ഷെ, പണം കീശയിലുണ്ടെങ്കിൽ മാത്രമേ ഇക്കാര്യം ഇന്ന് കേരളത്തിൽ നടക്കുകയുള്ളൂ എന്ന് മാത്രം. ഇതിന് 10 രൂപ വരെയാണ് പലയിടത്തും ഈടാക്കുന്നത്. എല്ലാവരുടെ കയ്യിലും ചിലപ്പോൾ പണം ഉണ്ടാകില്ല. എല്ലാവർക്കും ഗൂഗിൾ പേ സൗകര്യം ഉണ്ടാകണമെന്നുമില്ല. അവരെന്തുചെയ്യും? പരസ്യമായി മൂത്രമൊഴിക്കുന്നത് സാമൂഹ്യ അന്തസിന് യോജിച്ചതല്ലെന്ന് മാത്രമല്ല, കുറ്റകരവുമാണ്. സ്ത്രീകൾക്ക് പരസ്യമായി മൂത്രം ഒഴിക്കാനാവുമോ? അപ്പോൾ എന്തുചെയ്യും? അത്യാവശ്യമായി മലവിസർജ്ജനം നടത്തേണ്ടിവന്നാൽ എന്തുചെയ്യും? ഭൂമിക്കാരൻ ജെപ്പി മുന്നോട്ടുവെച്ച ആവശ്യം വളരെ പ്രധാനപ്പെട്ടതാണ്.
വൃത്തിയുള്ള ശൗചാലയങ്ങൾ സൗജന്യമായി ഉപയോഗിക്കാനുള്ള വ്യവസ്ഥയുണ്ടാകണം. മലമൂത്രവിസർജ്ജനത്തിന് ടാക്സ് ഈടാക്കുന്നതിന് തുല്യമാണ് ഇന്നുള്ള പണപ്പിരിവ്. ഇത് പൂർണ്ണമായും സൗജന്യമാക്കണം. ആഹാരം, വസ്ത്രം, പാർപ്പിടം, വൈദ്യസഹായം തുടങ്ങിയ പ്രാഥമിക അവകാശങ്ങളിൽ മലമൂത്രവിസർജ്ജനത്തിനുള്ള അവകാശം കൂടി ഉൾപ്പെടുന്നുണ്ട്. മനുഷ്യൻറെ പ്രാഥമിക ആവശ്യങ്ങളെ കാശില്ലാത്തതിൻറെ പേരിൽ നിഷേധിക്കുന്നത് എത്ര ക്രൂരമാണ്!
(തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിലെ മുൻ ജീവനക്കാരനാണ് ലേഖകൻ കെ. ജി. ഫ്രാൻസിസ് ആന്റണി.)


