കല്പറ്റ: വയനാട്ടില്‍ ഗര്‍ഭിണിയായ യുവതി കുഞ്ഞുമായി പുഴയില്‍ച്ചാടി മരിച്ചതിനു പിന്നില്‍ ഭര്‍തൃ വീട്ടിലെ ക്രൂരമായ പീഡനമാണെന്ന ആരോപണവുമായി കുടുംബം. ദര്‍ശനയുടെ മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് കലക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും കുടുംബം പരാതി നല്കി.
വെണ്ണിയോട് പഞ്ചായത്ത് ഓഫീസിനു സമീപത്തെ ജൈന്‍സ്ട്രീറ്റ് അനന്തഗിരിയില്‍ ഓംപ്രകാശിന്റെ ഭാര്യ ദര്‍ശന (32), മകള്‍ അഞ്ചുവയസ്സുകാരി ദക്ഷയെയുംകൊണ്ട് പുഴയില്‍ച്ചാടി മരിക്കുകയായിരുന്നു. നാലുമാസം ഗര്‍ഭിണിയുമായിരുന്നു ദര്‍ശന.
ഭര്‍ത്തൃവീട്ടുകാര്‍ ഗര്‍ഭച്ഛിദ്രത്തിനു നിര്‍ബന്ധിച്ചതിനെത്തുടര്‍ന്നാണു മകള്‍ ആത്മഹത്യചെയ്തതെന്ന് ദര്‍ശനയുടെ മാതാപിതാക്കളായ സി വി വിജയകുമാറും വിശാലാക്ഷിയും ആരോപിച്ചു. ഓംപ്രകാശും ഭര്‍ത്തൃപിതാവ് ഋഷഭരാജനും മകളെ മര്‍ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായും ഇവര്‍ പറയുന്നു.
പഠനകാര്യങ്ങളില്‍ ഏറെ മുന്‍പന്തിയില്‍നിന്നിരുന്ന ദര്‍ശന പല പി എസ് സി ലിസ്റ്റുകളിലും ഉണ്ടായിരുന്നു. നിലവിലുള്ള യു പി സ്കൂള്‍ ടീച്ചേഴ്സ് ലിസ്റ്റില്‍ 76-ാം റാങ്കുണ്ടായിരുന്നു. മരണദിവസം ജൂനിയര്‍ സയന്റിഫിക് അസിസ്റ്റന്റായി ജോലിലഭിക്കാനുള്ള ഉത്തരവും വീട്ടിലെത്തി.
കഴിഞ്ഞ 13-നാണ് ദര്‍ശന മകളെയുംകൊണ്ട് പുഴയില്‍ ചാടിയത്. പുഴയില്‍ ചാടുന്നതിനുമുമ്പ് വിഷവും കഴിച്ചിരുന്നു. നാട്ടുകാര്‍ ദര്‍ശനയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തന്നെ വീണ്ടും ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതിനാലാണ് ആത്മഹത്യചെയ്യാന്‍ ശ്രമിച്ചതെന്ന് അത്യാസന്നനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മകള്‍ വ്യക്തമാക്കിയതായി അമ്മ വിശാലാക്ഷി പറഞ്ഞു. മുമ്പ് രണ്ടുതവണ മകളെ ഭര്‍ത്താവ് നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തി. നാലുമാസം ഗര്‍ഭിണിയായിരുന്നു അവള്.
2016 ഒക്ടോബറില്‍ വിവാഹം കഴിഞ്ഞതുമുതല്‍ നിരന്തരമായി മാനസികപീഡനങ്ങളും ശാരീരികമര്‍ദനങ്ങളും ദര്‍ശന നേരിട്ടിരുന്നു. ഭര്‍ത്തൃപിതാവ് ദര്‍ശനയെ അസഭ്യം പറയുന്നതും സ്വര്‍ണവും പണവും ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിക്കുന്നതും പതിവായിരുന്നു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണം ആവശ്യപ്പെട്ടുകൊണ്ടുള്ള മാനസികപീഡനം തുടങ്ങി. ദര്‍ശന സ്വന്തം വീട്ടിലേക്ക് വരുന്നതിനുപോലും ഭര്‍ത്തൃവീട്ടുകാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
ഭര്‍തൃ വീട്ടിലെ പീഡനത്തെക്കുറിച്ചു പരാതി നല്‍കിയെങ്കിലും പോലീസില്‍നിന്ന് ഒരു പിന്തുണയും കിട്ടിയില്ലെന്ന് കുടുംബം പറഞ്ഞു.പോലീസും പോലീസ് നിര്‍ദേശിച്ച കൗണ്‍സിലറും ചേര്‍ന്ന് മകളെ തിരികെ ഭര്‍ത്തൃവീട്ടിലേക്ക് അയക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.


