Mon. Nov 23rd, 2026

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് ജാമ്യം ലഭിച്ചു. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. ശിക്ഷാവിധി അവിശ്വസനീയമാണ്, തനിക്ക് സുരക്ഷാ ഭീഷണിയുണ്ട് തുടങ്ങിയ വാദങ്ങളാണ് സല്‍മാന്‍ ഉന്നയിച്ചത്. ശാസ്ത്രീയ പരിശോധനകളിലെ വൈരുദ്ധ്യമാണ് സല്‍മാന് തുണയായത്. രണ്ട് കൃഷ്ണമൃഗങ്ങള്‍ ചത്തത് വെടികൊണ്ടല്ലെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്.

ഇരുപത് വര്‍ഷം നീണ്ട കേസില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് വിചാരണ കോടതി വിധി പറഞ്ഞത്. അഞ്ച് വര്‍ഷം തടവുശിക്ഷയും പതിനായിരം രൂപയുമാണ് വിചാരണ കോടതി സല്‍മാന് ശിക്ഷ വിധിച്ചത്. വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 9, സെക്ഷന്‍ 51 എന്നിവ പ്രകാരമാണ് സല്‍മാനെ ശിക്ഷിച്ചത്. സല്‍മാന്‍ ഒഴികെയുള്ള നാലു പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു. സെയ്ഫ് അലി ഖാന്‍, തബു, സൊണാലി ബിന്ദ്ര, നീലം കോത്താരി എന്നിവരെയാണ് വെറുതെ വിട്ടത്.

സല്‍മാനെ മാത്രം ശിക്ഷിച്ച് മറ്റ് പ്രതികളെ വെറുതെ വിട്ടതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. 1998ല്‍ ഹം സാഥ് സാഥ് ഹേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സല്‍മാന്‍ കേസില്‍പ്പെട്ടത്. കൃഷ്ണമൃഗത്തെ ദൈവമായി ആരാധിക്കുന്ന ബിഷ്‌ണോയി സമുദായക്കാരുടെ ഇടപെടലാണ് സല്‍മാനെ കുടുക്കിയത്. വൈകുന്നേരം ഏഴ് മണിയോടെ സല്‍മാന്‍ ഖാന്‍ പുറത്തിറങ്ങും. അതേസമയം ജാമ്യം അനുവദിച്ചതിനെതിരെ അപ്പീല്‍ പോകുമെന്ന് ബിഷ്‌ണോയ് സമുദായം വ്യക്തമാക്കി