രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് (മാണി) വിഭാഗത്തിന് നൽകിയതിനെ തുടർന്ന് കോൺഗ്രസും യു.ഡി.എഫ് ഉം പൊട്ടിത്തെറിയുടെ വക്കിൽ. ഒരു വിഭാഗം കോൺഗ്രസ് നേതാക്കളെ കൂടാതെ മറ്റ് ഘടക കക്ഷികളും ഹൈക്കമാൻഡ് തീരുമാനത്തിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു.
സീറ്റ് വിട്ട് നൽകിയതിന്റെ ഉത്തരവാദിത്വം കോൺഗ്രസിന് മാത്രമെന്ന് ആർ.എസ്.പി നേതാവ് എ.എ. അസീസ് പ്രതികരിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസിന്റെ മടങ്ങി വരവ് തീരുമാനിക്കാൻ രാവിലെ 11.30ന് കന്റോൺമെന്റ് ഹൗസിൽ ചേരുന്ന യു.ഡി.എഫ് യോഗത്തിൽ സെക്രട്ടറി ജോണി നെല്ലൂർ പങ്കെടുത്തേക്കില്ല എന്നാണ് സൂചന
തങ്ങളുടെ എതിർപ്പ് അവണിച്ച് കേരള കോൺഗ്രസിന് (എം) രാജ്യസഭാ സീറ്റ് നൽകിയതിൽ കോൺഗ്രസിലെ യുവതുർക്കികളെല്ലാം പരസ്യപ്രതികരണവുമായി രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച നടക്കാനിരിക്കുന്ന രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റി വയ്ക്കണമെന്ന് വനിതാ നേതാവ് ഷാനിമോൾ ഉസ്മാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, മലപ്പുറം സി.സി.സി ഓഫീസിന് മുന്നിലെ കൊടിമരത്തിൽ മുസ്ലിം ലീഗിന്റെ കൊടി പ്രത്യക്ഷപ്പെട്ടു. രാജ്യസഭാ സീറ്റ് വിട്ടു നൽകിയതിൽ പ്രതിഷേധിച്ചാണ് ലീഗിന്റെ കൊടി കെട്ടിയത്. വ്യാഴാഴ്ച രാത്രി വൈകിയാണ് കൊടി കെട്ടിയതെന്നാണ് സൂചന. എന്നാൽ ആരാണ് ഇതിനു പിന്നിലെന്ന് വ്യക്തമായിട്ടില്ല. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സ്മാരക കെട്ടിടത്തിലാണ് ഡി.സി.സി ഓഫീസ് പ്രവർത്തിക്കുന്നത്. സംഭവം അറിഞ്ഞെത്തിയ പ്രാദേശിക നേതാക്കൾ രാവിലെ തന്നെ കൊടി അഴിച്ചുമാറ്റി.