Sat. Nov 21st, 2026

ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി എതിര്‍കക്ഷിയായ പൂര്‍ണേഷ് മോദിക്കും ഗുജറാത്ത് സര്‍ക്കാരിനും നോട്ടീസ് അയച്ചു. നോട്ടീസിന് പത്ത് ദിവസത്തിനുള്ളില്‍ മറുപടി നല്‍കാമെന്ന് പൂര്‍ണേഷ് മോദിയുടെ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചു. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി ഓഗസ്റ്റ് നാലിന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, പി കെ മിശ്ര എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

വയനാട് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ ഏതു സമയത്തും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്നതിനാല്‍ അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ സുപ്രീം കോടതി ഉടന്‍ തീരുമാനം എടുക്കണമെന്നു രാഹുലിന്റെ അഭിഭാഷകന്‍ മനു അഭിഷേക് സിംങ്ങ്‌വി ആവശ്യപ്പെട്ടു.

രാഹുല്‍ അയോഗ്യമാക്കപ്പെട്ടിട്ട് 111 ദിവസം കഴിഞ്ഞു. അദ്ദേഹത്തിന് ഒരു പാര്‍ലമെന്റ് സമ്മേളനം നഷ്ടമായി. അതിനാല്‍ എത്രയുംവേഗം ഹര്‍ജിയില്‍ വാദം കേള്‍ക്കണമെന്നും സിംഗ്വി ആവശ്യപ്പെട്ടപ്പോള്‍ രാഹുലിന്റെ ഹര്‍ജിയില്‍ മറുപടി ഫയല്‍ ചെയ്യാന്‍ പത്ത് ദിവസം സമയം അനുവദിക്കണമെന്നായിരുന്നു പൂര്‍ണേഷ് മോദിക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മഹേഷ് ജെഠ്മലാനിയുടെ ആവശ്യം. ഈ ആവശ്യം അംഗീകരിച്ചാണ് ഹര്‍ജി ഓഗസ്റ്റ് നാലിന് പരിഗണിക്കാനായി കോടതി മാറ്റിയത്.

കോണ്‍ഗ്രസ് പാരമ്പര്യമുള്ള താന്‍ ഈ കേസ് പരിഗണിക്കുന്നതില്‍ ആര്‍ക്കെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ താന്‍ പിന്‍മാറാമെന്നു ബെഞ്ചിന് നേതൃത്വം വഹിക്കുന്ന ജസ്റ്റിസ് ബി ആര്‍ ഗവായ് ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോള്‍ ആമുഖമായി പറഞ്ഞു.


തന്റെ അച്ഛന്‍ കോണ്‍ഗ്രസുകാരനായിരുന്നു. 40 വര്‍ഷത്തോളം അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് അംഗം ആയിരുന്നു. സഹോദരന്‍ ഇപ്പോഴും രാഷ്ട്രീയത്തിലുണ്ട്. അതിനാല്‍ താന്‍ ഈ കേസ് കേള്‍ക്കുന്നതില്‍ ആര്‍ക്കെങ്കിലും എതിരഭിപ്രായം ഉണ്ടെങ്കില്‍ പിന്മാറാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. രാഹുല്‍ ഗാന്ധിക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വിയും പൂര്‍ണേഷ് മോദിക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മഹേഷ് ജെഠ്മലാനിയും ജസ്റ്റിസ് ബി ആര്‍ ഗവായ് കേസ് കേള്‍ക്കുന്നതില്‍ എതിര്‍പ്പില്ല എന്ന് കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് രാഹുലിന്റെ ഹര്‍ജിയില്‍ ജസ്റ്റിസ് ഗവായ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചത്.