Sun. Nov 22nd, 2026

കൊച്ചി: മഹാരാജാസ് കോളജിൻ്റ പേരിൽ വ്യാജ അധ്യാപന പരിചയ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ കെ വിദ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. മഹാരാജാസ് പ്രിൻസിപ്പലിൻ്റെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത് അഗളി പോലീസിന് കൈമാറിയ കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അട്ടപ്പാടിയിലെ ഗവ.കോളജിൽ ലക്ചറർ തസ്തികയിലെ ജോലിക്ക് വേണ്ടിയാണ് വിദ്യ വ്യാജരേഖ സമർപ്പിച്ചത്.

വ്യാജരേഖ ചമച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും ജാമ്യാപേക്ഷയിൽ വിദ്യ ചൂണ്ടിക്കാട്ടി. കേസ് രാഷ്ട്രീയപ്രേരിതമാണ്, പ്രതി ചെറുപ്പമാണ്, അറസ്റ്റ് ചെയ്യുന്നത് ഭാവിയെ ബാധിക്കും തുടങ്ങിയ ന്യായങ്ങളാണ് വിദ്യ ഹരജിയിൽ പറഞ്ഞത്. ജാമ്യം കിട്ടാവുന്ന കുറ്റങ്ങളാണ് തനിക്കെതിരെ ഉളളതെന്ന് ഹരജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ രേഖയുപയോഗിച്ച് ആരെയും വഞ്ചിച്ചതായി പോലീസ് ആരോപിക്കുന്നില്ല. എന്തെങ്കിലും വ്യക്തിപരമായ നേട്ടം ഉണ്ടാക്കിയതായി പ്രോസിക്യൂഷൻ ആരോപണമില്ലെന്നും അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും ഹരജിയില്‍ പറയുന്നു.


അതേസമയം, നീലേശ്വരം കേസിൽ മുൻകൂ‍ർ ജാമ്യാപേക്ഷ തേടിയിട്ടില്ല. കേസില്‍ ഒളിവില്‍ കഴിയുന്ന വിദ്യയെ കണ്ടെത്താന്‍ അഗളി പോലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. വിദ്യയുടെ അടുത്ത സുഹ്യത്തുക്കളും അവരുടെ ഫോണും പോലീസ് നിരീക്ഷണത്തിലാണ്. അഗളി ഡിവൈ എസ് പി നാളെ മഹാരാജാസ് കോളേജിലെത്തി മലയാളം വകുപ്പ് അധ്യാപകരുടെയും പ്രിന്‍സിപ്പലിന്റെയും മൊഴി എടുക്കും.

അട്ടപ്പാടി ഗവ.കോളജ് പ്രിന്‍സിപ്പലിന്റെ മൊഴി നാളെ രേഖപ്പെടുത്തും. അഗളി പോലീസ് ഇന്നലെ കാസര്‍കോട്ടെ വിദ്യയുടെ വീട്ടില്‍ എത്തിയെങ്കിലും ആരെയും കാണാതെ മടങ്ങി. വ്യാജ രേഖയുടെ അസല്‍ ഇതുവരെ ലഭിച്ചിട്ടില്ല. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് വിദ്യക്കെതിരെ കേസെടുത്തത്. വിദ്യയുടെ പി എച്ച് ഡി പ്രവേശനം സംബന്ധിച്ച ആരോപണത്തില്‍ കാലടി സര്‍വകലാശാലയുടെ അന്വേഷണം നാളെ ആരംഭിച്ചേക്കും. സിന്‍ഡിക്കേറ്റ് ചുമതലപ്പെടുത്തിയ ഉപസമിതിയും സര്‍വകലാശാ ലീഗല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുമാണ് ഇത് സംബന്ധിച്ച അന്വേഷണം നടത്തുന്നത്.

2019ലാണ് വിദ്യ കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പി എച്ച് ഡി പ്രവേശനം നേടിയത്. സംവരണ തത്വങ്ങള്‍ അട്ടിമറിച്ചാണ് സീറ്റ് നല്‍കിയതെന്നാരോപിച്ച് അക്കാലയളവില്‍ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. മഹാരാജാസ് മുൻ വിദ്യാർഥിനിയായ വിദ്യ എസ് എഫ് ഐയുടെ സജീവ പ്രവർത്തകയായിരുന്നു.