പാലക്കാട്: ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർക്കുനേരെ എംഎൽഎ മോശമായി പെരുമാറിയെന്ന് പരാതി. കോങ്ങാട് എംഎൽഎ കെ.ശാന്തകുമാരിയ്ക്കെതിരെയാണ് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ പരാതിപ്പെട്ടത്. ഇന്നലെ കാഷ്വാലിറ്റിയിൽ ഭർത്താവിന്റെ ചികിത്സയ്ക്കായി എത്തിയ സമയത്താണ് സംഭവം.
പനി ബാധിച്ച് ചികിത്സ തേടിയ ഭർത്താവിനൊപ്പം എംഎൽഎ ആശുപത്രിയിലെത്തി. കാഷ്വാലിറ്റി ഡോക്ടർമാർ കൈകൊണ്ട് തൊട്ടുനോക്കിയശേഷം മരുന്ന് കുറിച്ചുകൊടുത്തു. ഇതിനുപിന്നാലെ എന്തുകൊണ്ട് തെർമോ മീറ്റർ ഉപയോഗിച്ചില്ലെന്ന് ചോദിച്ച് എംഎൽഎ കയർത്തതായും നിങ്ങളുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെയൊക്കെ കിട്ടുന്നതെന്നും തങ്ങളെ ആക്ഷേപിച്ചതായാണ് ഡോക്ടർമാർ ആരോപിക്കുന്നത്. ഇതിന് പിന്നാലെ ഡോക്ടർമാർ പരാതി നൽകുകയായിരുന്നു.
എന്നാൽ താൻ ഡോക്ടർമാരോട് കയർത്ത് സംസാരിച്ചിട്ടില്ലെന്നും നിങ്ങളുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെ കിട്ടുന്നതെന്ന് പറഞ്ഞിട്ടില്ലെന്നും മര്യാദയ്ക്ക് പെരുമാറണമെന്നാണ് പറഞ്ഞതെന്നും കെ.ശാന്തകുമാരി എംഎൽഎ പ്രതികരിച്ചു. ഡിഎംഒയ്ക്കാണ് ഡോക്ടർമാർ പരാതിനൽകിയത്. അതേസമയം എംഎൽഎയുടെ ഭർത്താവിന് ചികിത്സ നൽകുന്നത് വൈകിയിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. എംഎൽഎയുടെ പെരുമാറ്റത്തിനെതിരെ കെജിഎംഒഎ ആരോഗ്യ മന്ത്രിയ്ക്ക് പരാതി നൽകി.


