ന്യൂഡല്‍ഹി: കര്‍ണാടകയില്‍ മുഖ്യമന്ത്രി ആരാകണമെന്നതു സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി അംഗം രണ്‍ദീപ് സിങ് സുര്‍ജേവാല. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഇതുവരെ തീരുമാനമായിട്ടില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വീടിനടുത്ത് മാധ്യമങ്ങളോട് സംസാരിക്കവേ സുര്‍ജേവാല പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിച്ചു കഴിഞ്ഞുവെന്നും മന്ത്രിസഭ ഇന്നു തന്നെ അധികാരമേല്‍ക്കുമെന്നുമുള്ള വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു.
‘തീരുമാനം ഇന്നോ നാളെയോ ഉണ്ടാകും. രണ്ട് ദിവസത്തിനകം മന്ത്രിസഭ അധികാരമേല്‍ക്കും. മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണ്. ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്. ഇതിനു പിന്നില്‍ ബി ജെ പിയാണ്.’- സുര്‍ജേവാല പറഞ്ഞു.ഖാര്‍ഗെയുടെ വീട്ടില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെ പുറത്തിറങ്ങി മാധ്യമങ്ങളെ വിളിച്ചു ചേര്‍ത്താണ് കോണ്‍ഗ്രസ് നേതാവ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്.


