തിരുവനന്തപുരം: ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ് എം പി. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നൊരു പഴമൊഴിയുണ്ടെന്നും പാകിസ്ഥാനെ അടിച്ചുപരത്തണമെന്ന് ഉദ്ഘോഷിച്ചുകൊണ്ട് യുദ്ധവെറിയില്‍ ആറാടിയിരുന്ന സംഘപരിവാറുകാര്‍ വെടിനിര്‍ത്തലില്‍ പ്രതിഷേധിച്ച് ഒരു പാവം ഉദ്യോഗസ്ഥനെതിരെ രംഗത്തുവന്നിരിക്കുകയാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
സര്‍ക്കാരിന്റെ നയം പറയാന്‍ നിയോഗിക്കപ്പെട്ടുവെന്ന ഒറ്റ കാരണത്താല്‍ വഞ്ചകനെന്നും രാജ്യദ്രോഹിയെന്നും മുദ്രകുത്തി കുടുംബത്തെപ്പോലും വലിച്ചിഴച്ച് സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ നടത്തിയ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിക്ക് എക്സ് അക്കൗണ്ട് പൂട്ടിവയ്ക്കേണ്ടിവന്നെന്നും സംഘപരിവാര്‍ എന്താണെന്ന് ഒരിക്കല്‍ക്കൂടി അടിവരയിട്ട സംഭവമാണിതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പഹല്‍ഗാം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് തിരിച്ചടി കൊടുക്കാന്‍ തീരുമാനിച്ചത് കേന്ദ്രസര്‍ക്കാരാണെന്നും അതിന് എല്ലാ പ്രതിപക്ഷ കക്ഷികളും അകമഴിഞ്ഞ പിന്തുണ നല്‍കുകയായിരുന്നെന്നും ബ്രിട്ടാസ് പറഞ്ഞു. സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാറിന്റെയും സേനാവിഭാഗങ്ങളുടെയും നടപടികളെ പ്രതിപക്ഷം സര്‍വ്വാത്മനാ പിന്തുണച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ പൂര്‍ണതോതിലുള്ള യുദ്ധത്തിലേക്ക് മാറ്റാനുള്ള കാഹളമാണ് ചിലര്‍ മുഴക്കിയത്. അതിന്റെ അപകടം തിരിച്ചറിഞ്ഞ കേന്ദ്രസര്‍ക്കാര്‍ തന്നെ പാകിസ്ഥാനുമായി വെടിനിര്‍ത്തലില്‍ ഏര്‍പ്പെട്ടു.
നമ്മുടെ രാജ്യത്തെയും ഭരണ സംവിധാനത്തെയും ചെറുതായി കാണിച്ച് ഇതിന്റെയൊക്കെ ക്രെഡിറ്റ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൈക്കലാക്കി എന്നത് മറ്റൊരു കാര്യം. ഈ സംഭവബഹുലമായ നടപടികളില്‍ വിദേശകാര്യ സെക്രട്ടറി എന്തു പിഴച്ചു. തങ്ങളെ യുദ്ധവെറിയന്മാരാക്കിമാറ്റിയ സ്വന്തം പാര്‍ട്ടിയിലെ നേതാക്കന്മാരോടും അതിന് ഒത്താശ പാടിയ മാധ്യമങ്ങളോടുമല്ലേ ഇവര്‍ കണക്ക് തീര്‍ക്കേണ്ടത്? മോദിക്കെതിരെ പറഞ്ഞാല്‍ അഴിയെണ്ണേണ്ടി വരുമെന്ന് ഭയന്നത് കൊണ്ടായിരിക്കാം പ്രതിരോധിക്കാന്‍ കഴിയാത്ത ഒരു പാവപ്പെട്ട ഉദ്യോഗസ്ഥനെ പുലഭ്യം പറഞ്ഞു ബലിയാടാക്കാന്‍ തീവ്രവലതുപക്ഷം ശ്രമിക്കുന്നത്. മാറിയ ഇന്ത്യയുടെ ഇരുണ്ട മുഖമാണ് ഇത് പുറത്തു കൊണ്ടുവരുന്നത്’- ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ : 9447975913, 6235729908


