തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചുവെന്ന ദേവസ്വത്തിന്റെ പരാതിയില്‍ കോഴിക്കോട് സ്വദേശിനി ജസ്ന സലീമിനെതിരെ കേസെടുത്ത് പൊലീസ്. കഴിഞ്ഞ മാസം ക്ഷേത്രത്തിലെ ഉത്സവ സമയത്ത് കിഴക്കേ നടപ്പുരയിലെ ഭണ്ഡാരത്തിനു മുകളിലെ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ കടലാസ് മാല അണിയിച്ച് വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണ് കേസ്.
ജസ്‌ന സലിം മുന്‍പ് ക്ഷേത്ര നടപ്പുരയില്‍ കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച് സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ പരാതി എത്തിയിരുന്നു. അന്ന് നടപ്പുരയില്‍ വീഡിയോ ചിത്രീകരണം വിലക്കി കൊണ്ട് ഹൈക്കോടതി നിര്‍ദേശം നല്‍കി. മതപരമായ ചടങ്ങുകളോ, വിവാഹങ്ങളോ ഒഴികെ നടപ്പുരയില്‍ വീഡിയോ ചിത്രീകരിക്കരുത് എന്നായിരുന്നു നിര്‍ദേശം. ഈ വിലക്ക് നിലനില്‍ക്കുമ്പോള്‍ വീണ്ടും ചിത്രീകരണം നടത്തി പ്രചരിപ്പിച്ചതിനാണ് കേസ്. മതസ്പര്‍ധ, കലാപമുണ്ടാക്കാനുള്ള ശ്രമം, കോടതി നിര്‍ദേശം ലംഘിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കേസ് എടുത്തതെന്ന് ടെംപിള്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജി. അജയ് കുമാര്‍ പറഞ്ഞു.


