Thu. Oct 8th, 2026

നിലമ്പൂര്‍: ക്ഷേമ പെന്‍ഷന്‍ വിതരണത്തെക്കുറിച്ച് തന്റെ പരാമര്‍ശം ചര്‍ച്ചയാക്കിയതിന് സിപിഎമ്മിനോട് നന്ദിയുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പെന്‍ഷന്‍ ഔദാര്യമല്ല സാധാരണക്കാരുടെ അവകാശമാണ്. മാസങ്ങളോളം കുടിശിക വരുത്തി തിരഞ്ഞെടുപ്പ് കാലത്ത് പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനെയാണ് താന്‍ വിമര്‍ശിച്ചത്. കോലംകത്തിക്കലും നുണപ്രചാരണവും കൊണ്ട് നിലപാട് മാറ്റില്ല. സ്വര്‍ണക്കടത്തിന്റെ പേരിലല്ലല്ലോ തന്റെ കോലം കത്തിച്ചത് എന്നതില്‍ അഭിമാനമുണ്ടെന്നും പെന്‍ഷനില്ലാത്തവരുടെ സംഗമം നിലമ്പൂരില്‍ ഉദ്ഘാടനം ചെയ്ത് കെ.സി. വേണുഗോപാല്‍ പറഞ്ഞു.

2023 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നല്‍കേണ്ട പെന്‍ഷന്‍ 2024 ഏപ്രിലില്‍ വിതരണം ചെയ്യാനുണ്ടായ പ്രത്യേക സാഹചര്യം തിരഞ്ഞെടുപ്പാണ്. അതിന്റെ പേരില്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്യാന്‍ മാത്രം വിഡ്ഢികളല്ല വോട്ടര്‍മാര്‍. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ക്ഷേമനിധി പെന്‍ഷന്‍ ഉള്‍പ്പെടെ രണ്ടു പെന്‍ഷന്‍ ലഭിച്ചിരുന്നു. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഏകീകരണത്തിന്റെ പേരില്‍ ഒരെണ്ണം കുറച്ചു. കോണ്‍ഗ്രസ് നേതാവ് ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ സമ്പ്രദായം തുടങ്ങിയത്. ആര്യാടന്‍ മുഹമ്മദ് മന്ത്രിയായിരിക്കെയാണ് കര്‍ഷക തൊഴിലാളി പെന്‍ഷന്‍ അനുവദിച്ചത്.

സംസ്ഥാനത്ത് കെട്ടിട നിര്‍മാണ തൊഴിലാളി പെന്‍ഷന്‍ 17 മാസമായി കുടിശികയാണ്. മറ്റു ക്ഷേമനിധി പെന്‍ഷനുകളുടെ കാര്യവും വ്യത്യസ്തമല്ല. വിവാഹം, പ്രസവം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ധനസഹായം നല്‍കിയിട്ട് കൊല്ലങ്ങളായി. ഇടത് സര്‍ക്കാരിന്റെ മുന്‍ഗണന തൊഴിലാളികളല്ല മറിച്ചു മുഖ്യമന്ത്രിയുടെ വസതി മോടികൂട്ടല്‍, പിഎസ്സി അംഗങ്ങള്‍ക്ക് ആനുകൂല്യം വര്‍ധിപ്പിക്കല്‍, ആര്‍ഭാട ജീവിതം എന്നിവയ്ക്കാണ്. ക്ഷേമ പെന്‍ഷന്‍ 2500 രൂപയാക്കുമെന്ന വാഗ്ദാനം നാലു വര്‍ഷമായിട്ടും നടപ്പാക്കാത്തതിനെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കണം.