കൊച്ചി: ജിഷാ വധക്കേസിലേയും ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെയും പ്രതികളുടെ മാനസികനിലയും സാമൂഹിക പശ്ചാത്തലവും പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പെരുമ്പാവൂര്‍ നിയമ വിദ്യാര്‍ഥിനി കൊലക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിന്റേയും ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ് പ്രതി നിനോ മാത്യുവിന്റേയും ജീവിത പശ്ചാത്തലം പരിശോധിക്കാനാണ് കോടതി നിര്‍ദേശിച്ചത്.ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്, ജസ്റ്റിസ് സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. പ്രതികളുടെ മാനസിക നില ഉള്‍പ്പടെയുള്ള മറ്റു പശ്ചാത്തലങ്ങള്‍ കൂടി പരിഗണിക്കണമെന്ന സുപ്രീം കോടതിയുടെ മാര്‍ഗ നിര്‍ദേശത്തിലാണ് ഉത്തരവ്.
ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്സിറ്റിയിലെ വിദഗ്ധരടങ്ങിയ പ്രൊജക്ട് 39 എന്ന സംഘടനയ്ക്കാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. പ്രതികളുടെ വധശിക്ഷ ഇളവ് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായാണ് വധശിക്ഷയ്ക്ക് വിധിച്ച പ്രതികളുടെ സാമൂഹിക പശ്ചാത്തലമടക്കം പരിശോധിക്കാന്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവുണ്ടാകുന്നത്. ഇരുവരുടെ സാമൂഹ്യപശ്ചാത്തലം കുറ്റകൃത്യത്തിലേക്ക് നയിച്ചോ എന്നുള്ളത് പരിശോധിക്കും.


