ഇടുക്കി: ജില്ലയിലെ അതിർത്തി മേഖലയിൽ ജോലിചെയ്യുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രി എം എം മണി. നാടിനോട് കൂറില്ലാത്തവരാണ് വനംകുപ്പ് ഉദ്യോഗസ്ഥരെന്നും നികുതിപ്പണം കൊണ്ട് ശമ്പളം വാങ്ങി ഭക്ഷണം കഴിച്ച് വായിനോക്കി ഇരിക്കുന്നു എന്നുമായിരുന്നു വിമർശനം. ഇടുക്കിയിലെ കമ്പംമേട് സംയോജിത ചെക്ക് പോസ്റ്റ് ഉദ്ഘാടന വേദിയിലായിരുന്നു മണി ഉദ്യോഗസ്ഥർക്കെതിരെ ആഞ്ഞടിച്ചത്.
“നമ്മുടെ ആളുകളെല്ലാം ഉണ്ട്. റവന്യൂക്കാരും ഫോറസ്റ്റുകാരും പൊലീസും എല്ലാവരും ഉണ്ട്. അവിടെ അതിർത്തിയിൽ ഒരു കരിയില അനങ്ങിയെന്ന് കണ്ടാൽ തമിഴ്നാട്ടിലെ ഉദ്യോഗസ്ഥരെല്ലാം അന്നേരം ഇവിടെ വരും. ഇവിടത്തെ പൊലീസുകാരനടക്കം ഒരുത്തനും … തിരിഞ്ഞുനോക്കുകേല. ചിക്ളി മേടിക്കുന്നുണ്ട്. അതിർത്തിയിൽ എന്തേലും കിളകിളച്ചാൽ തമിഴ്നാട്ടിൽ നിന്ന് ഉദ്യോഗസ്ഥന്മാർ ഇവിടെ വരും. നമ്മുടെ ഉദ്യോഗസ്ഥർക്കുണ്ടല്ലോ യാതൊരു കൂറുമില്ലാത്ത ഒരു സൈസ് ആളുകള്. തമിഴ്നാട്ടിലെ റവന്യൂക്കാരും പൊലീസുകാരും ആ നാട്ടിനോട് കാണിക്കുന്ന കൂറ് ഇവിടത്തെ ഉദ്യോഗസ്ഥൻമാരും കാക്കിധാരികളും എല്ലാം ഒന്ന് കണ്ട്പഠിക്കുന്നത് നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. അനങ്ങിപ്പോയാൽ തമിഴ്നാട് ഉദ്യാേഗസ്ഥർ ഇവിടെ വരും. നമ്മുടെ വായിനോക്കികൾ ഇവിടെങ്ങുമില്ല. തമാശ പറയുകയല്ല. അത് ഈ ഇരിക്കുന്നവന്മാർക്കൊക്കെ ബാധകമായ കാര്യമാ ഞാൻ ഈ പറയുന്നത്. എനിക്ക് കുറേ നാളായി തോന്നിയ വികാരമാണ് ഞാൻ പറയുന്നത്. ചിക്ളിയും മേടിക്കുന്നുണ്ട്. തമിഴ്നാട്ടുകാരൻ അവരുടെ നാടിനോട് കാണിക്കുന്ന കൂറ് കാണിക്കാത്ത തട്ടിപ്പുകാരാണ് ഇവിടത്തെ മഹാഭൂരിപക്ഷം ഉദ്യോഗസ്ഥന്മാരും.
നിങ്ങളിത് കണ്ടുപഠിക്കേണ്ടതാ. അവർക്ക് ദക്ഷിണ വയ്ക്കണം. അവർ ഇങ്ങോട്ട് കയറിയാലും നമ്മുടെ ആൾക്കാർക്ക് പരാതി ഇല്ല. അതാ. അത്രവലിയ കൂറാ. നികുതിപ്പണം പിരിച്ച് ശമ്പളം മേടിച്ച് തിന്നുന്നവന്മാര്. എനിക്ക് കുറേ നാളായി തോന്നിയ ഒരു ചൊറിച്ചിലാ ഇത്. പണിചെയ്യാൻ പറ്റുന്നവരെ ജോലിക്ക് വയ്ക്കണം. ഈ നിലപാട് മാറ്റിയില്ലെങ്കിൽ ഇവിടെയിരിക്കുന്നവനെ എല്ലാം മാറ്റി പ്രതിഷ്ടിക്കണം. ഇവിടെങ്ങും വേണ്ട, കാസർകോട്ടോ വേറെങ്ങോട്ടെങ്കിലും വിടണം. എന്നിട്ട് വേറെ ആളെ വയ്ക്കണം.”- എംഎം മണി പറഞ്ഞു.

