Tue. Nov 24th, 2026

✍️ ലിബി.സി.എസ്

അയോദ്ധ്യ കേസ് നടക്കുമ്പോൾ വൈദികരായ മുസ്ലിങ്ങൾക്ക് അയോധ്യയിൽ കാര്യമില്ല എങ്കിൽ വൈദികനായ രാമനും അതിൽ എന്തുകാര്യം? അത് തദ്ദേശ വാസികളുടെ ബുദ്ധ പള്ളി. ഭഗവാൻ ബുദ്ധർ വാണരുളിയ സാകേത് എന്നവകാശമുന്നയിച്ച് ഫൈസാബാദ് സ്വദേശിയും ഒബിസിക്കാരനുമായ ഒരു ശ്രീ വിനീത് മൗര്യ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. വിനീതിൻറെ ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ അയോധ്യ കേസ് വിധിയിലെ ന്യായ അന്യായമൊക്കെ കോമഡി ആയതിനാൽ ഈ ഹർജിക്കും എന്ത് സംഭവിക്കും എന്ന് ഊഹിക്കാമല്ലോ?

അർത്തുങ്കൽ പള്ളിയും ശബരിമലയുമെല്ലാം ഒരുകാലത്തു ബുദ്ധ വിഹാരങ്ങളായിരുന്നു. കേരളചരിത്രത്തില്‍ ബുദ്ധമതത്തിന്റെ സാംസ്‌ക്കാരിക പ്രകാശത്തെ ഊതിക്കെടുത്തുന്നതിനായി ചുരുങ്ങിയത്‌ ആയിരം വര്‍ഷങ്ങളെങ്കിലും തമസ്‌ക്കരിക്കപ്പെട്ടിട്ടുണ്ട്‌. ഐതീഹ്യങ്ങളും, പുരാണങ്ങളും, പുലിപ്പാല്‌ കഥകളുമായി ജനങ്ങളെ വളഞ്ഞ്‌ പിടിച്ച്‌ ശൂദ്ര ഹിന്ദുക്കളാക്കിയപ്പോള്‍ നമുക്ക്‌ നഷ്ടപ്പെട്ടത്‌ വിലപ്പെട്ട സംസ്ക്കാരമായിരുന്നു. കേരള ഹിന്ദുക്കളിലെ മുക്കാല്‍ പങ്കും വരുന്ന ഈഴവര്‍(തീയ്യര്‍), വിശ്വകര്‍മജര്‍ എന്നീ വിഭാഗങ്ങളും, മുസ്ലീങ്ങളും, ക്രിസ്തുമത വിശ്വാസികളും ബുദ്ധ മതവിശ്വാസികളായിരുന്നു എന്നത്‌ കുഴിച്ചുമൂടപ്പെട്ട ഒരു സത്യമാണ്‌.

ആരെങ്കിലും ബുദ്ധമതം സ്വീകരിക്കണമെന്നല്ല ആവശ്യപ്പെടുന്നത്. ചില ചരിത്രസത്യങ്ങള്‍ ഓര്‍മിപ്പിച്ചു എന്ന് മാത്രം. അർത്തുങ്കൽ പള്ളിയോ ശബരിമലയോ അയോധ്യയോ പള്ളിയായിരുന്നാലും അമ്പലമായിരുന്നാലും ബുദ്ധവിഹാരമായിരുന്നാലും കേരളത്തിലെ സാധാരണ ജനങ്ങൾക്ക് പ്രത്യേകിച്ച് ഗുണവും ദോഷവും ഇല്ല. എങ്കിലും ഇവിടുത്തെ സാധാരണ ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ കെടുത്താൻ അമ്പലവും പള്ളിയും പൊക്കിപ്പിടിച്ചു ചിലർ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുമ്പോൾ ചില സത്യങ്ങൾ വെളിവാക്കപ്പെടേണ്ടതുണ്ട്.

ബുദ്ധമതത്തിന് ശക്തമായ വേരോട്ടമുണ്ടായിരുന്ന കാലത്തെ പ്രമുഖ ബൗദ്ധ കേന്ദ്രമായിരുന്നു അർത്തുങ്കൽ. അർത്തുങ്കൽ എന്ന പേരുണ്ടായത് തന്നെ ബുദ്ധമതത്തിൽ നിന്നാണെണ്. അർഹതൻ കല്ല് എന്ന വാക്കിൽ നിന്നാണ് അർത്തുങ്കൽ എന്ന പേരുണ്ടായത്. ബുദ്ധമതത്തിൽ ചേരുന്നവരെ അർഹതൻ എന്നാണ് വിളിച്ചിരുന്നത്.

ബുദ്ധ, ജൈന വിശ്വാസികളുടെ ആരാധനാലയങ്ങൾ കല്ലെന്നാണ് അറിയപ്പെടുന്നത്. ബുദ്ധമതക്കാരുടെ ആരാധനാലയം അർഹതൻ കല്ല് എന്നും അറിയപ്പെട്ടു. അർത്തുങ്കൽ പള്ളി നിന്നിരുന്ന സ്ഥലത്ത് ബുദ്ധ വിഹാരം ഉണ്ടായിരുന്നുവെന്ന് കരുതുന്നവരുമുണ്ട്. ശബരിമലയുടെ ബുദ്ധമത ബന്ധം ഏറെ ചർച്ചചെയ്യപ്പെടുന്നതാണല്ലോ?

ഒമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ വേണാട് ഭരിച്ചിരുന്ന വിക്രമാദിത്യ വരഗുണൻ എന്ന ആയ് രാജാവ് ശ്രീമൂലവാസം (തിരുമൂലപാദം) ബുദ്ധവിഹാരത്തിലെ ഭട്ടാരകർക്ക് ഭൂമി ദാനം ചെയ്യുന്നതായി പരാമർശിക്കുന്ന പാലിയം ശാസനമടിസ്ഥാനമാക്കി ഇളംകുളം കുഞ്ഞൻപിള്ള അഭിപ്രായപ്പെടുന്നത് ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ-അമ്പലപ്പുഴ ഭാഗത്ത് കടൽത്തീരത്തായാണ് ശ്രീമൂലവാസം നിലനിന്നിരുന്നതെന്നാണ്. സമീപ പ്രദേശങ്ങളായ മാവേലിക്കര, ഭരണിക്കാവ്, കരുമാടി തുടങ്ങിയിടങ്ങളിൽനിന്നും ബുദ്ധവിഗ്രഹങ്ങൾ കണ്ടുകിട്ടിയിട്ടുമുണ്ടല്ലോ.

ശബരിമലയിലെ വിഗ്രഹം, ശരണം വിളി തുടങ്ങിയവയ്ക്ക് ബുദ്ധമതത്തോടുള്ള ബന്ധം തള്ളിക്കളയാവുന്നതല്ല. മകരവിളക്ക് ആഘോഷിക്കുന്ന ശബരിമലയ്ക്കും മകരം പെരുന്നാൾ ആഘോഷിക്കുന്ന അർത്തുങ്കലിനും തമ്മിലുള്ളത് ബുദ്ധമത കാലഘട്ടത്തിലുള്ള ബന്ധമാണ്. അർത്തുങ്കൽ തീരം കുഴിച്ചു കുഴിച്ചു ചെന്നാൽ ബുദ്ധമതത്തിന്റെ തിരുശേഷിപ്പുകളിലും വീണ്ടും കുഴിച്ചാൽ ദ്രാവിഡപ്പഴമയിലും ശിലായുഗ സംസ്‌കാരത്തിലുമൊക്കെ ചെന്നു നിൽക്കും.

പ്രാചീന ചരിത്രത്തിൽ മാത്രമല്ല കേരളത്തിൻറെ ആധുനീക ചരിത്രത്തിലും ബുദ്ധൻ ഇടപെടൽ നടത്തിയിട്ടുണ്ട്.1890 കളിൽ തമിഴകത്ത് അയ്യോതിതാസർ തുടങ്ങിയ ഇന്ത്യയിലെ ആദ്യത്തെ ദ്രാവിഡ നവബുദ്ധമത പ്രസ്​ഥാനത്തിനു ശേഷം കേരളത്തിൽ അത്തരത്തിൽ ഒരിടപെടൽ നടത്തുന്നത് 1925 ലും പിന്നീട് 1930 കളിലും യുക്തിവാദികളായ മിതവാദി സി കൃഷ്ണൻ വക്കീലിൻറെയും സഹോദരൻ അയ്യപ്പന്‍റെയും നേതൃത്വത്തിൽ ഉയർന്നുവന്ന കേരള നവബുദ്ധവാദത്തോടെ ആയിരുന്നു.1950 കളിലെ അംബേദ്കറുടെ നവയാനത്തിനു ദശകങ്ങൾ മുമ്പായിരുന്നു ഇത്. മിതമായ മധ്യമാർഗത്തി​ന്‍റെ തത്വചിന്തയെയാണ് താൻ ബുദ്ധനിൽ നിന്നും നാരാണയ ഗുരുവിൽ നിന്നും ഉൾക്കൊണ്ടത്​ എന്ന് തൻറെ ​ ‘ബുദ്ധതത്വ പ്രദീപം’ എന്ന രചനയിൽ മിതവാദി കൃഷ്ണൻ വക്കീൽ വിശദമാക്കുന്നുണ്ട്​.

അതിനുവേണ്ടിയുള്ള ലിറ്ററൽ വർക്കുകളും അവർ ആ സമയത്ത് ചെയ്തിരുന്നു. ‘ധർമപദം’ പാലിയിൽ നിന്നും മലയാളത്തിലേക്ക് മൂലൂർ വിവർത്തനം ചെയ്തതും ഇതേകാലഘത്തിൽ സഹോദരൻ അയ്യപ്പൻ പറഞ്ഞിട്ടാണ്. അത് ആ കൃതിയുടെ അവസാന വരിയിൽ ഉണ്ട്. അദ്ദേഹം ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്.

“വാഗ്മികൾ മകുടമാം അയ്യപ്പൻ ബിഎ യുടെ
വാക്കിനെ അനുസരിച്ചാദരാൽ ഞാനിങ്ങനെ
കൊളംബമായിരത്തൊരുനൂറാമതാണ്ടിൽ
മേളിക്കും കുംഭമാസം ഇരുപത്തൊമ്പതാം നാൾ
ഘടികായന്ത്രം ഒന്നേകാൽ അടിക്കവേ
ധർമ്മഘടിത യന്ത്രത്തിൻറെ തർജ്ജിമ പൂർത്തിയാക്കി.”

കേരള നവബുദ്ധവാദത്തിൻറെ ഭാഗമായി ധാരാളം പേര് ആ കാലഘട്ടത്തിൽ പലപ്പോഴായി ബുദ്ധമതം സ്വീകരിച്ചിരുന്നു എങ്കിലും ക്ഷേത്രപ്രവേശന വിളമ്പരത്തോടെയാണ് ആ മൂവ്മെന്റുകളെല്ലാം തകർക്കപ്പെട്ടത്. ആർ, സുഗതനെയൊക്കെപ്പോലുള്ളവർ സഹോദരസംഘത്തിലൂടെ യുക്തിവാദിസംഘത്തിലും പിന്നീട് നവബുദ്ധവാദത്തിലും കമ്യൂണിസത്തിലുമൊക്കെ എത്തിയവരാണ്. കമ്യൂണിസ്റ്റ് ബുദ്ധൻ എന്നാണദ്ദേഹം അറിയപ്പെട്ടിരുന്നതും. അന്നത്തെ അമ്പലപ്പുഴ എസ്എൻഡിപി യൂണിയൻ പ്രസിഡണ്ട് ഉൾപ്പെടെ ധാരാളംപേർ ആർ, സുഗതനൊപ്പം ബുദ്ധമതം സ്വീകരിച്ചിരുന്നു.

1928 -ൽ അവർ കോഴിക്കോട് ബാങ്ക് റോഡിൽ ബുദ്ധ വിഹാരം പണി കഴിപ്പിച്ചു. അത് പിന്നീട് കടപ്പുറത്തിനടുത്തുള്ള കസ്റ്റംസ്‌ റോഡിലെ ബുദ്ധാശ്രമത്തിൻ്റെ മുന്നിലേക്ക് മാറ്റി. അവിടെ പാലിയും തമിഴും സിംഹളവും ആംഗലവും മലയാളവും സംസ്​കൃതവുമെല്ലാമടങ്ങുന്ന നൂറുകണക്കിന് പുസ്​തകങ്ങൾ മിതവാദിയുടെ പുസ്​തക ശേഖരത്തിൻറെ അവശേഷിപ്പായുണ്ടായിരുന്നു. മിതവാദികൃഷ്ണൻ വക്കീലും ഭിക്ഷു ധർമ്മ സ്കന്ദയും ആയിരുന്നു അതിൻറെ നടത്തിപ്പുകാർ. ഭിക്ഷു ധർമസ്കന്ധയുടെ മകൻ രാഹുലൻ അത് പൊളിച്ചു കളഞ്ഞു. ഇപ്പോഴും ബുദ്ധാശ്രമവും ഒരു ബോധിവൃക്ഷവും അവശേഷിക്കുന്നുണ്ട്.
(കോഴിക്കോട് ബുദ്ധാശ്രമത്തിലെ ബൗദ്ധ കൂട്ടായ്മയുടെ ബുദ്ധ വന്ദനത്തിൻറെ ഒരു വീഡിയോ ആണ് ചുവടെ)

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ : 9447975913, 6235729908