✍️ സുരേഷ്. സി.ആർ
ജനപ്രിയ ചിത്രങ്ങളുടെ രീതികളേയും താരങ്ങളേയും ഉപയോഗപ്പെടുത്തുമ്പോഴും വിപണിയുടെ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ ചിത്രത്തിന്റെ മൂല്യത്തിന് പ്രാധാന്യം കൊടുക്കുകയും മഴയെ സർഗാത്മകമായി തന്റെ ചിത്രങ്ങളിൽ ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുള്ള സംവിധായകനായിരുന്നു ലെനിൻ രാജേന്ദ്രൻ (1951 – 2019).
1982–ൽ വേനൽ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് ലെനിൻ രാജേന്ദ്രൻ സിനിമിയിലെത്തുന്നത്. ചില്ല്, പ്രേംനസീറിനെ കാണാന്മാനില്ല, മീനമാസത്തിലെ സൂര്യൻ, സ്വാതി തിരുനാൾ, പുരാവൃത്തം, വചനം, ദൈവത്തിന്റെ വികൃതികൾ, കുലം, മഴ, അന്യർ, രാത്രിമഴ, മകരമഞ്ഞ്, ഇടവപ്പാതി എന്നിവയാണ് മറ്റുചിത്രങ്ങൾ.
പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐയുടെ സജീവപ്രവർത്തകനായിരുന്നു. ശക്തനായ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു. 1985 ൽ പുറത്തിറങ്ങിയ മീനമാസത്തിലെ സൂര്യൻ എന്ന ചിത്രം ഫ്യൂഡൽ വിരുദ്ധപോരാട്ടത്തെ ഒരു കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ചിത്രമാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂർ രാജാവായിരുന്ന സ്വാതി തിരുന്നാളിന്റെ ജീവചരിത്ര ചിത്രമായ സ്വാതിതിരുന്നാൾ എന്ന ചിത്രത്തിലും ഇതു കാണാൻ സാധിക്കും.
1992 ൽ സംവിധാനം ചെയ്ത ‘ദൈവത്തിന്റെ വികൃതികൾ എം. മുകുന്ദന്റെ അതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു. മാധവിക്കുട്ടിയുടെ ‘നഷ്ടപ്പെട്ട നീലാംബരി’ എന്ന കഥയെ അടിസ്ഥാമമാക്കി സംവിധാനം ചെയ്ത ചിത്രമാണ് 2001 പുറത്തിറങ്ങിയ ‘മഴ’ എന്ന ചിത്രം.
തിരുവനന്തപുരത്ത് ഉൗരൂട്ടമ്പലത്തു ജനനം. കോളജ് പഠനം കഴിഞ്ഞപ്പോൾ എറണാകുളത്തു ഫിനാൻഷ്യൽ എന്റർപ്രൈസിൽ ജോലി കിട്ടി. അവിടെവച്ചു പി.എ.ബക്കറെ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ സഹസംവിധായകനായാണു സിനിമയിലെത്തിയത്. കേരള ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനുമായിരുന്നിട്ടുണ്ട്.


