Mon. Nov 23rd, 2026

കൊരട്ടിപ്പള്ളിയില്‍ കോടികളുടെ തട്ടിപ്പു നടത്തിയെന്ന് ആരോപണം നേരിടുന്ന പള്ളി വികാരി ഫാ. മാത്യൂ മണവാളനെ വീണ്ടും കാണാതായെന്ന് വിവാദം. പള്ളിയില്‍ ഒരു വിഭാഗം വിശ്വാസികളാണ് ആരോപണമുന്നയിച്ചത്. വ്യാഴാഴ്ച രാത്രിയോടെ ഫാ. മാത്യു പള്ളിയില്‍ നിന്നും മുന്നറിയിപ്പ് നല്‍കാതെ അപ്രത്യക്ഷനായെന്നാണ് വിശ്വാസികള്‍ ആരോപിക്കുന്നത്. ഇദ്ദേഹം എറണാകുളം ലിസി ആശുപത്രിയില്‍ പനിയെന്നു പറഞ്ഞു ചികിത്സയിലാണെന്നാണു വിവരം. പള്ളിയിലെ രണ്ടു വികാരിമാരെയും കാണാനില്ല. സി.എം.ഐ. സഭയിലെ രണ്ടു വൈദികരാണിപ്പോള്‍ കര്‍മങ്ങള്‍ നടത്തുന്നത്.

ഇതിനു പുറമേ, പള്ളിയുടെ പേരിലുണ്ടായിരുന്ന കോടികള്‍ വിലമതിക്കുന്ന സ്‌കൂള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് മറ്റൊരു പള്ളിവികാരിയും ഏകപക്ഷീയമായി എഴുതിക്കൊടുത്തെന്നും ആരോപണമുണ്ട്. ഇക്കാര്യം പള്ളിയിലെത്തിയ അന്വേഷണ കമ്മിഷനു മുന്നില്‍ മുന്‍ പാരിഷ് കൗണ്‍സിലറും ഓഡിറ്ററുമായിരുന്ന ഡെന്നി ജോസ് വെളിയത്ത് ഉന്നയിച്ചിരുന്നു. പൊതുയോഗത്തില്‍ അവതരിപ്പിച്ച് അനുമതി വാങ്ങാതെയായിരുന്നു നടപടിയെന്ന് അന്നത്തെ കൈക്കാരനും ചൂണ്ടിക്കാട്ടി. സ്‌കൂള്‍ സ്ഥിതിചെയ്ത സ്ഥലത്തിന് ആധാരമില്ലായിരുന്നെന്നും ഹൈക്കോടതിയില്‍ കേസ് നല്‍കിയാല്‍ തിരിച്ചു പിടിക്കാന്‍ കഴിയുമെന്നും വിശ്വാസികള്‍ ചൂണ്ടിക്കാട്ടി.

പള്ളിയില്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ മുന്‍പ് ഇവിടെ നിന്നും ഫാ.മാത്യു ഒളിവില്‍ പോയിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം സംഭവം വിവാദമായതോടെയാണ് അദ്ദേഹം തിരിച്ചെത്തിയത്.കഴിഞ്ഞ ദിവസം പള്ളിയില്‍ കണ്ടെത്തിയ ക്രമക്കേടുകളെക്കുറിച്ചന്വേഷിക്കാന്‍ എത്തിയ രൂപത കമ്മീഷന്‍ അംഗങ്ങളെ വിശ്വാസികള്‍ മണിക്കൂറുകളോളം തടഞ്ഞുവച്ചിരുന്നു. ഇതിന് ശേഷമാണ് ഫാ. മാത്യു പള്ളിയില്‍ നിന്നും സ്ഥലം വിട്ടതെന്നാണ് വിവരം.

വികാരിയെ കാണാതായതോടെ പള്ളി കമ്മറ്റിയംഗങ്ങള്‍ രൂപതയില്‍ അന്വേഷിച്ചെങ്കിലും ഫാ. മാത്യു എവിടെയാണെന്ന കാര്യത്തില്‍ കൃത്യമായ വിവരം ലഭിച്ചില്ല. ഇതിനിടെ ഫാ.മാത്യു മണവാളന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലുണ്ടെന്ന് ചിലര്‍ കണ്ടെത്തി. സഭയുടെ കീഴിലുള്ളതാണ് ആശുപത്രി.കൊരട്ടി പള്ളി വികാരി എന്ന നിലവിലെ വിലാസത്തിലല്ല ഇദ്ദേഹം ആശുപത്രിയിലെത്തിയതെന്നും വിശ്വാസികള്‍ പറയുന്നു.ഫാ.മാത്യു ഇക്കാര്യം പള്ളിക്കമ്മറ്റിക്കാരെ അറിയിക്കാതിരുന്നത് ദുരൂഹമാണെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.

കൊരട്ടിപ്പള്ളിയില്‍ നാലുകോടി രൂപയിലധികം വരുന്ന സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്തപ്പെട്ടവരുടെ നേതൃത്വത്തില്‍ പരിഹരിച്ച് സഭയ്ക്ക് കൂടുതല്‍ നാണക്കേട് ഉണ്ടാകുന്നതൊഴിവാക്കാനാണ് ഫാ.മാത്യൂ മണവാളനെ അനുകൂലിക്കുന്നവരുടെ നിലപാട്. എന്നാല്‍ വിശ്വാസികള്‍ ഈ വിഷയത്തില്‍ രണ്ടു തട്ടിലാണ്. സഭയുടെ വസ്തു ഇടപാടില്‍ മാര്‍ ആലഞ്ചേരിയിക്കെതിരെ നിലകൊണ്ടത് മാത്യൂ മണവാളനായിരുന്നു. മാര്‍ ആലഞ്ചേരി കൊരട്ടി പള്ളി വിഷയത്തില്‍ നിഷ്പക്ഷ നിലപാടുമായി മുന്നോട്ടുപോയാല്‍ ഫാ.മാത്യൂ മണവാളന്‍ ഊരാക്കുടുക്കില്‍ അകപ്പെടാനിടയുണ്ട്്.കൊരട്ടി മാതാവിന് ഭക്തര്‍ നല്കിയ സ്വര്‍ണ്ണ മാലയും വളയും കാണാതായതാണ് ഫാ.മാത്യൂവിനെ കുരുക്കിയത്. ഇതിന് വ്യക്തമായ മറുപടി നല്‍കാന്‍ കഴിയാത്തതു കൊണ്ടാണ് മണവാളന്‍ വീണ്ടും ഒളിവില്‍ പോയതെന്നാണ് ആരോപണം.

ഫാ. മാത്യു മണവാളനെ രക്ഷപെടുത്താന്‍ എടയന്ത്രത്തില്‍ പിതാവിന്റെ ഇടപെടലുണ്ടാകുമെന്നാണ് കരുതുന്നത്. സാമ്പത്തിക തട്ടിപ്പ് പുറത്ത് വന്നതിനെത്തുടര്‍ന്ന് വികാരി ഫാ.മാത്യൂസ് മണവാളന്‍ പള്ളിയില്‍ നിന്നും നേരെ പോയത് രൂപത ആസ്ഥാനത്തേയ്്ക്കായിരുന്നെന്നാണ് പരക്കെ ഉയര്‍ന്നിട്ടുള്ള പ്രചാരണം. സഭ ആസ്ഥാനത്ത് പത്ത് വര്‍ഷത്തോളം പൊക്യൂറേറ്ററായിരുന്നതാണ് ഫാ. മാത്യുവിനെ എടയന്ത്രത്തിന്റെ വിശ്വസ്തനാക്കിയതെന്നും പറയപ്പെടുന്നു.

ആദ്യ തവണ ഒളിവില്‍ പോയ വികാരി വീണ്ടും ഇടവകയില്‍ എത്തിയപ്പോള്‍ വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എല്ലാവരും തന്നെ ഒറ്റപ്പെടുത്തിയെന്നാണ് അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍ക്ക് മുമ്പില്‍ ഫാ. മാത്യു വെളിപ്പെടുത്തിയത്. കുര്‍ബാന മുടക്കുമെന്ന് അറിയച്ചത് വികാരപ്രകടനം മാത്രമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മറ്റു കാര്യങ്ങളെല്ലാം ആലോചിച്ച് ചെയ്യാമെന്നാണ് വികാരി പറഞ്ഞത്. ഇതിന് ശേഷമാണ് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ സജീവമാക്കിയത്.

അന്വേഷണ കമ്മീഷന്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ സ്വര്‍ണ വില്‍പ്പനയേക്കാള്‍ ഗൗരവതരമായ കാര്യങ്ങള്‍ കണ്ടെത്തിയെന്നും വിവരമുണ്ട്. ഇടവക സ്‌കൂളുകളിലെ നിയമനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും സ്ഥലം വില്‍പ്പനയെ കുറിച്ചുള്ള വിവരങ്ങളും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. പള്ളിയില്‍ പണം വാങ്ങി നിയമനം നടത്തിയിട്ടില്ലെന്ന് വാദിച്ച വികാരി അന്വേഷണ കമ്മീഷന്‍ മുമ്പാകെ പണം വാങ്ങിയെന്ന് സമ്മതിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടും സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും വ്യക്തമാണ്.

സ്‌കൂള്‍ അദ്ധ്യാപക നിയമനുമായി ബന്ധപ്പെട്ട് പരിശോധ നടത്തിയ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. 70 ലക്ഷം രൂപ പത്തു പേരുടെ കയ്യില്‍ നിന്നായി വാങ്ങിയിട്ടുണ്ടെന്നാണ്. ഇതില്‍ 67 ലക്ഷം രൂപ മാത്രമാണ് കണക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്ഥലക്കച്ചവടം ഒന്നു നടന്നില്ലെന്നാണ് ഇടവക ജനങ്ങളെ അറിയിച്ചെങ്കിലുംവഴിച്ചാല്‍ പള്ളിയുടെ പിറകു വശത്ത് 10 സെന്റ് സ്ഥലം 3,40,000 രൂപയക്കു വാങ്ങാന്‍ തീരുമാനിച്ചുവെന്ന് കമ്മിഷന്‍ കണ്ടെത്തി. സ്ഥലമിടപാടിനായി പണം വാങ്ങിയെന്നും ആരോപണമുണ്ട്. മുന്‍വികാരി ഒഴിവാക്കിയ സ്ഥലം പള്ളിക്കമ്മറ്റി വാങ്ങിയെന്നും ഇതിനു വേണ്ടിയാണ് കൊരട്ടി മുത്തിയുടെ പുരാതന സ്വര്‍ണം വില്‍ക്കാന്‍ തീരുമാനിച്ചതെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ട്.