കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസിൽ അഞ്ച് വർഷത്തെ തടവ് ലഭിച്ച ബോളിവുഡ് നടൻ സൽമാൻ ഖാന് ജാമ്യം അനുവദിച്ച ജോധ്പൂർ സെഷൻസ് കോടതിയുടെ വിധിക്കെതിരെ ബിഷ്ണോയ് സമുദായം അപ്പീൽ നൽകി. ഈ സാഹചര്യത്തിൽ മെയ് ഏഴിന് കോടതിയിൽ വീണ്ടും ഹാജരാവാൻ സൽമാന് നോട്ടീസ് അയച്ചിട്ടുണ്ട്
സൽമാന്റെ അഭിഭാഷകൻ ജോധ്പൂർ അഡിഷണൽ സെഷൻസ് കോടതിയിൽ അന്ന് തന്നെ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും അടുത്ത ദിവസമാണ് പരിഗണിച്ചത്. ഇന്നലെ വാദം പൂർത്തിയാക്കിയ കോടതി കേസ് വിധി പറയുന്നതിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. രാവിലെ പതിനഞ്ചാമത്തെ കേസായാണ് സൽമാന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. തുടർന്ന് ഉച്ചയ്ക്ക് ശേഷം വിധി പ്രഖ്യാപിക്കുമെന്ന് ജഡ്ജി രവീന്ദ്ര കുമാർ ജോഷി അറിയിക്കുകയായിരുന്നു. അതിനിടെ ജോഷിയെ അടക്കം 87 ജഡ്ജിമാരെ ഹൈക്കോടതി സ്ഥലം മാറ്റിയിട്ടുണ്ട്.
ജാമ്യത്തുകയായി 50,000 രൂപയും 25,000 രൂപയുടെ രണ്ട് ആൾജാമ്യം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് വ്യാഴാഴ്ച മുതൽ ജോധ്പൂർ സെൻട്രൽ ജയിലിൽ ആയിരുന്നു സൽമാൻ.
കൃഷ്ണമൃഗവും ബിഷ്ണോയ് സമുദായവും
ഈ കേസിൽ സൽമാനെ ഒരിക്കൽ ശിക്ഷിക്കുകയും പിന്നീട് കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.20 വർഷമായി സൽമാൻ ഖാനെ പോലൊരു സെലിബ്രിറ്റി മെഗാ സ്റ്റാറിനെ വിടാതെ പിന്തുടർന്ന് ശിക്ഷ വാങ്ങി കൊടുത്തതിന് പിന്നിൽ പ്രകൃതി സ്നേഹികളായ ഒരു കൂട്ടം മനുഷ്യരുടെ ഇച്ഛാശക്തിയാണ്. അവരുടെ നിഷ്ക്കളങ്കമായ മൃഗസ്നേഹമാണ്.
1998 ൽ രാജസ്ഥാനിലെ ജോധ്പൂരിൽ “ഹം സാത് സാത് ഹെ ” എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് ഈ സംഭവം നടക്കുന്നത്. ഷൂട്ടിങ്ങിനിടയിൽ സൽമാനും കൂട്ടരും ഒരു ജിപ്സിയിൽ കറങ്ങാനിറങ്ങി. ജോധ്പൂരിലെ ബിഷ്ണോയ് ഗ്രാമത്തിൽ വച്ച് ഒരു കൃഷ്ണമൃഗത്തെ ( blackback) ജിപ്സിയിൽ സഞ്ചരിച്ച് സൽമാൻ ഖാൻ വെടിവെച്ചിട്ടു. വെടിയൊച്ച കേട്ട് പൂനംചന്ദ് ബിഷ്ണോയ് എന്ന ഒരു യുവാവ് അവിടേക്ക് ഓടിയെത്തി . മരിച്ചു കിടക്കുന്ന മാനിനെ അദ്ദേഹം കണ്ടു. അയാൾ നോക്കി നിൽക്കേ ജിപ്സിയുടെ ഡ്രൈവർ സീറ്റിലിരുന്ന സൽമാൻ ഒരു മാനിനെക്കൂടി വെടിവെച്ചിട്ടു. പൂനം ചന്ദ് ബഹളം വെച്ചതോടെ സൽമാനും കൂട്ടരും മുങ്ങി. നിസ്സഹായയായ ഒരു മൃഗത്തെ വെടിവെച്ച് ഉല്ലസിച്ച സൽമാനും കൂട്ടരും വണ്ടിയോടിച്ച് പോകുന്നത് ആ യുവാവ് നോക്കി നിന്നു.
എന്നാൽ പൂനം ചന്ദ് വെറുതെയിരുന്നില്ല. ‘ബിഷ്ണോയ് ‘ എന്ന ജാതിയിൽപ്പെട്ട ആളായിരുന്നു പൂനം ചന്ദ്. 15 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ‘ജംബേശ്വർ ‘ എന്ന ഗുരുവിന്റെ പിൻതുടർച്ചക്കാരാണ് ബിഷ്ണോയികൾ. അദ്ദേഹം ആഹ്വാനം ചെയ്ത 29 തത്വങ്ങളുടെ അടിസ്ഥാനത്തിൽ നിലനിൽക്കുന്ന ജാതി വിഭാഗമാണ് ഇവർ. ജീവിതത്തിൽ ഒരിക്കലും ഒരു മരം പോലും മുറിക്കരുത്, മറ്റുള്ളവർ ഉപേക്ഷിക്കുന്ന മൃഗങ്ങളെ പോലും സംരക്ഷിക്കണം, സസ്യാഹാരം മാത്രം ശീലമാക്കുക, ശുദ്ധജലം മാത്രം കുടിക്കുക തുടങ്ങിയ 29 കല്പനകൾ ഇവർ ഇന്നും പിന്തുടരുന്നു. ഒരു മരം സംരക്ഷിക്കാൻ 17ാം നൂറ്റാണ്ടിൽ മുന്നൂറിലധികം ബിഷ്ണോയ് സമാജക്കാർ ജീവൻ വെടിഞ്ഞതായി ചരിത്രം പറയുന്നു (ചിപ്കോ മൂവ്മന്റ് ). കൃഷ്ണമൃഗത്തിന്റെ സംരക്ഷണം ഇവരുടെ വിശ്വാസവുമായി ബന്ധപ്പെട്ടതാണ്.
വാഹനത്തിന്റെ നമ്പരും സംഭവത്തിൽ ഉൾപ്പെട്ട ആളുകളുടെ പേരും ചേർത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് പൂനം ചന്ദ് പരാതിപ്പെട്ടു.ബിഷ്ണോയി സമാജം സൽമാൻ ഖാനെതിരെ കേസ് ഫയൽ ചെയ്തു. വന്യമൃഗസംരക്ഷണ നിയമപ്രകാരം
ബിഷ്ണോയി സമാജം സൽമാൻ ഖാനെതിരെ കേസ് ഫയൽ ചെയ്തു. വന്യമൃഗസംരക്ഷണ നിയമപ്രകാരം കൃഷ്ണമൃഗത്തെ വേട്ടയാടുന്നത് കുറ്റകരമാണ്. പുരാതനമായ ഒരു ജനസമൂഹത്തിന്റെ വിശ്വാസത്തെ വ്രണപ്പെടുത്തി എന്നും കോടതി വിലയിരുത്തി.കോടിക്കണക്കിന് പണവും പാരിതോഷികങ്ങളും വാഗ്ദാനം ചെയ്തിട്ടും ഭീഷണിപ്പെടുത്തിയിട്ടും പൂനം ചന്ദോ ബിഷ്ണോയ് സമാജമോ കേസിൽ നിന്നും ഒരു തരിമ്പും പിന്നോട്ടു പോയില്ല.20 വർഷം നീണ്ടുനിന്ന കേസിൽ സൽമാൻ ശിക്ഷിക്കപ്പെടുകയും ചെയ്തു.
20 വർഷം മുമ്പ് കോടതിയിൽ പറഞ്ഞ മൊഴിയിൽ ഇപ്പോഴും ഉറച്ചു നിൽക്കാനെന്താണ് കാര്യം എന്ന ചോദ്യത്തിന് പൂനം ചന്ദിന്റെ മറുപടി, ” അയാൾ വെടി വെക്കുന്നത് ഞാൻ കണ്ടതാണ്.വെടിയേറ്റ് ആ മൃഗം വീഴുന്നത്ത് എന്റെ കണ്ണിൽ ഇപ്പോഴുമുണ്ട്.അയാൾ അത് ചെയ്യാൻ പാടില്ലായിരുന്നു. ഈ ഭൂമി എല്ലാവർക്കുമുള്ളതാണ്. എല്ലാവരും തുല്യ അവകാശികൾ.”