ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. പരാതി പരിഹാരത്തിനായി ബന്ധപ്പെട്ട അധികാരികളെ സമീപിക്കാൻ ജസ്റ്റിസുമാരായ വിക്രം നാഥ്, എസ് സി ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് ഹർജിക്കാരനോട് ആവശ്യപ്പെട്ടു.
“നിങ്ങൾ അധികാരികളെ സമീപിച്ചിട്ടുണ്ടോ? പരാതിപരിഹാരത്തിനായി നിങ്ങൾ ആദ്യം അധികാരികളെ സമീപിക്കണം”- ബെഞ്ച് പറഞ്ഞു. തുടർന്ന് ഹരജിക്കാരൻ ഹരജി പിൻവലിച്ചു.
ജനപ്രാതിനിധ്യ നിയമപ്രകാരം മോദിയെ ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യനാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ആനന്ദ് എസ് ജോന്ദലെ വഴി ഫാത്തിമ എന്ന വ്യക്തി സമർപ്പിച്ച ഹരജിയാണ് കോടതി തള്ളിയത്.

