Mon. Nov 23rd, 2026

മലപ്പുറം: നിലമ്പൂര്‍ ഉപതെര‍ഞ്ഞെടുപ്പിലെ പരാജയത്തിൽ പ്രതികരണവുമായി എൽ‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്. പരാജയ കാരണം പരിശോധിക്കുമെന്നും തോൽവി ഭരണവിരുദ്ധ വികാരമെന്ന് വിലയിരുത്താനാകില്ലെന്നും എം സ്വരാജ് പറഞ്ഞു. മണ്ഡലത്തിൽ പൊതുവെ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളതെന്നും പ്രതീക്ഷക്ക് അനുസരിച്ചുള്ള പ്രകടനം നടത്താനായിട്ടില്ലെന്നും എം സ്വരാജ് പറഞ്ഞു. ഇടതുപക്ഷം മുന്നോട്ടുവെച്ച ഒരു രാഷ്ട്രീയ നിലപാടുമായി തിരഞ്ഞെടുപ്പിൽ മുന്നോട്ടുപോകാനായെന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ മാത്രമാണ് മുന്നോട്ടുവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരിച്ചടി നേരിട്ടെങ്കിലും എനിക്ക് ഞാനായി തന്നെ ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായെന്നും ഒരു വര്‍ഗീയ വാദിയുടെയും പിന്തുണ ഒരു കാലത്തും ഇടതുപക്ഷത്തിന് ആവശ്യമില്ലെന്നും എം സ്വരാജ് പറഞ്ഞു. തോൽവിയിൽ പല തരത്തിലുള്ള വിലയിരുത്തലുകളുണ്ടാകും. ഭരണത്തിന്‍റെ വിലയിരുത്തലാണെന്ന് പറ‍ഞ്ഞാൽ സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങളെയൊക്കെ ജനം എതിര്‍ക്കുന്നുവെന്ന തെറ്റായ വിലയിരുത്തലുണ്ടാകും. അതിനാൽ തന്നെ തിരഞ്ഞെടുപ്പ് ഫലം ഭരണവിരുദ്ധ വികാരമെന്ന് വിലയിരുത്താനാകില്ലെന്നും എം സ്വരാജ് പറഞ്ഞു.

അതേസമയം വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് എം സ്വരാജ് അഭിനന്ദനം അറിയിക്കുകയും ചെയ്തു. ‘വിജയിയായ ആര്യാടൻ ഷൗക്കത്തിന് അഭിനന്ദനം അറിയിക്കുകയാണ്. ഇനി കുറഞ്ഞ കാലമാണെങ്കിലും മികച്ച നിലയിൽ എംഎൽഎ ആയി പ്രവര്‍ത്തിക്കാനാകട്ടെയെന്ന് ആശംസിക്കുകയാണ്.’സ്വരാജ് പറഞ്ഞു.