റായ്പുര്‍: 2026 മാര്‍ച്ച് 31 ആകുന്നതോടെ മാവോയിസ്റ്റുകളെ തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്രവും ഛത്തീസ്ഗഡ് സര്‍ക്കാരും ഇക്കാര്യത്തില്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റുകളെ നേരിടാന്‍ ഛത്തീസ്ഗഡ് പൊലീസ് സ്വീകരിച്ച നടപടികളെയും അദ്ദേഹം പ്രശംസിച്ചു.
കഴിഞ്ഞ വര്‍ഷം മവോയിസ്റ്റുകള്‍ക്കെതിരായ ദൗത്യത്തില്‍ വലിയ പുരോഗതിയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിലെ റായ്പുരില്‍ രാഷ്ട്രപതിയുടെ പൊലീസ് കളര്‍ അവാര്‍ഡ് ദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.
”മവോയിസത്തില്‍നിന്നു ഛത്തീസ്ഗഡ് മോചിതമായാല്‍ മുഴുവന്‍ രാജ്യത്തിനും അതു ഗുണം ചെയ്യും.” അമിത് ഷാ പറഞ്ഞു. മവോയിസ്റ്റുകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം പരാമര്‍ശിച്ചു. മവോയിസ്റ്റുകളോട് ആയുധം വച്ചുകീഴടങ്ങി പൊതുധാരയിലേക്ക് വരാനും അദ്ദേഹം ആഹ്വാനം ചെയ്തു.


