Wed. Nov 25th, 2026

ഐസോള്‍: മണിപ്പൂര്‍ സംഘര്‍ഷത്തേക്കാള്‍ ഇസ്രായേല്‍-ഹമാസ് യുദ്ധത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താല്‍പര്യമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ മിസോറാമില്‍ എത്തിയതായിരുന്നു രാഹുല്‍.


ഇസ്രായേലില്‍ സംഭവിക്കുന്നതറിയാന്‍ കേന്ദ്ര സര്‍ക്കാറിനും മോദിക്കും ഏറെ താല്‍പര്യമുണ്ട്. എന്നാല്‍ ആശ്ചര്യകരമെന്നു പറയട്ടെ, മണിപ്പൂരിലെ സംഘര്‍ഷത്തെ കുറിച്ചറിയാന്‍ അവര്‍ക്ക് ഈ താല്‍പ്പര്യം കാണിക്കുന്നില്ലെന്നു രാഹുല്‍ ഗാനധി പറഞ്ഞു. മിസോറമില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ എത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധി മോദിക്കെതിരെ അതിരൂക്ഷ വിമര്‍ശമുന്നയിച്ചത്.

ജൂണിലെ മണിപ്പൂര്‍ സന്ദര്‍ശനത്തെ പരാമര്‍ശിച്ച രാഹുല്‍ ഗാന്ധി, താന്‍ കണ്ടത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും പറഞ്ഞു.മണിപ്പൂര്‍ എന്ന ആശയം ബിജെപി തകര്‍ത്തു. മണിപ്പൂര്‍ ഇപ്പോള്‍ ഒരു സംസ്ഥാനമല്ല, രണ്ടായി വിഭജിക്കപ്പെട്ടു. മെയ്‌തേയ്, കുക്കി സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ പരാമര്‍ശിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു. കുഞ്ഞുങ്ങളടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടു, സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടു, എന്നാല്‍ പ്രധാനമന്ത്രിക്ക് ഇത് പ്രധാനമായി തോന്നുന്നില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.