Fri. Nov 6th, 2026

ഇടഞ്ഞുനിന്ന ബി.ഡി.ജെ.എസിനെ അനുനയിപ്പിക്കാതിരുന്നത് ചെങ്ങന്നൂരിൽ ബി.ജെ.പിക്ക് കടുത്ത തിരിച്ചടിയായി. 2016-ൽ ജയിച്ച സി.പി.എം സ്ഥാനാർത്ഥിയും എൻ.ഡി.എ സ്ഥാനാർത്ഥിയും തമ്മിലുണ്ടായിരുന്ന വോട്ടുകളുടെ വ്യത്യാസം 10,198 ആയിരുന്നു. എന്നാൽ ബി.ഡി.ജെ.എസിന്റെ കൂട്ടില്ലാതെ ഇക്കുറി മത്സരിച്ചപ്പോൾ ഈ വ്യത്യസം 32,033 വോട്ടുകളായാണ് ഉയർന്നത്!

2011-ലെ തിരഞ്ഞെടുപ്പിൽ ബി.രാധാകൃഷ്ണമേനോനെ മത്സരിപ്പിച്ച ബി.ജെ.പിക്ക് ലഭിച്ചത് 6062 വോട്ടുകളായിരുന്നു. വലിയ രാഷ്ട്രീയ തഴക്കമില്ലാതിരുന്ന ബി.ഡി.ജെ.എസിന്റെ ചുമലിൽ കൈയിട്ട് എൻ.ഡി.എ സഖ്യത്തിൽ മത്സരിച്ച 2016-ൽ ഇത് 42,682 വോട്ടുകളായാണ് വളർന്നത്. ചെങ്ങന്നൂരിൽ മാത്രമല്ല ഏഴ് അസംബ്ളി മണ്ഡലങ്ങളിൽ എൻ.ഡി.എ രണ്ടാംസ്ഥാനത്തെത്തി. നേമം മണ്ഡലത്തിൽ ജയിക്കുകയും ചെയ്തു. സ്വപ്നതുല്യമായ ഈ പ്രകടനത്തിന് പിന്നിൽ ബി.ഡി.ജെ.എസിന്റെ കരുത്താണ് മുഖ്യകാരണമെന്ന് ബി.ജെ.പി നേതാക്കൾ അന്ന് തുറന്നു സമ്മതിക്കുകയും ചെയ്തതാണ്.

യോജിച്ചുപ്രവർത്തിക്കാൻ തീരുമാനിച്ചപ്പോൾ ഉണ്ടാക്കിയ ധാരണകൾ വേണ്ടവിധം പാലിക്കാതിരുന്നതാണ് ബി.ഡി.ജെ.എസിനെ ചൊടിപ്പിച്ചത്. തങ്ങളുടെ അസംതൃപ്തി പലവിധത്തിൽ അവർ പ്രകടിപ്പിച്ചെങ്കിലും കാണേണ്ടവർ കണ്ടില്ലെന്ന് നടിച്ചു. അങ്ങനെയാണ് ചെങ്ങന്നൂരിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് ബി.ഡി.ജെ.എസ് വിട്ടുനിന്നത്. നേതൃത്വത്തിന്റെ ആഹ്വാനമില്ലാതെ അണികൾ വോട്ടുചെയ്യേണ്ടി വന്നു. ജയിച്ച ഇടതുമുന്നണിക്ക് ഇതിന്റെ പ്രയോജനം കിട്ടിയിട്ടുണ്ടെന്നും കാണാം. 2016-ൽ രണ്ടാം സ്ഥാനത്തെത്തിയ യു.ഡി.എഫുമായി ബി.ജെ.പി സ്ഥാനാർത്ഥിക്കുണ്ടായിരുന്ന വോട്ടുവ്യത്യാസം 2215 ആയിരുന്നെങ്കിൽ ഇക്കുറി അത് 11,077 ആയി ഉയർന്നു.

ബി.ജെ.പി സ്ഥാനാർത്ഥിക്കെതിരായി ബി.ഡി.ജെ.എസ് പ്രവർത്തിച്ചിരുന്നെങ്കിൽ അവരുടെ കാര്യം ഇപ്പോഴത്തേതിലും കഷ്ടമാകുമായിരുന്നെന്ന് പാർട്ടി അദ്ധ്യക്ഷൻ തുഷാർവെള്ളാപ്പള്ളി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് മാറിനിൽക്കുന്നുവെന്ന് മാത്രമാണ് ബി.ഡി.ജെ.എസ് പറഞ്ഞത്. ആഹ്വാനമില്ലാതെയാണ് അണികൾ വോട്ടുചെയ്തത്. ദേശീയ നേതാക്കളടക്കമുള്ള പ്രധാന നേതാക്കളെ ഇറക്കി കഴിഞ്ഞ തിരഞ്ഞെടുപ്പിലേക്കാൾ ശക്തമായാണ് ബി.ജെ.പി പ്രവർത്തിച്ചത്. പക്ഷെ അതിന്റെ ഫലമില്ലാതെ പോയി. ബി.ഡി.ജെ.എസിനെ അവഗണിച്ചതിലുള്ള വികാരം ചിലപ്പോൾ പ്രവർത്തകർ വോട്ടിൽ പ്രകടിപ്പിച്ചു കാണും. എൻ.ഡി.എ കേന്ദ്ര- സംസ്ഥാന നേതൃത്വത്തിനുള്ള മറുപടിയായി ഈ വികാരത്തെ കാണാമെന്നും തുഷാർ അഭിപ്രായപ്പെട്ടു.