Mon. Nov 23rd, 2026

വ്യാജവാര്‍ത്തയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കുന്ന വിവാദ കേന്ദ്ര വ്യവസ്ഥ പിന്‍വലിക്കുന്നു. വ്യവസ്ഥ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍ദേശം നല്‍കി. മാധ്യമ നിയന്ത്രണം സംബന്ധിച്ച തീരുമാനം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരിധിയില്‍ വരുന്ന വിഷയമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

വ്യാജവാര്‍ത്തയുടെ പേരില്‍ മാധ്യമ പ്രവര്‍ത്തനത്തിന് വിലക്ക് ഏര്‍പ്പെടുത്താനുള്ള കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കേന്ദ്രസര്‍ക്കാരിനെ ദോഷമായി ബാധിക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത് തടയാനുള്ള നീക്കമാണിതെന്നും വിമര്‍ശനം ഉയര്‍ന്നു. പ്രതിഷേധം രൂക്ഷമായതോടെ പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടുകയായിരുന്നു.

മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് ജനാധിപത്യത്തെ ഹനിക്കുന്നതിന് തുല്യമാണെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത് പ്രരികരിച്ചിരുന്നു. സര്‍ക്കാര്‍ അനുകൂല വാര്‍ത്തകള്‍ മാത്രമായിരിക്കും ഇനി ലഭിക്കുക. രാജ്യം സ്വതന്ത്ര മാധ്യമ ധര്‍മ്മത്തില്‍ വിശ്വസിക്കുന്നു. അത് തുടരുക തന്നെ വേണമെന്നും കേന്ദ്ര മാര്‍ഗരേഖയെ കുറിച്ച് ഷീല ദീക്ഷിത് പ്രതികരിച്ചു.

മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ നിയമാവലി ഭേദഗതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗരേഖ നല്‍കിയത്. വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്‌തെന്ന് തെളിഞ്ഞാല്‍ ആദ്യമായാണെങ്കില്‍ ആറുമാസത്തേക്ക് അക്രഡിറ്റേഷന്‍ റദ്ദാക്കും. രണ്ടാം തവണയും കുറ്റം ആവര്‍ത്തിച്ചാല്‍ ഒരു വര്‍ഷത്തേക്കും മൂന്നാം തവണയാണെങ്കില്‍ സ്ഥിരമായും അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്ന് വാര്‍ത്താ വിനിമയ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു.

വലിയ ഭീഷണിയുയര്‍ത്തുന്ന തരത്തിലുള്ള ഉള്ളടക്കം അടങ്ങിയ വ്യാജ വാര്‍ത്തകള്‍ രൂപീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷനാണ് സ്ഥിരമായി റദ്ദാക്കുകയെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വ്യാജവാര്‍ത്തകളെ കുറിച്ചുള്ള പരാതി പത്രങ്ങളെ സംബന്ധിച്ചാണെങ്കില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഇലക്‌ട്രോണിക് മാധ്യമങ്ങളെ സംബന്ധിച്ചാണ് പരാതിയെങ്കില്‍ ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷനും പരിശോധിക്കും. 15 ദിവസത്തിനുള്ളില്‍ പരാതി പരിശാധിച്ച് വാര്‍ത്തകള്‍ വ്യാജമാണോ അല്ലയോ എന്ന് ഈ ഏജന്‍സികള്‍ തീരുമാനമെടുക്കണം.

പരാതി രജിസ്റ്റര്‍ ചെയ്യുന്ന നിമിഷം മുതല്‍ വ്യാജ വാര്‍ത്താ പ്രചരിപ്പിച്ചുവെന്ന ആരോപണവിധേയന്റെ അക്രഡിറ്റേഷന്‍, വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും വരെ സസ്പന്റെ് ചെയ്യുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ അക്രഡിറ്റേഷന്‍ കമ്മിറ്റിയില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും ന്യുസ് ബ്രോഡ്കാസ്റ്റിങ്ങ് അസോസിയേഷന്റെയും പ്രതിനിധികളും ഉണ്ടാകും. അക്രഡിറ്റേഷന്‍ അപേക്ഷ നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍ മാധ്യമ ധര്‍മം പാലിക്കുന്നവരാണോ എന്ന കാര്യം പരിശോധിച്ച ശേഷം മാത്രമേ അക്രഡിറ്റേഷന്‍ അനുവദിക്കുകയുള്ളൂവെന്നും മാര്‍ഗരേഖയില്‍ പറഞ്ഞിരുന്നു.