Mon. Nov 23rd, 2026

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ എം എബ്രഹാമിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശം പിന്‍വലിച്ച് റിട്ട. ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷ ഖേദം പ്രകടിപ്പിച്ചു. “ജസ്റ്റിസ് കെമാല്‍ പാഷ വോയിസ്” എന്ന സ്വന്തം യൂട്യൂബ് ചാനല്‍ വഴിയാണ് കെ എം എബ്രഹാമിനെതിരെ കെമാല്‍ പാഷ അധിക്ഷേപ പരാമര്‍ശം നടത്തിയത്. അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കെതിരെ ഡോ കെ എം എബ്രഹാം അയച്ച വക്കീല്‍നോട്ടീസിനെ തുടര്‍ന്നാണ് കെമാല്‍ പാഷ വീഡിയോ പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചത്.

വിജിലന്‍സ് തള്ളിക്കളഞ്ഞ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ ഹൈക്കോടതി കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടര്‍ന്നാണ് അധിക്ഷേപ പരാമര്‍ശങ്ങളടങ്ങിയ വിഡിയോ കെമാല്‍ പാഷ സ്വന്തം യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തത്. ഏപ്രില്‍ 11 , 20 തീയതികളില്‍ രണ്ട് ഭാഗങ്ങളിലയാണ് വീഡിയോ അപ് ലോഡ് ചെയ്തത്.

അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുക മാത്രം ചെയ്ത കേസില്‍ തനിക്കെതിരെ കാട്ടുകള്ളന്‍, അഴിമതി വീരന്‍, കൈക്കൂലി വീരന്‍ തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തിയെന്നും, ഉന്നതമായ ന്യായാധിപ സ്ഥാനത്തിരുന്ന കെമാല്‍ പാഷ വ്യക്തിപരമായ അധിക്ഷേപമാണ് നടത്തിയതെന്നും കെ എം എബ്രഹാം വക്കീല്‍ നോട്ടീസില്‍ ആരോപിച്ചിരുന്നു.

അധിക്ഷേപത്തിന് പരിഹാരമായി വീഡിയോ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും മുന്‍നിര പത്രങ്ങളിലടക്കം മാപ്പപേക്ഷ പ്രസിദ്ധീകരിക്കണമെന്നും കെ എം എബ്രഹാം വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു. അങ്ങനെ ചെയ്യാത്ത പക്ഷം 2കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ജസ്റ്റിസ് കെമാല്‍ പാഷ രണ്ട് വിവാദ വീഡിയോകള്‍ പിന്‍വലിക്കുകയും പരാമര്‍ശങ്ങളില്‍ അതിയായ ഖേദം പ്രകടിപ്പിച്ചുകൊണ്ട് കെ എം എബ്രഹാമിന്റെ അഭിഭാഷകന് മറുപടി നല്‍കുകയും ചെയ്തിരിക്കുന്നത്. തനിക്ക് ഡോ.കെ എം എബ്രഹാമിനോട് വ്യക്തിപരമായ വൈരാഗ്യമില്ലെന്നും കേട്ടറിവുകളുടെ മാത്രം അടിസ്ഥാനത്തില്‍ അദ്ദേഹം അഴിമതിക്കാരനാണെന്ന് കരുതി വീഡിയോ ചെയ്യുകയായിരുന്നുവെന്നും കെമാല്‍പാഷ മറുപടിയില്‍ പറയുന്നു.

കെ എം എബ്രഹാമിനെതിരെ ഒരു കണ്ടെത്തലും ഇല്ലാത്തതുകൊണ്ടും കേസ് കോടതിയുടെ പരിഗണനയിലായതുകൊണ്ടും, ഈ വിഷയത്തില്‍ താന്‍ ഒരു അഭിപ്രായവും പറയാന്‍ പാടില്ലായിരുന്നു. ഇങ്ങനെ രണ്ട് വീഡിയോകള്‍ അപ് ലോഡ് ചെയ്തതില്‍ അതിയായ ഖേദം ഉണ്ട്. അത് സ്വീകരിച്ച് തുടര്‍ നിയമനടപടികളിലേക്ക് കടക്കരുതെന്നും കെമാല്‍പാഷ മറുപടിയില്‍ പറയുന്നു. ഭാവിയിലും കെ എം എബ്രഹാമിനെതിരെ വീഡിയോയോ ലേഖനമോ പ്രസിദ്ധീകരിക്കില്ലെന്നും കെമാല്‍ പാഷ മറുപടിയില്‍ പറയുന്നു.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ : 9447975913, 6235729908