✍️ പ്രമോദ് പുഴങ്കര
മാധ്യമപ്രവർത്തകയോട് തട്ടിക്കയറുന്ന സുരേഷ് ഗോപി, ഇവരെ പുറത്താക്കൂ എന്ന് ക്ഷുഭിതനായി ആജ്ഞാപിക്കുന്ന സുരേഷ് ഗോപി, തൃശൂർ എനിക്ക് വേണം, ഞാനെടുക്കും എന്ന് പറയുന്ന സുരേഷ് ഗോപി ഇതൊക്കെ അയാളുടെ ചലച്ചിത്ര കഥാപാത്രങ്ങളുടെ ബാധയിൽ നിന്നും വിമുക്തനാകാത്ത ഒരു തരം വിഭ്രാന്തിയുടെ ബാക്കിയാണ് എന്ന മട്ടിൽ വിലയിരുത്തുന്നത് അയാളുടെ കഥാപാത്രങ്ങളെയും ഇപ്പോഴത്തെ അയാളെയും ഉണ്ടാക്കിയ, അതുപോലുള്ള പലരെയും ഉണ്ടാക്കുന്ന ഫാഷിസ്റ്റ് രാഷ്ട്രീയത്തെ കാണാതെപ്പോകുന്നതുകൊണ്ടോ അല്ലെങ്കിൽ ബോധപൂർവ്വം കണ്ടില്ലെന്ന് നടിയ്ക്കുന്നതുകൊണ്ടോ ആണ്.
ഹിംസാത്മകമായ ക്രൗര്യം നിറഞ്ഞ, എതിരാളികൾക്ക് ഒരിളവും കൊടുക്കാത്ത, സർവ്വപ്രതാപിയായ, ഓരോ ജീവകോശത്തിലും ആണധികാരത്തിന്റെ ഹുങ്കാരം പ്രകടിപ്പിക്കുന്ന രക്ഷാപുരുഷന്മാർ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെയും അതിന്റെ സാമൂഹ്യശരീരത്തിന്റെയും സൃഷ്ടിയാണ്. അതായത് നരേന്ദ്ര മോദിയെ ഉണ്ടാക്കിയ അതേ അച്ചിലാണ് സുരേഷ് ഗോപിയേയും ഉണ്ടാക്കിയിരിക്കുന്നത്.
ജനങ്ങളെ ശിശുവത്ക്കരിക്കുകയും അവരെ രക്ഷിക്കുകയും സ്നേഹിക്കുകയും ലാളിക്കുകയും ചെയ്യുന്ന പിതൃസ്വരൂപങ്ങളായി ഭാവിക്കുന്നത് എല്ലാ “രക്ഷധികാരി”കളുടെയും പ്രതിച്ഛായ നിർമ്മിതിയുടെ ഭാഗമാണ്. പാകിസ്ഥാനെ ആക്രമിക്കുന്ന, രാജ്യത്തിന്റെ അഭിമാനം വീണ്ടെടുക്കുന്ന, 56 ഇഞ്ച് നെഞ്ചുവിരിവുള്ള, മുസ്ലീങ്ങളെ പാഠം പഠിപ്പിക്കുന്ന, പ്രതിപക്ഷത്തെ നിസ്സാരവത്ക്കരിക്കുന്ന, എതിരാളികളെ കേവലം മനോനില തെറ്റിയ അസൂയാലുക്കളാക്കി അപഹസിക്കുന്ന നരേന്ദ്ര മോദി മുതൽ മഴ പെയ്താലും മരം വീണാലും “അയാൾ പിന്നെ രണ്ടും കല്പിച്ചിറങ്ങുകയായി” എന്ന വാഴ്ത്തുപാട്ടുകളോടെ പ്രചാരണവിഭാഗം തയ്യാറാക്കിയ പലവിധ ഭാവങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പിണറായി വിജയനടക്കമുള്ള സർവ്വശക്തരായ രക്ഷകന്മാരുടെ നിരയിലേക്കാണ് സുരേഷ് ഗോപിയും കയറിനിൽക്കുന്നത്. അയാൾ കഥാപാത്രങ്ങളുടെ കെട്ടിറങ്ങാത്ത അഭിനേതാവിനെയല്ല നമുക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നത്, ഫാഷിസ്റ്റ് ലക്ഷണങ്ങളുള്ള ഒന്നാന്തരമൊരു പുരുഷരൂപത്തെയാണ്.
ജനാധിപത്യത്തിന്റെ സാമാന്യമായ എല്ലാ രൂപങ്ങളോടും അവർക്ക് പുച്ഛമാണ്. എന്തുകൊണ്ടാണ് മാധ്യമപ്രവർത്തകരെ ഹിന്ദുത്വ ഫാഷിസ്റ്റുകൾ “presstitutes” എന്ന് വിളിച്ചത്? അത് ഇന്ത്യയിലെ പ്രബല മാധ്യമങ്ങളുടെ വർഗ്ഗതാത്പര്യം ഫാഷിസ്റ്റുകൾക്കെതിരായതുകൊണ്ടല്ല, മാധ്യമങ്ങൾ എന്ന സങ്കല്പനം ആജ്ഞകളുടെയും അനുസരണയുടേയും വിധേയത്വത്തിന്റെയും ചിട്ടകൾക്കെതിരായ ചില സാദ്ധ്യതകൾ അവശേഷിപ്പിക്കുന്നുണ്ട് എന്നതുകൊണ്ടാണ്. അതുകൊണ്ടാണ് കേരളത്തിലും സർവ്വശക്തനായ രക്ഷകനെ ചോദ്യം ചെയ്യുന്നതൊക്കെ മഹാപരാധമാക്കിക്കൊണ്ട് “മാ പ്ര” കളെ എന്ന ആക്രോശം മുഴങ്ങുന്നത്. മാ പ്രകളെ കണ്ടാൽ തല്ലിയോടിക്കേണ്ടവരാണെന്നും “നാട്ടുകാർ” അവരെ മേയുന്നത് അവരുടെ കയ്യിലിരുപ്പുകൊണ്ടാണെന്നും തെണ്ടാൻ പൊയ്ക്കൂടേ എന്ന ആക്ഷേപം അവർ അർഹിക്കുന്നതാണെന്നും വാദിക്കുന്ന ഒരു പക്ഷം മാധ്യമ പ്രവർത്തകർ കേരളത്തിൽ അധികാരകേന്ദ്രങ്ങൾക്ക് ചുറ്റും സേവകരായി ഉണ്ടായതും. അടിസ്ഥാനപരമായി ജനാധിപത്യത്തിന്റെ ബഹുസ്വരങ്ങളായ സംവാദസാധ്യതകളെ അടിച്ചമർത്തുകയും രക്ഷകന്മാരുടെ ഔദാര്യത്തിൽ കഴിഞ്ഞുപോകുന്ന നിസ്സഹായരായ നിഷ്ക്കളങ്കരായി ജനങ്ങളെ മാറ്റുകയും ചെയ്യുകയാണ് ഇത്തരം സമഗ്രാധിപത്യ അധികാരകേന്ദ്രങ്ങൾ ചെയ്യാൻ ശ്രമിക്കുന്നത്.
സുരേഷ് ഗോപിയുടെ നായകപ്രതിച്ഛായയിൽ സ്വയം വാർത്തെടുക്കാൻ ശ്രമിക്കുന്നവരാണ് കേരളത്തിലെ പല നേതാക്കളും. പിണറായി വിജയൻറെ തെരഞ്ഞെടുപ്പ് പ്രചാരണചിത്രം ചെയ്തത് രഞ്ജി പണിക്കരും ഉണ്ണികൃഷ്ണനും കൂടിയായത് യാദൃച്ഛികമല്ലാത്തത് അതുകൊണ്ടാണ്. ഫാഷിസം ഒരു സാമൂഹ്യശരീരത്തെ നിർമ്മിച്ചെടുക്കുന്നത് ഇങ്ങനെയൊക്കെയാണ്. അതിനുള്ളിൽപ്പിന്നെ പാകമാകുന്ന ചേഷ്ടകളും ശബ്ദങ്ങളുമൊക്കെയാണ് സുരേഷ് ഗോപിയിലൂടെ പുറത്തുവരുന്നത്. നാടകീയതയുടെ രൂപശബ്ദവിന്യാസങ്ങളിലെ ഏറ്റക്കുറച്ചിലുകളോടെ ഇതുതന്നെയാണ് നമുക്ക് നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കളിൽ പലരിലും കാണാൻ കഴിയുക.
പ്രതിപക്ഷത്തെ അപഹസിക്കുകയും ജനാധിപത്യപ്രതിഷേധങ്ങളെ ഗൂഢാലോചനയായി മുദ്രകുത്തുകയും എതിരാളികളെ തവിലിടുകയും ചെയ്യുന്ന മോദിയാണ് നായകൻ. എന്തുകൊണ്ടാണ് ഒരു ആധുനിക ജനാധിപത്യസമൂഹത്തിന് ചേരാത്തതെന്ന് നിസംശയം പറയാവുന്ന നടപടികൾ മോദി ആവർത്തിച്ചുകൊണ്ടിരിക്കുന്നത്? കാരണം അതിനെ കരുത്തും ധീരതയും മികവുമാക്കിക്കാണുന്ന ഒരു സാമൂഹ്യശരീരത്തെ അവരുണ്ടാക്കിക്കഴിഞ്ഞു എന്നതുകൊണ്ടാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ബലാത്സംഗികൾ ജയിലിൽ നിന്നും പുറത്തുവരുമ്പോൾ അവരെ മാലയിട്ട് സ്വീകരിക്കുന്നവർ ജയ് വിളിക്കുന്നത് മോദിക്കാണ്. ആ ജനത്തിന് ഈ ബാഹുബലി നാടകങ്ങൾ ധാരാളമാണ്.
“കടക്ക് പുറത്ത്” എന്നാക്രോശിച്ച പിണറായി വിജയൻ മുതൽ “ഇവരെ പുറത്താക്കൂ” എന്നാജ്ഞാപിക്കുന്ന സുരേഷ് ഗോപി വരെയുള്ളവർ ഒരേ അധികാരനിലയാണ് ഉപയോഗിക്കുന്നത്. തെണ്ടാൻ പൊക്കൂടെ എന്നൊരു ഉദ്യോഗസ്ഥ ദുഷ്പ്രഭു ചോദിച്ചപ്പോൾ ആഹാ ,ഓഹോ എന്ന് കയ്യടിച്ചത് കേരളത്തിലെ കൊട്ടാരം ക്ഷണിതാക്കളായ ചില മാധ്യമപ്രവർത്തകർ കൂടിയായിരുന്നു. അതിന്റെ ബാക്കികൂടിയാണ് ഇപ്പോൾ നടക്കുന്ന സുരേഷ്ഗോപി വക വഷളൻ ആട്ടക്കഥ.
സ്ത്രീകൾക്ക് നേരെയുള്ള ആണധികാര വഷളത്തങ്ങൾ കേരളത്തിലെ പൊതുസമൂഹം അത്ര വേവലാതിയോടെ എതിർക്കുന്ന ഒന്നല്ല. അത് നേരിട്ടുള്ള ഇത്തരം കയ്യേറ്റങ്ങളോ സ്ത്രീവിരുദ്ധ വഷളത്തങ്ങളോ ഉണ്ടാകുമ്പോൾ മാത്രമല്ല നമ്മൾ കാണേണ്ടത്. പൊതുധാരയിൽ നിന്നും വേണ്ടത്ര പ്രാതിനിധ്യമില്ലാതെ സ്ത്രീകളെ ഒഴിച്ചുനിർത്തുമ്പോഴെല്ലാം ഇത് സംഭവിക്കുന്നുണ്ട്. സുരേഷ് ഗോപി കയ്യടി വാങ്ങിക്കൊണ്ടിരിക്കുന്നത് കേരളത്തിലെ പ്രബലമായ പൊതുബോധത്തിൽ നിന്നുമാണ്. അതാകട്ടെ കക്ഷിരാഷ്ട്രീയത്തിനപ്പുറം പടർന്നുകിടക്കുകയും ചെയ്യുന്നു. “സൂപ്പർസ്റ്റാറുകളായ” മൂന്ന് ആൺ നായകന്മാർക്കൊപ്പം നിർത്തി ഇതാ നാലാമത് സൂപ്പർസ്റ്റാർ എന്ന് പിണറായി വിജയനെ ആഘോഷിക്കുന്ന വാഴ്ത്തുപാട്ട് സംഘം കൊണ്ടുനടക്കുന്ന അതേ പൊതുബോധമാണ് സുരേഷ് ഗോപിയെ കൊണ്ടുനടക്കുന്നതും. അതുകൊണ്ട് സുരേഷ് ഗോപിക്ക് ചികിത്സയാണാവശ്യമെന്നൊക്കെ പറയുന്നത് അയാളെ സൃഷ്ടിച്ച ഫാഷിസ്റ്റ് രാഷ്ട്രീയവുമായി ഏറ്റുമുട്ടാതെ കേവലം തമാശകളിൽ സുരക്ഷിതമായ അകലം പാലിക്കുകയാണ്.


