കോഴിക്കോട്: താമരശേരിയിൽ നിന്ന് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയെ വടകര റൂറൽ എസ്.പി ഓഫീസിലെത്തിച്ചു. ഡി.ഐ.ജി പുട്ട വിമലാദിത്യ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ എസ്,പി ഓഫീസിൽ എത്തിയിട്ടുണ്ട്. വടകരയിലെ റൂറൽ ആസ്ഥാനത്തെത്തിച്ച ശേഷമായിരിക്കും ഷാഫിയെ താമരശേരിയിലേക്ക് കൊണ്ടുവരിക. തട്ടിക്കൊണ്ടുപോയി 11-ാം ദിവസമാണ് ഷാഫിയെ കണ്ടെത്തിയത്.
അതേസമയം കർണാടകയിൽ നിന്ന് ഷാഫിയെ കണ്ടെത്തിയത് എന്നാണ് പൊലീസ് ആദ്യം നൽകിയ വിവരമെങ്കിലും ഇക്കാര്യത്തിൽ അവ്യക്തത തുടരുകയാണ്. ഷാഫിയെ ക്വട്ടേഷൻ സംഘം മൈസുരിൽ ഇറക്കിവിട്ടുവെന്നും അവിടെ നിന്ന് ബസിൽ ഇന്ന് ഉച്ചയോടെ ഷാഫി താമരശേരിയിലെ വീട്ടിലെത്തി എന്നും റിപ്പോർട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി ഷാഫിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നാണ് വിവരം.
ഏപ്രിൽ ഏഴിനാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയത്. രാത്രി ആയുധങ്ങളുമായി വീട്ടിലെത്തിയ സംഘം ഷാഫിയെയും ഭാര്യയെും കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. ഭാര്യയെ അന്നുരാത്രി റോഡിൽ ഇറക്കിവിട്ടിരുന്നു. ആരാണ് തട്ടിക്കൊണ്ടുപോയത് എന്നാകാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഷാഫിയെ ചോദ്യം ചെയ്ത് ഇക്കാര്യം പുറത്തുകൊണ്ടു വരാനുള്ള ശ്രമത്തിലാണ് പൊലീസ്. ഷാഫിക്കായുള്ള അന്വേഷണം നടക്കുന്നതിനിടെ ഇയാളുടെ വീഡിയോ സന്ദേശങ്ങൾ പുറത്തുവന്നിരുന്നു. സൗദി രാജകുടുംബത്തിൽ നിന്ന് കവർച്ച ചെയ്ത 325 കിലോ സ്വർണത്തിന്റെ വിഹിതം ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടുപോയതെന്നാണ് ഷാഫി വീിഡിയോയിൽ പറഞ്ഞിരുന്നത്.


