Sun. Nov 22nd, 2026

ആർ.എസ്.എസ് വേദിയിലെ പ്രണബ് മുഖർജിയുടെ വാക്കുകൾ ജനങ്ങൾ മറക്കുമെങ്കിലും അദ്ദേഹത്തിന്റെ ചിത്രം വച്ച് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുമെന്ന് മകൾ ഷർമിഷ്ട മുഖർജിയുടെ മുന്നറിയിപ്പ് സത്യമായി. നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് നിന്നും അദ്ദേഹം മടങ്ങി മണിക്കൂറുകൾ പിന്നിടുന്നതിന് മുമ്പ് തന്നെ വ്യാജ ചിത്രങ്ങൾ പ്രചരിക്കാൻ തുടങ്ങി. ആർ.എസ്.എസ് പ്രവർത്തകർ ധരിക്കുന്ന തൊപ്പിയിട്ട് വേദിയിൽ നിൽക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഷർമിഷ്ട തന്നെയാണ് ട്വിറ്ററിലൂടെ ചിത്രം പുറത്ത് വിട്ടത്. താൻ ഭയപ്പെട്ടത് തന്നെ സംഭവിച്ചതായും അവർ കൂട്ടിച്ചേർത്തു.

പ്രണബിന്റെ സന്ദര്‍ശനത്തിന് മുന്‍പ് മകള്‍ ആശങ്ക അറിയിച്ച് ട്വീറ്റ് ചെയ്തിരുന്നു. താങ്കളുടെ സന്ദേശമായിരിക്കില്ല, ചിത്രങ്ങളായിരിക്കും ‘വൃത്തികെട്ട കൗശലക്കാരായ വിഭാഗം’ പ്രചരിപ്പിക്കാന്‍ പോകുന്നതെന്നായിരുന്നു ശര്‍മ്മിഷ്ഠയുടെ ആശങ്ക. തന്റെ പിതാവിനെ ചേര്‍ത്ത് ബി.ജെ.പിയും സംഘപരിവാറും വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.

തങ്ങളുടെ നിലപാടുകൾ തന്റെ പ്രസംഗത്തിൽ പ്രണബ് മുഖർജി അംഗീകരിക്കുമെന്ന് ആർ.എസ്.എസ് തന്നെ കരുതുന്നില്ല. പ്രണബിന്റെ പ്രസംഗങ്ങൾ ജനം മറക്കുമെന്ന് ഉറപ്പാണ്. എന്നാൽ ആ ചിത്രങ്ങൾ ഉപയോഗിച്ച് ആർ.എസ്.എസ് വ്യാജ പ്രചാരണം നടത്തുക തന്നെ ചെയ്യും. ആളുകളെ വിശ്വസിപ്പിക്കുന്ന വിധത്തിലായിരിക്കും ഇവ പ്രചരിക്കുന്നതെന്നും ആർ.എസ്.എസ് ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയ്ക്ക് അവർ മുന്നറിയിപ്പ് നൽകിയിരുന്നു.

മകള്‍ ബി.ജെ.പിയിലേക്ക് പോകുന്നതിന് മുന്നോടിയാണ് പ്രണബിന്റെ നാഗ്പൂര്‍ സന്ദര്‍ശനം എന്നുവരെ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച ശര്‍മ്മിഷ്ഠ, ഇത്തരം വ്യാജവാര്‍ത്തകള്‍ക്ക് പിന്നില്‍ ബി.ജെ.പിയുടെ വൃത്തികെട്ട കൗശലക്കാരായ വിഭാഗങ്ങളാണ്. കോണ്‍ഗ്രസ് വിടുന്നതിനേക്കാള്‍ ഭേദം താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

ഏതാണ്ട് ഈ വാക്കുകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലായിരുന്നു പ്രണബിന്റെ പ്രസംഗം. ഇന്ത്യയുടെ മതേതരത്വവും ഭരണഘടനയും ഊന്നിപ്പറഞ്ഞുകൊണ്ടുള്ള വാക്കുകൾ. വ്യാജ ചിത്രങ്ങൾ പ്രചരിക്കുമെന്ന ഷർമിഷ്ടയുടെ പ്രവചനവും സത്യമായി. അതേസമയം, സ്വന്തം അച്ഛന്റെ നിലപാടുകളെപ്പോലും തുറന്നെതിർക്കുന്ന ഷർമിഷ്ടയുടെ പ്രതികരണങ്ങൾ കൈയ്യടി നേടിയിട്ടുണ്ട്.

ഓരോ കുടുംബവും ഇത്തരത്തിലുള്ളതായിരിക്കണമെന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി ട്വീറ്റ് ചെയ്തു. തന്റെ മകളും താനും തമ്മിൽ പല കാര്യങ്ങളിലും ആശയപരമായ തർക്കങ്ങൾ ഉണ്ടാകാറുണ്ടെന്നും എന്നാൽ തങ്ങൾ സന്തുഷ്ട കുടുംബമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം എല്ലാവരും മാതൃകയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.