Sun. Nov 22nd, 2026

ആര്‍എസ്എസ് ആസ്ഥാനത്ത് നടത്തിയ ചടങ്ങില്‍ പ്രണബ് മുഖര്‍ജി പങ്കെടുക്കുന്നതിനെതിരെ ഉയര്‍ന്ന വിമര്‍ശന ശരങ്ങള്‍ക്കുള്ള മറുപടിയുമായി മുന്‍ രാഷ്ട്രപതി ആദ്യം പറഞ്ഞുതുടങ്ങിയത് ഇങ്ങനെയാണ്., ഞാന്‍ വന്നത് ദേശം, ദേശീയത, രാജ്യസ്‌നേഹം എന്നിവ പങ്കുവെയ്ക്കാന്‍ ആയിരുന്നു. വിവിധ സംസ്‌കാരങ്ങളും വിശ്വാസങ്ങളും സംഗമിച്ചു രൂപപ്പെട്ടതാണു രാജ്യത്തിന്റെ ദേശീയതയെന്നും, ഇതാണ് നമ്മെ സഹിഷ്ണുതയുള്ളവരായി മാറ്റുന്നതെന്നും പ്രണബ് പറഞ്ഞു. എന്നാല്‍ വെറുപ്പിനേയും വിവേചനത്തിനേയും പ്രോത്സാഹിപ്പിക്കുന്നത് രാജ്യത്തിന്റെ സ്വത്വത്തിന് ഭീഷണിയാണെന്നും പ്രണബ് മുഖര്‍ജി വ്യക്തമാക്കി. അസഹിഷ്ണുത നമ്മുടെ രാജ്യത്തിന്റെ വ്യക്തിത്വത്തിന് പ്രതിബന്ധമുണ്ടാക്കുന്നുവെന്നും പ്രണബ് കൂട്ടിച്ചേര്‍ത്തു.

വൈവിധ്യത്തിലും നമ്മള്‍ ഒന്നാണെന്ന് ആഹ്വാനവുമായി ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന ആര്‍എസ്എസ് ആസ്ഥാനത്തെ ചടങ്ങില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. സമൂഹത്തിന്റെ ഐക്യമാണ് സംഘിന് ആവശ്യമെന്നും ഐക്യത്തിലും വൈവിധ്യത്തിലുമാണ് സംഘ് വിശ്വസിക്കുന്നതെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.

വൈവിധ്യം അംഗീകരിക്കപ്പെടുന്നതാണ് രാജ്യത്തിന്റെ ഭംഗിയെന്നും ആ വൈവിധ്യത്തിലും നമ്മള്‍ ഒന്നാണെന്നും ഭാഗവത് പറഞ്ഞു. സര്‍ക്കാരിനൊപ്പം പൗരന്മാര്‍ക്കും രാജ്യത്തിന്റെ മാറ്റത്തിനായി സംഭാവന ചെയ്യാനാകുമെന്നും ഭാഗവത് വിശദീകരിച്ചു. രാഷ്ട്രീയ അഭിപ്രായമുള്ളവരാകാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍ എതിര്‍ക്കുന്നതിന് പരിധി വേണമെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു. പ്രശസ്തരായ വ്യക്തികളെ ത്രിതീയ വര്‍ഷ ചടങ്ങിലേക്കു ക്ഷണിക്കുന്നതു തങ്ങളുടെ പാരമ്പര്യമാണെന്നും ഉയര്‍ന്ന വിവാദങ്ങളില്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.

ശക്തമായ എതിര്‍പ്പുകള്‍ക്കിടെയാണ് ആര്‍.എസ്.എസിന്റെ പരിപാടിയില്‍ പ്രണബ് മുഖര്‍ജി പങ്കെടുക്കുന്നത്. മകള്‍ ശര്‍മ്മിഷ്ട മുഖര്‍ജി അടക്കം നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് ആര്‍.എസ്.എസിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നത്. പ്രണബ് മുഖര്‍ജിയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്ന് അഹമ്മദ് പട്ടേല്‍ പറഞ്ഞു. എന്നാല്‍ എതിര്‍പ്പ് വ്യാപകമായിട്ടും ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുമെന്നായിരുന്നു പ്രണബ് മുഖര്‍ജിയുടെ നിലപാട്. തനിക്ക് പറയാനുള്ളത് നാഗ്പൂരില്‍ പറയാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.