✍️ സി.ആർ.സുരേഷ്
ലോക ചലച്ചിത്രചരിത്രത്തിൽ ഇന്ത്യയുടെ സ്ഥാനം സുവർണദൃശ്യങ്ങളിൽ രേഖപ്പെടുത്തിയ ചലച്ചിത്രകാരനാണ് സത്യജിത് റായ് (1921 – 1992). ഇന്ത്യൻ യാഥാർത്ഥ്യങ്ങൾക്ക് കലാപരമായ ആവിഷ്ക്കാരങ്ങൾ നല്കി ലോക പ്രേക്ഷകർക്ക് മുന്നിൽ കാഴ്ചയുടെ ഉത്സവം തീർത്ത മഹാനായിരുന്നു. യാഥാതഥ്യം, മാനുഷികത, കാവ്യാത്മകത, ഭാരതീയത്വം എന്നിവയാണ് റായ് ചിത്രങ്ങളുടെ മുഖമുദ്ര. കച്ചവട സിനിമയുടെ ആർഭാടങ്ങൾക്കും മനംമയക്കുന്ന ഭ്രാമാത്മകതയ്ക്കും സമാന്തരമായി കലാപമായി ചലച്ചിത്രപ്രവർത്തനം ആരംഭിച്ച് സിനിമയ്ക്ക് പുതിയൊരു വ്യാകരണം നല്കി.
ഇന്ത്യൻ സിനിമയെ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയർത്തി. സംവിധായകൻ, നിർമാതാവ്, തിരക്കഥാകൃത്ത്, സംഗീത സംവിധായകൻ, സാഹിത്യകാരൻ, ചിത്രകാരൻ, ഗ്രാഫിക് ഡിസൈനർ, നടീനടന്മാരെ തെരഞ്ഞെടുക്കൽ, പശ്ചാത്തലസംഗീതം, ഛായാഗ്രഹണം, കലാസംവിധാനം, ചിത്രസംയോജനം എന്നീ മേഖലകളിൽ ലോക സിനിമയിലെ പ്രകാശഗോപുരമായി നിലകൊണ്ടു.
കൊൽക്കത്തയിൽ ജനനം. 1939-ൽ ബിരുദം നേടി. 1940-ൽ ടാഗോറിന്റെ ശാന്തിനികേതനിൽ ചിത്രകലാ വിദ്യാർത്ഥിയായി. 1943-ൽ കൊൽക്കത്തയിൽ പ്രവർത്തിച്ചിരുന്ന ബ്രിട്ടീഷ് പരസ്യക്കമ്പനിയായ ഡി.ജെ. കെയ്മറിൽ ജൂനിയർ വിഷ്വലൈസറായി. പരസ്യ രൂപകല്പനയിൽ വ്യക്തിമുദ്ര പതിപ്പിച്ചത് ഈ കമ്പനിയിലാണ്.
1947-ൽ ബാൻസി ചന്ദ്രഗുപ്ത, ചിദാനന്ദദാസ് ഗുപ്ത തുടങ്ങിയ സുഹൃത്തുക്കളുമായി ചേർന്ന് കൊൽക്കത്തയിലെ ആദ്യ ഫിലിം സൊസൈറ്റി സ്ഥാപിച്ചു. 1955 ൽ, ഇന്ത്യൻ സിനിമയുടെ ചരിത്രം രേഖപ്പെടുത്തിയ ആദ്യചിത്രമായ ‘പാഥേർ പാഞ്ചാലി’യിലൂടെതന്നെ വിശ്വചലച്ചിത്രകാരന്മാർക്കൊപ്പം പരിഗണിക്കപ്പെട്ടു. ഏറ്റവും നല്ല മനുഷ്യകഥയെന്ന് കാൻ ചലച്ചിത്രോത്സവത്തിൽ പ്രകീർത്തിക്കപ്പെട്ട ഈ ചിത്രം നിരവധി ദേശീയ – അന്തർദേശീയ പുരസ്കാരങ്ങൾ നേടി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുപ്പത്തഞ്ചലധികം പുരസ്കാരങ്ങൾ ലഭിച്ചു. ബിഭൂതിഭൂഷൺ ബന്ദോപധ്യായയുടെ പാഥേർ പാഞ്ചലി എന്ന നോവലായിരുന്നു റായ് തന്റെ സിനിമക്കായി തെരഞ്ഞെടുത്തത്. പഥേർ പാഞ്ചാലി, അപരാജിതോ, അപുർ സൻസാർ എന്നീ തുടർചിത്രങ്ങൾ അപുത്രയം എന്ന പേരിൽ അറിയപ്പെടുന്നു.
പരസ്പർ, ജല്സാ ഘർ, ദേവി, തീൻകന്യ, കാഞ്ചൻജംഗ, ചാരുലത, കപുരുഷ് – ഒ- മഹാപുരുഷ്, നായക്, ചിഡിയ ഖർ, സീമാബദ്ധ, സോനാർകെല്ല, ജന ആരണ്യ, സദ്ഗതി, ഗണശത്രു, അഗാന്തുക്, രവീന്ദ്രനാഥടാഗോർ, സിക്കിം, ദ ഇന്നർ ഐ, ബാല തുടങ്ങി ചലച്ചിത്രങ്ങൾ, ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ എന്നിവ ഉൾപ്പെടെ 37 ചിത്രങ്ങൾ സംവിധാനം ചെയ്തു.
1961-ൽ മുത്തച്ഛൻ നടത്തിയിരുന്ന ബാലമാസിക ‘സന്ദേശ്’ പുനരുജ്ജീവിപ്പിച്ചു. അതിൽ ധാരാളം കഥകളും പര്യങ്ങളും രേഖാചിത്രങ്ങളും രചിച്ചു. കൗമാരക്കാരായ കുട്ടികൾക്കു വേണ്ടി രചിച്ച കുറ്റാന്വേഷണ കഥകളും നോവലുകളും പ്രസിദ്ധമാണ്. നിരവധി ചെറുകഥകളും നോവലുകളും ബംഗാളി സാഹിത്യത്തിന് സംഭാവന ചെയ്തു. കാൻ, ബർലിൻ, വെനീസ് തുടങ്ങിയ പ്രമുഖ ചലചിത്രമേളകളിലുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുപ്പത്തഞ്ചിലധികം പുരസ്കാരങ്ങൾ ലഭിച്ചു.
1978-ൽ ചാർലി ചാപ്ലിൻ, ബർഗ്മാൻ എന്നിവരോടൊപ്പം ലോകത്തിലെ മൂന്ന് അതുല്യ ചലച്ചിത്ര പ്രതിഭകളിലൊരാളായി ബർലിൻ ചലച്ചിത്രോത്സവത്തിൽ ആദരിക്കപ്പെട്ടു. ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി 1978-ൽ ഡോക്ടറേറ്റ് നല്കി. (യൂണിവേഴ്സിറ്റി ചലച്ചിത്രത്തിന് ഇതിനു മുൻപ് ചാർളി ചാപ്ലിനു മാത്രം ഡോക്ടറേറ്റ്). 1988-ൽ ഫ്രഞ്ച് ലീജിയൺ ഓഫ് ഓണർ പുരസ്കാരം ലഭിച്ചു.
സത്യജിത്റായിയുടെ മുഴുവൻ ചലച്ചിത്രസംഭാവനകളെയും മുൻനിർത്തി 1992 മാർച്ച് 30-ന് ഓണററി ഓസ്കാർ അവാർഡ് സമ്മാനിച്ചു. ഇതേമാസം തന്നെ അദ്ദേഹത്തിന് ഇന്ത്യാ സർക്കാർ ഭാരതരത്നം ബഹുമതി പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഏറ്റവും ഉന്നത വ്യക്തിഗത ബഹുമതികളായ പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ, ഭാരതരത്ന എന്നിവ നാലും നേടുന്ന ആദ്യത്തെയാളാണ്. മഗ്സസെ, പരമോന്നത പുരസ്കാരമായ ദാദാസാഹേബ് ഫാൽക്കെ എന്നിവയും ലഭിച്ചു.
ശ്രദ്ധേയനായ എഴുത്തുകാരനും ചിത്രകാരനും വയലിനിസ്റ്റും സംഗീത സംവിധായകനുമായിരുന്നു മുത്തച്ഛൻ ഉപേന്ദ്ര കിഷോർ. ഇന്ത്യയിൽ ഹാഫ്ടോൺ ബ്ലോക്കുകൾ നിർമ്മിച്ച ആദ്യ പഥികരിലൊരാളായ അദ്ദേഹം സ്ഥാപിച്ച ‘ഉപേന്ദ്ര റായ് ആൻഡ് സൺസ്’ ഇന്ത്യയിലെ മികച്ച പ്രസ്സുകളിൽ ഒന്നായിരുന്നു. പ്രമുഖ എഴുത്തുകാരനും ചിത്രകാരനുമായിരുന്നു പിതാവ് സുകുമാർ റായി.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ : 9447975913, 6235729908


