Wed. Nov 25th, 2026

✍️ ചന്ദ്രപ്രകാശ് എസ് എസ്

തിരുവനന്തപുരത്തെ തുമ്പയെന്ന കടലോര ഗ്രാമത്തിൽ നിന്നാരംഭിച്ച ഐ എസ് ആർ ഒയുടെ ജൈത്രയാത്ര ഇപ്പോൾ ചരിത്രയാത്രയായി മാറിയപ്പോൾ അതിന് പിന്നിലെ ചരിത്രവും രജതരേഖയാണ്. തുമ്പയും, അവിടുത്തെ നാല് നൂറ്റാണ്ടിലേറെ പഴക്കം ചെന്ന മേരി മഗ്ദലിൻ പള്ളിയും, അതിനടുത്തുള്ള ബിഷപ്പ് ഹൗസും, പ്രൈമറി സ്കൂളും, അൾത്താരയും, കാലിത്തൊഴുത്തും വരെ ചരിത്രമായി. ഇതൊക്കെ ചേർന്നാണ് ‘തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷനായത് ‘ (TERLS) ത്യാഗം സഹിച്ച മത്സ്യത്തൊഴിലാളികൾക്ക് വീടുകളും പള്ളിയും തുമ്പയിൽ നിന്നും ഏതാനും കി.മിറ്റർ മാത്രം അകലെയുള്ള പള്ളിത്തുറയിൽ നിർമ്മിച്ചു നൽകി. ഒരു ഗ്രാമവും, ഗ്രാമവാസികളുടെ ജീവിതവും അവരുടെ ആരാധനാലയവും രാജ്യത്തിനും, ശാസ്ത്രത്തിനും വേണ്ടി പറിച്ചു നട്ടു എന്ന് സാരം.

ഏറ്റെടുത്ത 600 ഏക്കറോളം ഭൂമിയിൽ 90 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം സഭയ്ക്കായിരുന്നു. വലിയ പ്രതീക്ഷയില്ലാതെ, ഒരു ശ്രമം എന്ന നിലയിലാണ് ശാസ്ത്രജ്ഞൻമാർ അന്നത്തെ പള്ളിമേധാവികളുമായും, പ്രമുഖ മത്സ്യത്തൊഴിലാളികളുമായും വിഷയം സംസാരിച്ചത്. ഭാഗ്യവശാൽ അവർ സമ്മതം മൂളി. വിക്രം സാരാഭായിയുടെ അഭ്യർത്ഥന പ്രകാരം അന്നത്തെ ബിഷപ്പ് റവ.ഫാ.പീറ്റർ ബർണാഡ് പെരേരയാണ് വിശ്വാസികളുടെ ഇടയിൽ സജീവമായി ഇടപെട്ട് കാര്യം ബോദ്ധ്യപ്പെടുത്തിയത്. ശാസ്ത്രാവശ്യങ്ങൾക്കായി നമ്മുടെ സ്ഥലം വിട്ടുനൽകാമോ എന്ന് ഒരു ഞായറാഴ്ച്ച പ്രാർത്ഥനയിൽ അദ്ദേഹം വിശ്വാസികളോട് ആരാഞ്ഞു. അവർ ഒന്നടങ്കം സമ്മതം മൂളുകയും ശാസ്ത്രസ്ഥാപനം തുമ്പയിൽ വരികയുമാണുണ്ടായത്. തുമ്പയിൽ ഇന്നും മേരി മഗ്ദലിൻ പള്ളി സംരക്ഷിച്ചിട്ടുണ്ട്.

ആദ്യ റോക്കറ്റ് കൂട്ടിയോജിപ്പിച്ചത് അൾത്താരയ്ക്ക് മുമ്പിൽ. തൊട്ടടുത്തുള്ള ബിഷപ്പ് ഹൗസ് വിക്ഷേപണ കേന്ദ്രം ഡയറക്ടറുടെ ഓഫീസ്. പള്ളിക്ക് മുമ്പിലെ തെങ്ങിൻ തോപ്പ് വിക്ഷേപണത്തറ. അടുത്തുള്ള പള്ളിവക പ്രൈമറി സ്കൂൾ കെട്ടിടം ആദ്യത്തെ ലോഞ്ച് ഓഫീസായി. പിന്നീടത് ടെക്നിക്കൽ ലൈബ്രറിയായി. പഴയൊരു കാലിത്തൊഴുത്ത് സ്പേസ് പരിഷ്ക്കരിച്ച് ലാബാക്കി. ഇതാണ് ഇന്ത്യയിലെ ആദ്യത്തെ സ്പേസ് ലാബ്.

1947 ൽ രാജ്യം സ്വാതന്ത്ര്യം നേടി. പതിനാറു വർഷം കഴിഞ്ഞപ്പോൾ ബഹിരാകാശ ചരിത്രത്തിലെ വലിയൊരു നേട്ടം നാം കൈവരിച്ചു. ഈ നേട്ടത്തിന് പുറകിലെ ആസൂത്രണവും സംഘാടനവും എടുത്തു പറയേണ്ടതാണ്. ലോകത്ത് മറ്റൊരു രാജ്യത്തിനും കൈവരിക്കാനാകാത്ത നേട്ടം.

ഇന്ത്യയുടെ ബഹിരാകാശ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO/ഇസ്രോ) ആണെന്ന് നമുക്കറിയാം. ആദ്യ റോക്കറ്റ് ആകാശത്തേക്ക് ഉയരുമ്പോൾ ഇസ്രോ എന്ന സ്ഥാപനം പിറവികൊണ്ടിട്ടില്ല. ഡിപ്പാർട്ട്മെന്റ് ഓഫ് ഓട്ടോമിക്ക് എനർജിക്കു കീഴിൽ ഒരു കമ്മിറ്റിയാണ് (ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിനുള്ള ഇന്ത്യൻ ദേശീയ സമിതി അഥവാ (INCOSPAR) ഇന്ത്യയിലെ ബഹിരാകാശ ഗവേഷണങ്ങളെ ഏകോപിപ്പിച്ചിരുന്നത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവും, ഹോമി ഭാഭയും ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന വിക്രം സാരാഭായിയുമായിരുന്നു INCOSPAR ന്റെ ശിൽപികൾ. ഡോ.എ പി ജെ അബ്ദുൾ കലാമടക്കം ഏഴ് ശാസ്ത്രജ്ഞന്മാരായിരുന്നു ഇവിടത്തെ ആദ്യ സംഘം. ഇവർ ഏഴ് പേരേയും നാസയിൽ എത്തിച്ച് പരിശീലനം നൽകി. തിരുവനന്തപുരത്തെ ആഡംബരങ്ങളില്ലാത്ത സാധാരണ ലോഡ്ജുകളിൽ താമസിച്ച്, ചായക്കടകളിൽ നിന്നും ഭക്ഷണം കഴിച്ച്, കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്ത് രാവെന്നോ പകലെന്നോ ഇല്ലാതെ ഏഴുപേരും കഠിനാദ്ധ്വാനം ചെയ്തു. ഇതേക്കുറിച്ചെല്ലാം എ പി ജെയുടെ ആത്മകഥയായ അഗ്നിച്ചിറകുകളിൽ പ്രതിപാദിക്കുന്നുണ്ട്.

ബഹിരാകാശ പദ്ധതികളുടെ ഭാഗമായി ഒരു വിക്ഷേപണ കേന്ദ്രം സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നുന്നതിന് ഒരു ശാസ്ത്ര സംഘം ഇന്ത്യയിൽ ഇരുന്നൂറോളം സ്ഥലങ്ങളിൽ സന്ദർശനം നടത്തി. ഇങ്ങനെ കണ്ടെത്തിയ കേന്ദ്രങ്ങളിൽ കേരളത്തിലെ കൊച്ചി, തിരുവനന്തപുരം ജില്ലയിലെ വർക്കല, തുമ്പ, കൊല്ലം ജില്ലയിലെ വെള്ളനാതുരുത്ത്, കരുനാഗപ്പള്ളി എന്നീ ഭൂപ്രദേശങ്ങൾ ഉണ്ടായിരുന്നു. ഭൂമിയുടെ കാന്തിക ഭൂമദ്ധ്യരേഖ കടന്നുപോകുന്ന ഭാഗങ്ങളാണ് ഈ സ്ഥലങ്ങളെല്ലാം. തുമ്പയാണ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം എന്ന് സംഘം അവസാനം വിലയിരുത്തി. തുമ്പയെപ്പോലെ അനുയോജ്യമായ സ്ഥലമായി സംഘം കണ്ടെത്തിയ മറ്റൊരു സ്ഥലം കൊല്ലം ജില്ലയിലെ വെള്ളനാതുരുത്തായിരുന്നുവെങ്കിലും മറ്റ് പല ഘടകങ്ങളും പരിഗണിച്ച് തുമ്പ തെരഞ്ഞെടുക്കുകയായിരുന്നു. അങ്ങനെയാണ് വിക്രം സാരാഭായി കേന്ദ്രം തുമ്പയിലേക്ക് മാറ്റുന്നത്.

അന്ന് തുമ്പ ഒരു ചെറിയ ഗ്രാമമായിരുന്നു. മത്സ്യത്തൊഴിലാളി മേഖലയായിരുന്ന ഈ കടലോല ഗ്രാമത്തിൽ മീൻപിടുത്തമായിരുന്നു അവിടത്തുകാരുടെ ഏക വരുമാന മാർഗം. മുന്നൂറ്റിയമ്പതോളം വരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ അവിടെ നിന്നും മാറ്റി താമസിപ്പിച്ചു. അങ്ങനെ പരിമിതമായ സാഹചര്യങ്ങളിൽ ഒരു പള്ളിയുടെ അകത്തളത്തിലും പരിസരത്തുമായി ഇന്ത്യയുടെ ആദ്യ ബഹിരാകാശ കേന്ദ്രം തുമ്പയിൽ (Thumba Equatorial Rocket Launching Station അഥവാ TERLS) പ്രവർത്തനം തുടങ്ങി.

ബഹിരാകാശരംഗത്ത് ഒന്നിച്ച് പരീക്ഷണങ്ങൾ നടത്തുന്നതിനും സാങ്കേതികവിദ്യകൾ കൈമാറുന്നതിനും രാജ്യങ്ങൾ തമ്മിൽ ചർച്ചകൾ നടക്കുന്ന കാലമായിരുന്നു അത്. ഇന്ത്യ നടത്തുന്ന ബഹിരാകാശ പരീക്ഷണങ്ങൾക്ക് പിന്തുണ നല്‍കുന്നതിന് അമേരിക്ക, റഷ്യ, ഫ്രാൻസ്, യുകെ, ജർമനി എന്നീ രാജ്യങ്ങൾ സമ്മതിച്ചിട്ടുണ്ടായിരുന്നു. തുമ്പയിലെ വിക്ഷേപണ കേന്ദ്രം സ്ഥാപിക്കുന്നതിനും തുടർ പരീക്ഷണങ്ങൾ നടത്തുന്നതിനും നാസ സഹായം വാഗ്ദാനം ചെയ്തു. ഇന്ത്യൻ ശാസ്ത്രജ്ഞരെ അമേരിക്കയിൽ അയച്ചു പരിശീലനം നടത്തുന്നതിനും ഇതുമൂലം സാധിച്ചു. വിക്ഷേപണം നടത്തുന്നതിനുള്ള സൌണ്ടിങ് റോക്കറ്റുകൾ നല്‍കാമെന്ന് അമേരിക്കയും അന്തരീക്ഷ പഠനം നടത്താനുള്ള ഉപകരണങ്ങൾ നല്‍കാമെന്ന് ഫ്രാൻസും സമ്മതിച്ചു.

അങ്ങനെ, 1963 നവംബർ 21ന് വൈകീട്ട് 6.25 നു അമേരിക്ക നമുക്ക് തന്ന നൈക്ക് അപ്പാച്ചെ (Nike-Apache) എന്ന റോക്കറ്റ് തുമ്പയിലെ വിക്ഷേപണത്തറയിൽ നിന്നും ബഹിരാകാശത്തേക്ക് കുതിച്ചുയർന്നു. 180 കിലോമീറ്റർ ഉയരത്തിൽ വെച്ച് പേലോഡിൽ (payload) നിന്നും സോഡിയം വാതകം ആകാശത്തിൽ പരത്തി. അന്തരീക്ഷപഠനത്തിന്റെ ഭാഗമായി നിരവധി ഫോട്ടോകളും അന്നെടുത്തു. അങ്ങനെയാണ് നൈക്ക് അപ്പാച്ചെ റോക്കറ്റ് തുമ്പയിലെ വിക്ഷേപണത്തറയിൽ നിന്നും ബഹിരാകാശത്തേക്ക് കുതിച്ചുയർന്നത്.

1963ൽ റോക്കറ്റിൻ്റെ ഭാഗങ്ങൾ സൈക്കിളിലും കാളവണ്ടിയിലും എത്തിക്കുന്ന ശാസ്ത്രജ്ഞന്മാരുടെ ചിത്രങ്ങൾ ഇന്നും നമ്മുടെ മനസ്സിലുണ്ട്. ഇപ്പോൾ ചാന്ദ്രയാൻ 3 ൻ്റെ വിജയം ആ പഴയ ഓർമ്മകൾക്ക് നിറം പകരുന്നു.