അബൂദബി: യു എ ഇയില്‍ മഴക്കെടുതിയില്‍ നാലുപേര്‍ മരിച്ചു. ഒരു സ്വദേശി പൗരനും മൂന്ന് ഫിലിപ്പൈന്‍സുകാരുമാണ് മരിച്ചത്. വെള്ളത്തില്‍ കുടുങ്ങിയ കാറിനുള്ളില്‍ ശ്വാസംമുട്ടിയാണ് ഇവരില്‍ രണ്ടുപേരുടെ മരണം സംഭവിച്ചത്.
വെള്ളപ്പൊക്കം മൂലമുണ്ടായ പ്രവര്‍ത്തന തടസ്സത്തില്‍ നിന്ന് ദുബൈ വിമാനത്താവളം മുക്തിനേടുന്നു. ഇന്ന് രാവിലെ വരെ 1,244 വിമാനങ്ങള്‍ റദ്ദാക്കുകയും 41 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തതായി വിമാനത്താവള വക്താവ് പറഞ്ഞു.
നാളെ രാവിലെയോടെ ദുബൈ രാജ്യാന്തര വിമാനത്താവള പ്രവര്‍ത്തനം പൂര്‍ണമായും പൂര്‍വസ്ഥിതിയിലാകുമെന്നു ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മാജിദ് അല്‍ ജോക്കര്‍ അറിയിച്ചു. ‘ഇന്ന് രാവിലെ മുതല്‍ ടെര്‍മിനല്‍ 1, ടെര്‍മിനല്‍ 3 എന്നിവ ക്രമേണ സാധാരണ നിലയിലായി. രാത്രിയോടെ കൂടുതല്‍ കാര്യക്ഷമമായി.
യാത്രക്കാരുടെ സുരക്ഷക്കായിരുന്നു ദുബൈ വിമാനത്താവളങ്ങള്‍ മുന്‍ഗണന നല്‍കിയത്. വിമാനത്താവളത്തിലെ യാത്രക്കാരില്‍ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ കിണഞ്ഞു ശ്രമിച്ചുവെന്നും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പറഞ്ഞു.
ദുബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളുടെ ചെക്ക്-ഇന്‍ എമിറേറ്റ്സ് ഇന്ന് രാവിലെ പുനരാരംഭിച്ചു. ടെര്‍മിനല്‍ ഒന്നിലെ പ്രവര്‍ത്തനവും പുനരാരംഭിച്ചിട്ടുണ്ട്. ടെര്‍മിനല്‍ 2-ലും പ്രവര്‍ത്തനങ്ങള്‍ സജീവമായി. അതേസമയം, വിമാനത്താവളങ്ങളില്‍ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിലും വിമാനങ്ങള്‍ വൈകുകയും തടസ്സപ്പെടുകയും ചെയ്യുന്നത് പ്രതീക്ഷിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. കണ്‍ഫോം ആയ ഫ്ളൈറ്റ് ടിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ വിമാനത്താവളത്തിലേക്ക് വരേണ്ടതുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം പ്രതികൂല കാലാവസ്ഥയുടെ ആഘാതം ലഘൂകരിക്കാന്‍ കഠിനമായ പരിശ്രമമാണ് നടത്തിയത്. ചൊവ്വാഴ്ചത്തെ തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് റണ്‍വേയില്‍ വെള്ളം നിറഞ്ഞതാണ് പ്രവര്‍ത്തന തടസ്സത്തിന് കാരണമായത്.
ഷാര്‍ജ വിമാനത്താവളം ഫ്ളൈറ്റുകളുടെ തുടര്‍ച്ച സ്ഥിരീകരിച്ചു. യാത്രക്കാരോട് അവരുടെ ഫ്ളൈറ്റ് ഡാറ്റ പരിശോധിക്കാനും ടിക്കറ്റ് റിസര്‍വേഷന്‍ ഉണ്ടെങ്കില്‍ മാത്രം വിമാനത്താവളത്തിലേക്ക് എത്താനും അധികൃതര്‍ ആവശ്യപ്പെട്ടു.


