Fri. Nov 20th, 2026

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘കാന്ത’. സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കുകയാണ് ഭാഗ്യശ്രീ ബോര്‍സെ. ചിത്രത്തിലെ ഭാഗ്യശ്രീയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മികച്ച ചിത്രങ്ങള്‍ വേഫേറര്‍ ഫിലിംസ് നിര്‍മിക്കുന്ന ആദ്യ അന്യഭാഷ ചിത്രം കൂടിയാണ് ‘കാന്ത’.

തമിഴില്‍ ഒരുക്കിയ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസിനെത്തും. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ് ഈ ബഹുഭാഷാ ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. ദുല്‍ഖര്‍ സല്‍മാന്‍, ഭാഗ്യശ്രീ ബോര്‍സെ എന്നിവരോടൊപ്പം റാണ ദഗ്ഗുബതി, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റര്‍, എഡിറ്റര്‍- ലെവെലിന്‍ ആന്റണി ഗോണ്‍സാല്‍വേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആര്‍ഒ- ശബരി.