Sat. Nov 21st, 2026

മലപ്പുറം: മലപ്പുറം എസ് പി എസ് ശശിധരന്റെ ക്യാമ്പ് ഓഫീസിന് മുന്നില്‍ പി വി അന്‍വര്‍ എം എല്‍ എ കുത്തിയിരിപ്പ് സമരം നടത്തി. എസ് പി ഓഫീസിലെ മരങ്ങള്‍ മുറിച്ചു കടത്തിയത് കോടതിയുടെ നിരീക്ഷണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കണം തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്ത മലപ്പുറം എസ് പി ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നു.

ലൈഫ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന എസ് പിയുടെ അഹങ്കാരം അവസാനിപ്പിക്കുക, പോലീസ് വയര്‍ലെസ് സന്ദേശം ചോര്‍ത്തിയ മറുനാടന്‍ മലയാളി ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയില്‍ നിന്ന് കൈക്കൂലി വാങ്ങി രക്ഷിച്ച എ ഡി ജി പി എം ആര്‍ അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത് ജയിലില്‍ അടയ്ക്കുക തുടങ്ങിയ ആരോപണങ്ങളെഴുതിയ ബാനറുകള്‍ സ്ഥാപിച്ചുകൊണ്ടാണ് പി വി അന്‍വറിന്റെ കുത്തിയിരിപ്പ് സമരം. പോലീസ് സ്റ്റേഷന്‍ നിര്‍മിക്കുന്നില്ലെങ്കില്‍ എടക്കര പോലീസ് സ്റ്റേഷന് നാലു വര്‍ഷം മുമ്പ് ജനങ്ങള്‍ ദാനമായി നല്‍കി 50 സെന്റ് സ്ഥലം ഉടമകള്‍ക്ക് തിരിച്ചുനല്‍കാന്‍ നടപടി സ്വീകരിക്കുക എന്ന ആവശ്യവും ഉന്നയിക്കുന്നു.

ക്യാമ്പ് ഓഫീസില്‍ മരം മുറിച്ചിട്ടുണ്ടോ എന്നു നോക്കാന്‍ എത്തിയ എം എല്‍ എയെ സുരക്ഷാ ചുമതലയുള്ള പോലീസുകാരന്‍ തടഞ്ഞിരുന്നു. അനുമതിയില്ലാതെ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നു പറഞ്ഞായിരുന്നു തടഞ്ഞത്. അപ്പോള്‍ ഇങ്ങനെ സമരം നടത്താതെ വെറെ വഴിയില്ലെന്നും പിവി അന്‍വര്‍ എം എല്‍ എ പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കെതിരെ ഇനി പരാതി നല്‍കാനില്ലെന്നും കോടതിയെ സമീപിക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു.