Sat. Jul 25th, 2026

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് തുടരുന്ന നിരാഹാര സമരം അവസാനിപ്പിക്കുന്നതിന് വീണ്ടും ഉപാധികള്‍ മുന്നോട്ട് വെച്ച് സോനം വാങ്ചുക്ക്. നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ധര്‍മേന്ദ്ര പ്രധാന്റെ രാജിയുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ സുതാര്യമായ ചര്‍ച്ച അനുവദിക്കണമെന്നുമാണ് പ്രധാന ആവശ്യങ്ങള്‍.

ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ആ നിമിഷം നിരാഹാരം അവസാനിപ്പിക്കുമെന്നും സോനം വാങ്ങ് ചുക്ക് ആശുപത്രി കിടക്കയില്‍ നിന്നുള്ള വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. ഉപാധികളില്‍ സര്‍ക്കാരില്‍ നിന്ന് ഉറപ്പ് ലഭിച്ചാല്‍ വിദ്യാര്‍ഥികളോട് തല്‍ക്കാലം സമരം നിര്‍ത്തി സര്‍ക്കാരുമായി ചര്‍ച്ചയില്‍ ഏര്‍പ്പെടാന്‍ താന്‍ അഭ്യര്‍ഥിക്കുമെന്നും സോനം വാങ്ചുക്ക് പറഞ്ഞു. ആവശ്യങ്ങള്‍ ഉയര്‍ത്തിയ കത്ത് കേന്ദ്ര മന്ത്രിമരായ ജെ പി നദ്ദയ്ക്കും ജിതേന്ദ്രസിങ്ങിനും സോനം വാങ്ചുക്ക് അയച്ചിട്ടുണ്ട്.

സിജെപിയുടെ നേതൃത്വത്തില്‍ സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരം 25-ാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കും വരെ പ്രതിഷേധം തുടരുമെന്നാണ് സി ജെ പി പറയുന്നത്. വിദ്യാര്‍ഥി നേതാക്കള്‍ പാര്‍ലമെന്റ് അംഗങ്ങളെ കാണുന്നതുവരെ നിരാഹാര സമരം തുടരുമെന്ന് സോനം വാങ്ചുക്ക് നേരത്തെ അറിയിച്ചിരുന്നു.

പ്രതിഷേധത്തില്‍ ഇന്‍ഡ്യ സഖ്യവും പൂര്‍ണ്ണ പിന്തുണ നല്‍കി രംഗത്തുണ്ട്. രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ സി വേണുഗോപാല്‍ തുടങ്ങി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സമരത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.



 

Leave a Reply