Sun. Nov 22nd, 2026

ഹാരിസണ്‍ മലയാളം എസ്റ്റേറ്റിന് അനുകൂലമായ ഹൈക്കോടതി വിധി ജനങ്ങളുടെ താത്പര്യങ്ങള്‍ക്ക് എതിരാണെന്ന് എം സ്വരാജ് എംഎല്‍എ. ഹാരിസണ്‍ കേസിലെ വിധി കോടതിയോടുള്ള ബഹുമാനം വര്‍ധിപ്പിക്കുന്നതല്ല. വിധി ജനങ്ങള്‍ക്ക് എതിരാണ്. പാപപ്പെട്ടവന്റെ താത്പര്യങ്ങള്‍ക്ക് എതിരാണ്. എം. സ്വരാജ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. തലചായ്ക്കാന്‍ ഒരു സെന്റ് ഭൂമി പോലുമില്ലാത്ത ലക്ഷങ്ങള്‍ താമസിക്കുന്ന നാട്ടില്‍ , 38000 ഏക്കര്‍ ഭൂമി കൈവശം വയ്ക്കുന്നവര്‍ കുറ്റവാളികളാണെന്നും എം സ്വരാജ് പറഞ്ഞു. ഹാരിസണ്‍ സന്തോഷം മാത്രം നല്‍കുന്ന വിധി തീര്‍പ്പ് കല്‍പ്പിക്കുമ്പോള്‍ സംരക്ഷിക്കപ്പെടുന്നത് ആരുടെ താത്പര്യമാണെന്നും അദ്ദേഹം ചോദിക്കുന്നു.ഇത്തരം വിധികള്‍ രാജ്യത്തെ നിയമവാഴ്ചയെ തന്നെ ദുര്‍ബലപ്പെടുത്തുമെന്നും എം സ്വരാജ് കുറ്റപ്പെടുത്തുന്നു.

ഇന്നാണ് ഹാരിസണ്‍ മലയാളം എസ്റ്റേറ്റ് കൈവശം വച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നടപടി ഹൈക്കോടതി തടഞ്ഞത്. സര്‍ക്കാര്‍ റോബിന്‍ ഹുഡിനെ പോലെ പെരുമാറരുതെന്നും പൗരന്മാര്‍ക്കുള്ളതു പോലുള്ള അവകാശം കമ്പനികള്‍ക്കുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി റദ്ദാക്കിയത്.

രാജമാണിക്യം റിപ്പോര്‍ട്ടിലൂടെ അനുസരിച്ച് വന്‍കിട കമ്പനികളും കൈവശം വച്ചിരുന്ന 38000 ഏക്കറോളം ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. ഹാരിസണിന്റെ ഭൂമി പാട്ടത്തിനെടുത്തതാണെന്ന് സര്‍ക്കാര്‍ വാദിച്ചിരുന്നെങ്കിലും ഇത് തെളിയിക്കാന്‍ സര്‍ക്കാരിന് സാധിച്ചിരുന്നില്ല. മാത്രമല്ല, ഭൂമി ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് നിയമസെക്രട്ടറി മുമ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ടും നല്‍കിയിരുന്നു.

എം. സ്വരാജ് എംഎല്‍എയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ് ഇങ്ങനെ

വിധി പ്രഹരമേൽപിച്ചത് കേരളത്തെ …

കോടതികളുടെ നിലനിൽപ് കോടതി വിധികളോടുള്ള സാധാരണ ജനങ്ങളുടെ ബഹുമാനത്തെ അടിസ്ഥാനമാക്കിയാണെന്ന് പറഞ്ഞത് ന്യൂ ജഴ്സിയിലെ പഴയ ചീഫ് ജസ്റ്റീസായിരുന്ന ആർതർ ടി വാണ്ടർ ബിൽറ്റായിരുന്നു.

ഹാരിസൺ കേസിലെ വിധി കോടതിയോടുള്ള ജനങ്ങളുടെ ബഹുമാനം വർദ്ധിപ്പിക്കുന്നതല്ല. വിധി ജനങ്ങൾക്കെതിരാണ്. പാവപ്പെട്ടവന്റെ താൽപര്യങ്ങൾക്കെതിരാണ് .

ഒരു സെന്റ് ഭൂമി പോലുമില്ലാത്ത ലക്ഷങ്ങൾ ജീവിക്കുന്ന നാട്ടിൽ ,
തലചായ്ക്കാൻ ഒരു കൂരയില്ലാതെ തെരുവിലുറങ്ങുന്ന മനുഷ്യരുടെ മുന്നിൽ ,
38,000 ഏക്ര ഭൂമി കൈവശം വെയ്ക്കുന്നവർ കുറ്റവാളികളാണ്.

ആ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞ തോട്ടമാകുമ്പോൾ വ്യവസ്ഥാപിത നിയമമനുസരിച്ചും അത് തെറ്റാണ് . ആ തെറ്റിന് മേൽ നടപടി സ്വീകരിക്കേണ്ടവർ നടപടിക്രമങ്ങളുടെ തലനാരിഴ കീറി ഹാരിസണ് സന്തോഷമുണ്ടാക്കുന്ന തീർപ്പ് കൽപിക്കുമ്പോൾ സംരക്ഷിക്കപ്പെടുന്നത് ആരുടെ താൽപര്യമാണ്. ?

സ്വമേധയാ കേസെടുക്കാനും അന്വേഷണത്തിന് ഉത്തരവിടാനും അധികാരമുള്ളവരുടെ കൺമുന്നിൽ അനീതിയും നിയമ ലംഘനവും നടക്കുമ്പോൾ അധികാരം അനീതിക്കൊപ്പമാവുന്നത് ദു:ഖകരമാണ്. അപമാനകരമാണ്.

പാട്ടക്കാലാവധി കഴിഞ്ഞ , അന്യായമായി കൈവശം വെയ്ക്കുന്ന പതിനായിരക്കണക്കിന് എക്ര ഭൂമിയുടെ യഥാർത്ഥ അവകാശികൾ ഈ നാട്ടിലെ ഭൂരഹിതരായ ദരിദ്രരാണ്. തങ്ങൾക്കവകാശപ്പെട്ട ഭൂമിയിൽ അവകാശം സ്ഥാപിക്കാൻ മറ്റാരുടേയും അനുവാദത്തിന് കാത്തു നിൽക്കേണ്ടതില്ലെന്ന് ദരിദ്രരായ ജനങ്ങൾ തിരിച്ചറിയും. ചിലതരം വിധികൾ നിയമവാഴ്ചയെത്തന്നെ ദുർബലപ്പെടുത്തിയേക്കും.