തിരുവനന്തപുരം: ഹിന്ദു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ ചേര്‍ത്ത് മല്ലു ഹിന്ദു വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയ കേസില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ ഗോപാലകൃഷ്ണനെ രക്ഷിക്കുന്ന തരത്തില്‍ ചാര്‍ജ് മെമ്മോ.
ഐ എ എസുകാര്‍ക്കിടയില്‍ വിഭാഗീയതയുണ്ടാക്കാന്‍ ശ്രമിച്ചു എന്ന് മാത്രമാണ് ചാര്‍ജ് മെമ്മോയില്‍ പറയുന്നത്. ഗോപാലകൃഷ്ണന് പോലീസില്‍ വ്യാജ പരാതി നല്‍കിയത് ചാര്‍ജ് മെമ്മോയില്‍ ഇല്ല. ഉദ്യോഗസ്ഥ പോലീസിന് നല്കിയ സ്ക്രീന്‍ഷോട്ടും റിപ്പോര്‍ട്ടും ചാര്‍ജ് മെമ്മോയില്‍ ഉള്‍പ്പെടുത്തിയില്ല. ഗുരുതര കാര്യങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കിയതോടെ ഗോപാലകൃഷ്ണനെ രക്ഷപ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കമെന്ന അരോപണം ഉയര്‍ന്നു.
ഗോപാലകൃഷ്ണന് മുസ്ലിം ഗ്രൂപ്പ് ഉണ്ടാക്കിയത് ചാര്‍ജ് മെമ്മോയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരില്‍ കെ ഗോപാലകൃഷ്ണന് അഡ്മിനായി ഗ്രൂപ്പ് ഉണ്ടാക്കിയതും മണിക്കൂറുകള്‍ക്കുള്ളില്‍ ഡിലീറ്റാക്കിയതും പുറത്തുവന്നതോടെ ഫോണ്‍ ഹാക്ക് ചെയ്തെന്ന വിശദീകരണമാണ് ഗോപാലകൃഷ്ണന് നല്‍കിയത്. ഫോണ്‍ ഹാക്ക് ചെയ്ത് ആരോ 11 വാട്സ് ആപ് ഗ്രൂപ്പുകള്‍ ഒറ്റയടിക്ക് ഉണ്ടാക്കിയെന്നാണ് ഗോപാലകൃഷ്ണന് ആദ്യം വിശദീകരിച്ചത്. എന്നാല്‍ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന് പിന്നീട് പോലീസ് നടത്തിയ പരീശോധനകളില് കണ്ടെത്തിയിരുന്നു.


