Sun. Nov 22nd, 2026

✍️ ചന്ദ്രപ്രകാശ് എസ് എസ്

ഭൂമിയിൽ നിന്നും ശൂന്യാകാശയാത്ര നടത്തിയ ആദ്യത്തെ ജീവിയാണ്‌ ലയ്ക്ക എന്ന് ഓമനപ്പേരിട്ട നായ.1957 നവംബർ മൂന്നിനാണ്‌ ലയ്ക്കയെ സോവിയറ്റ് യൂണിയൻ ബാഹ്യാകാശത്തേക്ക് അയച്ചത്. കുഡ്രിയാവ്ക എന്ന് പേരിട്ടിരുന്ന പെൺ നായയെ ലയ്ക്ക എന്ന് പുനർ നാമകരണം ചെയ്യുകയായിരുന്നു. വിക്ഷേപിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ പേടകത്തിനകത്തെ ചൂടും സമ്മർദ്ദവും മൂലം ലയ്ക്ക ജീവൻ വെടിഞ്ഞിരുന്നു. നൊമ്പരമായി മാറിയ ലെയ്ക്കയുടെ ചരിത്രയാത്രയ്ക്കും ഓര്‍മ്മയ്ക്കും ഇന്ന് 66വയസ് തികയുന്നു.

മോസ്‌കോയുടെ തെരുവുകളില്‍ 1954 ൽ ജനിച്ച് അലഞ്ഞുതിരിഞ്ഞ ലെയ്ക്കയുടെ ജീവിതവും, ചരിത്രവും സംഭവബഹുലമാണ്. യാത്രയായി, സ്മൃതിയായി ആറര പതിറ്റാണ്ട് കഴിഞ്ഞിട്ടും ലെയ്ക്കയെ ലോകം മുഴുവൻ ഇന്നും ഓർമ്മിക്കുന്നു. മൃഗസ്നേഹികൾ ലയ്ക്കയെ ആരാധിക്കുന്നു.

വിശാലമായ ലോകത്തിന്റെ നിഗൂഢതകളിലേയ്ക്ക് മനുഷ്യന്റെ ആയിരമായിരം ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയായിരുന്നു ലയ്ക്കയുടെ യാത്ര. ശൂന്യാകാശം എന്ന അജ്ഞാത ലോകത്തേക്കുള്ള യാത്രക്കൊരുങ്ങുമ്പോഴും ഒന്നുമറിയാതെ, കളിചിരിയുമായി തന്റെ കൂട്ടിലിരിക്കുയയായിരുന്നു അവള്‍. ലയ്ക്ക ഒരു പരീക്ഷണവസ്തു അല്ലെങ്കിൽ പരീക്ഷണജീവി മാത്രമായിരുന്നു. ശാസ്ത്രലോകം ഭാവനയില്‍ കണ്ട എല്ലാ ബഹിരാകാശ കാഴ്ചകളെയും ബഹുദൂരം മുന്നിലാക്കിയ ബഹിരാകാശയാത്രിക.

ലോകത്തിലെ രണ്ടാമത്തെ കൃത്രിമ ഉപഗ്രഹമായ സ്ഫുട്‌നിക് 2വിലായിരുന്നു ലെയ്ക്കയുടെ യാത്ര. പ്രത്യേകമായി രൂപകല്‍പന ചെയ്ത കൂടും ജീവന്‍ നിലനിര്‍ത്താനുള്ള ഉപകരണങ്ങളും ശരീരത്തില്‍ ഘടിപ്പിച്ച ഇലക്ട്രോഡുകളുമായാണ് അവൾ ജീവൻ വെടിഞ്ഞത്.

സുഫ്ട്‌നിക് 2 ലെയ്ക്കയെയും വഹിച്ച് ബഹിരാകാശത്തേക്ക് കുതിച്ചു. ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തുന്നത് വരെ ലെയ്ക്കയുടെ ശരീരത്തിലെ ഇലക്ട്രോഡുകള്‍ ഹൃദയമിടിപ്പ് കൃത്യമായി ഭൂമിയിലേക്ക് അയച്ചുകൊണ്ടിരുന്നു. പക്ഷേ നിമിഷങ്ങള്‍ക്കകം ആ ബന്ധം നിലച്ചു. ഒരു പക്ഷെ ജീവശ്വാസത്തിനായി അവൾ പിടഞ്ഞിരിക്കാം. മരണം മുന്നിൽ കണ്ട് അതിജീവനത്തിനായി അവള്‍ പൊരുതിയിരിക്കാം.

ലോകത്ത് വിവിധ ഭാഷകളിൽ പാഠപുസ്തകങ്ങളിൽ ലെയ്ക സ്ഥാനം പിടിച്ചു. റഷ്യയിലെ തെരുവുകളിൽ ജനിച്ചു വളർന്ന നായയുടെ ജീവിതം ചരിത്രമായതും ലെയ്ക വാർത്തകളിൽ നിറഞ്ഞതും ബഹിരാകാശ യാത്രക്കായി അവളെ കൂടെ ടീമിൽ ചേർത്തതോടെയാണ്. ബഹിരാകാശ പരീക്ഷണങ്ങളിൽ റഷ്യക്ക് മുൻ‌തൂക്കം നൽകുന്നതിനും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനുമായി തന്റെ ജീവൻ തന്നെ ത്യജിക്കേണ്ടി വന്നവളാണ് ലെയ്ക. സ്പുട്നിക് 2 യാത്ര ആരംഭിക്കുമ്പോൾ ശാന്തയായി, യാത്രയ്ക്ക് തയ്യാറെടുത്ത ലെയ്ക്കയുടെ ചിത്രം മൃഗസ്നേഹികൾക്ക് ഇന്നും നൊമ്പരമാണ്.

1957 ൽ ബഹിരാകാശത്തെപ്പറ്റി അറിയുന്നതിനായുള്ള പര്യവേഷണങ്ങളിലും ഗവേഷണങ്ങളിലും വൻ ശക്തിയായി റഷ്യ വളർന്നു കൊണ്ടിരിക്കുന്ന കാലത്താണ് ലെയ്‌ക്ക ബഹിരാകാശ യാത്ര നടത്തിയത്. ഭൂമിയിലേക്ക് ഒരു തിരിച്ചു വരവില്ലാത്ത, വലിയൊരു പരീക്ഷണത്തിന്റെ ഭാഗമായി നിഷ്കളങ്കമായ നോട്ടത്തോടെ ലെയ്ക ഇരുന്നു കൊടുക്കുകയായിരുന്നു.

ലോകത്തിന്റെ നാനാഭാഗത്തും ഈ സംഭവത്തിനുശേഷം ലെയ്ക്ക എന്ന
ഓമനപ്പേരിൽ വളർത്തുനായ്ക്കളുണ്ടായി. ഇന്നും നിരവധി ലെയ്‌ക്കമാർ ലോകത്തിന്റെ വിവിധ കോണുകളിൽ ലെയ്‌ക്കയുടെ ഓർമ്മ നിലനിർത്തുന്നു.

ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട് മലയാളത്തിലെഴുതപ്പെട്ട ആദ്യത്തെ നോവലാണ് വി ജെ ജയിംസിൻ്റെ ‘ലെയ്ക്ക’

ലെയ്ക്ക എന്ന പേരിൽ 2023 ൽ ഒരു മലയാളം സിനിമയുണ്ടായി. സിനിമയിൽ കഥാപാത്രമായി വരുന്ന ലെയ്ക്ക എന്ന നായ ബഹിരാകാശത്ത് പോയ റഷ്യൻ നായ ലയ്ക്കയുടെ പിൻമുറക്കാരിയാണെന്നാണ് ചിത്രീകരിക്കുന്നത്.