Mon. Nov 23rd, 2026

തിരുവനന്തപുരം: മാറനല്ലൂരിൽ സിപിഐ നേതാവ് സുധീർ ഖാന്റെ മുഖത്ത് ആസിഡ് ഒഴിച്ചശേഷം മുങ്ങിയ പ്രതിയെ തമിഴ്‌നാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മധുരയിലെ ലോഡ്‌ജിലാണ് സംഭവത്തിൽ പ്രതിയായ സജിയെ ആത്മഹത്യ ചെയ്‌‌തതായി കണ്ടെത്തിയിരിക്കുന്നത്.

സിപിഐ മാറനല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമാണ് എ.ആർ സുധീർ ഖാൻ. സിപിഐ മണ്ഡലം കമ്മിറ്റി അംഗവും മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമാണ് പ്രതിയായ സജി കുമാർ. ക്ഷീരോത്പാദന സഹകരണ സംഘവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. മുഖത്താണ് സുധീർ ഖാന് കൂടുതൽ പരിക്കേറ്റിരിക്കുന്നത്.


ആക്രമണത്തിന് ശേഷം സംസ്ഥാനം വിട്ട സജി കുമാർ തമിഴ്‌നാട്ടിലുണ്ടെന്ന് ടവർ ലൊക്കേഷൻ ഉപയോഗിച്ച് പൊലീസ് മനസിലാക്കി. ശേഷം ഇയാളെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മധുരയിൽ ലോഡ്‌ജ്‌മുറിയിൽ സജിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മാറനല്ലൂർ പൊലീസ് മധുരയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

പരിക്കേറ്റ സുധീർഖാൻ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ഏതാണ്ട് 45 ശതമാനം പൊള്ളലേറ്റ സുധീർ ഇപ്പോൾ അപകട നില തരണം ചെയ്‌തു. എന്നാൽ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്.