Mon. Nov 23rd, 2026

തിയറ്ററിനുള്ളില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഒന്നാംപ്രതി മൊയ്ദീനെ രക്ഷിക്കാന്‍ ശ്രമം. ഇയാള്‍ക്കെതിരെ ദുര്‍ബ്ബലമായ വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിട്ടുള്ളത്. ശിശുക്ഷേമസമിതി നിര്‍ദേശിച്ച വകുപ്പാണ് ചേര്‍ക്കാത്തത്. പോക്‌സോ 5 (എം) വകുപ്പ് ഒഴിവാക്കി, പകരം 9,10,16 വകുപ്പുകള്‍ ചേര്‍ത്തു. ഇത് കേരളം ഏറെ ഉറ്റുനോക്കുന്ന കേസിനെ ദുര്‍ബലമാക്കുമെന്ന് ശിശുക്ഷേമസമിതി പറഞ്ഞു.

ഈ വകുപ്പ് ഉൾപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് ശിശുക്ഷേമ സമിതി വീണ്ടും പൊലീസിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. കേസിന്റെ തുടക്കം മുതല്‍ പൊലീസിന്റെ മെല്ലെപ്പോക്ക് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ദൃശ്യങ്ങള്‍ അടക്കം തെളിവ് കയ്യില്‍ എത്തിയിട്ടും കേസെടുക്കാനും പ്രതികളെ തിരയാനും ശ്രമിക്കാത്ത നിലപാടായിരുന്നു പൊലീസിന്റേത്. ഇതിന്റെ പേരില്‍ എസ്‌ഐക്ക് സസ്‌പെന്‍ഷനും ലഭിച്ചു.കേസില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു വീഴ്ച പറ്റിയതായി കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയതിനു പിന്നാലെയാണ് പുതിയ വീഴ്ചയും പുറത്തുവരുന്നത്.

പൊലീസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രിയും രാവിലെ രംഗത്തെത്തിയിരുന്നു. പൊലീസ് ചെയ്യാന്‍ പാടില്ലാത്തത് എന്തൊക്കെയാണെന്ന ധാരണ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുണ്ടാവണമെന്ന് പിണറായി വിജയന്‍ പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പൊലീസിനാവണം. പൊലീസ് പരിശീലനത്തില്‍ മാറ്റം വേണം. പൊലീസിന്റെ അന്തസ്സിന് ദോഷമുണ്ടാക്കുന്ന ചില ഉദ്യോഗസ്ഥരുണ്ടെന്നും ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ സേനയ്ക്കു മുഴുവന്‍ അപമാനമുണ്ടാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം എംഎസ്പി ക്യാംപില്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.